ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളെ അറിയാം; ചെറിയ ബജറ്റിലും നിയമോപദേശം തേടാം

പരമ്പരാഗത നിയമ മേഖലയെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയും അതിലെ ചില വിടവുകള്‍ നികത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം
ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളെ അറിയാം; ചെറിയ ബജറ്റിലും നിയമോപദേശം തേടാം
Published on

ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പ് (legal-tech startups) അഥവാ നിയമ സാങ്കേതികവിദ്യ സംരംഭം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ. അതിനെ കുറിച്ച് പറയുന്നതിന് മുന്‍പ് എന്താണ് നിയമസാങ്കേതികവിദ്യ (legal- technology) എന്നറിയണം. സോഫ്റ്റ്‌വെയറിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെ നിയമപരമായ സേവനങ്ങള്‍ നല്‍കുന്നതിനെയാണ് നിയമ സാങ്കേതികവിദ്യ എന്ന് പറയുന്നത്. വളര്‍ന്നുവരുന്ന അഭിഭാഷകരെയും വിദ്യാര്‍ത്ഥികളെയും നിയമമേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മറ്റ് ആളുകളെയും ജനങ്ങളെയും ഇത് സഹായിക്കുന്നു.

അറിയാം ഈ സ്റ്റാര്‍ട്ടപ്പിനെ

അഭിഭാഷകരെയും നിയമവിദ്യാര്‍ത്ഥികളയെും മാത്രമാണോ ഈ നിയമസാങ്കേതികവിദ്യ സഹായിക്കുന്നത്. ഒരിക്കലുമല്ല, നിയമസാങ്കേതികവിദ്യ നിയമമേഖലയെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന വിവിധ കമ്പനികളെയും സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ നിയമ സഹായം സാങ്കേതികവിദ്യ ഉപയോഗിച്ച് നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളാണ് ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍.  പരമ്പരാഗത നിയമ മേഖലയെ മികച്ച രീതിയില്‍ പ്രവര്‍ത്തിപ്പിക്കുകയും അതിലെ ചില വിടവുകള്‍ നികത്തുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ശരിയായി നയിക്കും

നിയമസാങ്കേതികവിദ്യ വൈവിധ്യമാര്‍ന്നതും വളരെ വ്യാപ്തിയുള്ളതുമാണ്. ലോകമെമ്പാടുമുള്ള നിയമ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിന് ഈ വ്യവസായത്തില്‍ വിവിധ ആശയങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിയമ സാങ്കേതിക കമ്പനികളെ ശരിയായ മാര്‍ഗനിര്‍ദേം നല്‍കാന്‍ സഹായിക്കുന്ന ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സോഫ്റ്റ്വെയറാണ് ലീഗല്‍ ഇന്‍കുബേറ്റര്‍. ഇത് ഒരു നിയമ സ്ഥാപനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനും നിയമപരമായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

നിയമ സഹായങ്ങളേറെ

ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിരവധി സഹായങ്ങളാണ് നമുക്ക് നല്‍കുന്നത്. ഓണ്‍ലൈന്‍ തര്‍ക്ക പരിഹാരം, ഇ-സിഗ്നേച്ചര്‍, നിയമ ഗവേഷണവും വിശകലനവും, കരാറുകള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യുന്നത്, അഭിഭാഷകരെ ഓണ്‍ലൈനില്‍ കണ്ടെത്തുന്നത്, ബൗദ്ധിക സ്വത്തവകാശം കൈകാര്യം ചെയ്യുന്നത് എന്നിങ്ങനെ നീളുന്നു ഇതിന്റെ ലിസ്റ്റ്.

ഓണ്‍ലൈന്‍ തര്‍ക്ക പരിഹാരം

ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഓണ്‍ലൈന്‍ തര്‍ക്ക സംവിധാനത്തിന് സഹായിക്കുന്നുണ്ട്. ഇതിനകം തന്നെ വന്‍തോതില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ കോടതികളില്‍ ഉണ്ടാക്കുന്ന ഭാരം ഇത് കുറയ്ക്കുന്നു. തര്‍ക്ക പരിഹാരത്തിന് വ്യക്തികള്‍ക്ക് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു, കാരണം അവരുടെ തര്‍ക്കങ്ങള്‍ ഫലപ്രദമായി പരിഹരിക്കപ്പെടുന്നു. സിവില്‍, വാണിജ്യ, നിയമപരമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇത് ജനങ്ങളെ സഹായിക്കുന്നു.

ഇ-സിഗ്നേച്ചര്‍

ഇന്ന് എല്ലാം ഓണ്‍ലൈനായതിനാല്‍, ഡോക്യുമെന്റുകള്‍ പരിശോധിക്കുന്ന പ്രക്രിയ വളരെ എളുപ്പമാക്കി. നിയമ സാങ്കേതിക വിപണിയിലും ഇതിന്റെ സ്വാധീനമുണ്ട്. അതുകൊണ്ടു തന്നെ നിയമ വിദഗ്ധര്‍ വിവിധ പേപ്പര്‍വര്‍ക്കുകളിലും രേഖകളിലും ഫിസിക്കലായി ഒപ്പിടുകയോ പരിശോധിക്കുകയോ ചെയ്യേണ്ടതില്ല. ഇ-സിഗ്‌നേച്ചര്‍ പ്ലാറ്റ്ഫോമുകള്‍ ക്ലയന്റുകളെ അവരുടെ രേഖകള്‍ പൂരിപ്പിക്കാനും സ്വയം സാക്ഷ്യപ്പെടുത്താനും പരിശോധിച്ചുറപ്പിക്കാനും എല്ലാം ഓണ്‍ലൈനായി അയയ്ക്കാനും അനുവദിക്കുന്നു.

നിയമ ഗവേഷണവും വിശകലനവും

ഒരു നിയമമെടുത്താല്‍ തന്നെ വകുപ്പുകളും ഉപവകുപ്പുകളുമായി ഒരുപാട് കാര്യങ്ങള്‍ നിങ്ങള്‍ക്ക് പഠിക്കേണ്ടതുണ്ടാകും. വിവിധ ഇന്ത്യന്‍ ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ന് ലോകമെമ്പാടുമുള്ള നിയമപരമായ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇതുമൂലം നിയമ ഗവേഷണം പരമ്പരാഗത ഗവേഷണ പ്രക്രിയയില്‍ നിന്ന് വളരെ വ്യത്യസ്തമായി ലളിതമായി മാറിയിരിക്കുന്നു.

കരാറുകള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യുക

ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ കരാറുകള്‍ ഓണ്‍ലൈനായി കൈകാര്യം ചെയ്യാന്‍ നിയമ പ്രാക്ടീഷണര്‍മാരെ സഹായിക്കുന്നു. ഒരു കരാര്‍ തയ്യാറാക്കുന്നതിനുള്ള മാനുവല്‍ പ്രക്രിയ വളരെ മടുപ്പിക്കുന്നതും സമയമെടുക്കുന്നതുമാണ്. ഈ കമ്പനികള്‍ അഭിഭാഷകരെയും നിയമ സ്ഥാപനങ്ങളെയും അവരുടെ കരാറുകള്‍ ഓണ്‍ലൈനായി ഡ്രാഫ്റ്റ് ചെയ്യാനും അയയ്ക്കാനും സഹായിക്കുന്നു.

അഭിഭാഷകരെ ഓണ്‍ലൈനില്‍ കണ്ടെത്താം

ഇന്ത്യയില്‍ നിയമസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇത്തരം ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഒരു ഉപഭോക്താവിന് അവരുടെ അഭിഭാഷകരെ ഓണ്‍ലൈനില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു വിപണികൂടിയാണ്. ജനങ്ങള്‍ക്ക് അവരുടെ ബജറ്റിലും സ്വന്തം ഇഷ്ടപ്രകാരവും അഭിഭാഷകരില്‍ നിന്ന് നിയമോപദേശം തേടാം. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലായി കൈകാര്യം ചെയ്യുന്നതിനായി ഇത് സഹായിക്കുന്നു.

ബൗദ്ധിക സ്വത്തവകാശം കൈകാര്യം ചെയ്യുന്നു

ബൗദ്ധിക സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് അപകടകരമായ ഒരു ജോലിയാണ. പക്ഷേ ഇത്തരം ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഈ ജോലി എളുപ്പമാക്കി. ഉപയോഭാക്കള്‍ക്ക് അവരുടെ ഐപി ഡോക്യുമെന്റുകളും ഡാറ്റയും ഒരു ഏകീകൃത സംവിധാനത്തിലൂടെ ഓണ്‍ലൈനില്‍ ഇന്ന് നിയന്ത്രിക്കാനാകും. ഇതിലൂടെ, ആളുകള്‍ അവരുടെ ഐപി രേഖകള്‍ തെറ്റായി സ്ഥാപിക്കാനുള്ള സാധ്യത കുറവാണ്.

വിപണിക്ക് സഹായം

ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിയമപരമായ പരിഹാരങ്ങള്‍ വേഗത്തിലാക്കുന്നു. കൂടാതെ അഭിഭാഷകരുടെ സമയം ലാഭിക്കുന്നതിനും അവരുടെ ജോലിഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും ഈ സ്റ്റാര്‍ട്ടപ്പുകള്‍ വേഗമേറിയതും ഫലപ്രദവും വിശ്വസനീയവുമായ നിയമ പരിഹാരങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരത്തില്‍ വിവിധ സഹായങ്ങള്‍ ഉറപ്പാക്കുന്ന ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വിപണി ഇന്ന് നിയമ വ്യവസായത്തിലെ ഒരു പ്രധാന കാര്യമായി മാറിയിരിക്കുകയാണ്.

2011 മുതല്‍ ഇന്ത്യയുടെ നിയമ സാങ്കേതിക വ്യവസായം വളരുകയാണ്. പിന്നീട് കോവിഡ് സമയം മുതല്‍ ഇങ്ങോട്ട് അതിവേഗ വളര്‍ച്ചയാണ് ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ഉണ്ടായത്. വിവിധ ഇന്ത്യന്‍ നിയമ സാങ്കേതിക കമ്പനികള്‍ ഇന്ത്യയില്‍ മാത്രമല്ല, വിദേശ രാജ്യങ്ങളിലും ഇന്ന് തഴച്ചുവളരുന്നു. ഇത് ഇന്ത്യയിലെ നിയമ സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ സഹായിക്കുന്നു.

കൂടാതെ ഇന്ത്യന്‍ നിയമ വ്യവസായത്തെ പുനര്‍നിര്‍മ്മിക്കുന്നതിലും ഇതിന് വലിയ പങ്കുണ്ട്. ഇന്ത്യയിലെ ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ കഴിഞ്ഞ ദശകത്തില്‍ 57 മില്യണ്‍ ഡോളറാണ് സമാഹരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഇന്ന് 650-ല്‍ അധികം ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഇന്ന് ഈ മേഖലയുടെ മൂല്യം 1.3 ബില്യണ്‍ ഡോളറാണെന്നും കണക്കുകള്‍ പറയുന്നു.

കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലെ ലീഗല്‍ ടെക് സ്റ്റാര്‍ട്ടപ്പുകള്‍:

ഇന്‍ഡിക് ലോ പ്രൈവറ്റ് ലിമിറ്റഡ്

ലോ ക്യൂബ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്

പരിയത്ത് ഇന്നൊവേറ്റീവ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്

ക്വിന്റുപ്ലെറ്റ്‌സ് ക്വസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്

വിസാര്‍ഡ് ലീഗല്‍ പ്രൈവറ്റ് ലിമിറ്റഡ്

സാംവേ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com