മെറ്റ ഹെല്‍ത്ത്; ആശുപത്രി വീട്ടിലെത്തും, മെറ്റാവേഴ്‌സിലെ മലയാളി സ്റ്റാര്‍ട്ടപ്പ്

ഈ മാസമാണ് മെറ്റാവേഴ്‌സിലെ ആദ്യ ആശുപത്രി യുഎഇ പ്രഖ്യാപിച്ചത്. എന്നാല്‍ അതിനും പത്ത് മാസം മുമ്പ് തന്നെ, ഇവിടെ കേരളത്തില്‍, മെറ്റാവേഴ്‌സില്‍ ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍ (കണ്‍സള്‍ട്ടേഷന്‍, ഫിസിയോതെറാപി) ലക്ഷ്യമിട്ട് ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങിയിരുന്നു. മെറ്റാവേഴ്‌സിലൂടെ ഡോക്ടറുമായി സംവദിക്കാനുള്ള അവസരമാണ് മെറ്റ ഹെല്‍ത്ത് (Meta Health) എന്ന പ്ലാറ്റ്‌ഫോമിലൂടെ കാസര്‍കോട് ആസ്ഥാനമായുള്ള കോണ്‍വെയ് ഇന്നൊവേഷന്‍സ് (Convai Innovations Pvt. Ltd) ഒരുക്കുന്നത്.

സഹോദരങ്ങളായ നന്ദകിഷോര്‍, ഡോ.അഞ്ജലി, ഡോ. അര്‍ച്ചന എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച കോണ്‍വെയ് ഇന്നൊവേഷന്‍സിന്റെ ലക്ഷ്യം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെയും വിര്‍ച്വല്‍ റിയാലിറ്റിയുടെയും സാധ്യതകള്‍ ഹെല്‍ത്ത് കെയര്‍ രംഗത്ത് പ്രയോജനപ്പെടുത്തുകയാണ്. സിഇഒയും മാനേജിംഗ് ഡയറക്ടറുമായ നന്ദകിഷോറിനൊപ്പം സഹസ്ഥാപകരായ അഞ്ചന രമേഷും സന്ദീപ് പിയും ആണ് മെറ്റ ഹെല്‍ത്തിന് നേതൃത്വം നല്‍കുന്നത്. ഐഐടി പാലക്കാട് ടെക്‌നോളജി ഐഹബ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പ്രവര്‍ത്തനം.

ഡിജിറ്റല്‍ അവതാറിലൂടെ രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും പരസ്പരം ഇടപഴകാനുള്ള പ്ലാറ്റ്‌ഫോം ആണ് മെറ്റ ഹെല്‍ത്ത്. സ്മാര്‍ട്ട് വെയറബിള്‍സിലൂടെ പള്‍സും രക്ത സമ്മര്‍ദ്ദവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. ഡിജിറ്റല്‍ അവതാറിലൂടെ ഡോക്ടറോട് നേരിട്ട് കാര്യങ്ങള്‍ അവതരിപ്പിക്കാം. ആശുപത്രിയില്‍ പോവുമ്പോഴുണ്ടാകുന്ന സമയനഷ്ടവും മറ്റ് ബുദ്ധിമുട്ടുകളും മെറ്റ ഹെല്‍ത്ത് എത്തുന്നതോടെ അവസാനിക്കുമെന്നും നന്ദകിഷോര്‍ പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), വിര്‍ച്വല്‍ റിയാലിറ്റി(VR), ഓഗ്മെന്റ് റിയാലിറ്റി AR) തുടങ്ങിയവയുടെ ഏകോപനത്തിലൂടെ രൂപപ്പെടുന്ന ഒരു ഡിജിറ്റല്‍ ലോകമാണ് മെറ്റാവേഴ്‌സ്. വിആര്‍ ഹെഡ്‌സെറ്റുകളിലൂടെ ആയിരിക്കും മെറ്റാവേഴ്‌സിലെ ഇടപെടലുകള്‍ സാധ്യമാവുക. ഇവിടെ ഓരോരുത്തര്‍ക്കും ഡിജിറ്റല്‍ അവതാറുകളുണ്ടാകും.

ആറുമാസത്തിനുള്ളില്‍ മെറ്റ ഹെല്‍ത്ത് പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങും. ഫിസിയോതെറാപി റീഹാബിലിറ്റേഷന്‍ സേവനങ്ങളും മെറ്റ ഹെല്‍ത്തില്‍ ലഭിക്കും. ഹൈപ്പര്‍ റിയലിസ്റ്റിക് അവതാറുകളിലൂടെ ഇത്തരം സേവനങ്ങള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സ്റ്റാര്‍ട്ടപ്പ് ആണ് തങ്ങളുടേതെന്ന് നന്ദകിഷോര്‍ ചൂണ്ടിക്കാട്ടി. ഭാവി വിര്‍ച്വല്‍ റിയാലിറ്റിയുടേതാണ്. ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റെയും സ്ഥാനം മെറ്റവേഴ്‌സ് കൈയ്യടക്കും. തുടക്കത്തിലെ ഈ രംഗത്തേക്ക് എത്തിയ സ്ഥാപനം എന്ന നിലയലുള്ള നേട്ടം ഭാവിയില്‍ കോണ്‍വെയ് ഇന്നൊവേഷന്‍സിന് ഉണ്ടാകുമെന്നാണ് നന്ദകിഷോറിന്റെ വിലയിരുത്തല്‍.

കാഴ്ചാ പരിമിതി ഉള്ളവര്‍ക്ക് സ്മാര്‍ട്ട്‌ഫോണിന്റെ സഹായത്തോടെ സഞ്ചാരം, വായന, മുന്നിലിരിക്കുന്ന ആളുകളുടെ വികാരങ്ങള്‍ മനസിലാക്കല്‍ തുടങ്ങിയവ സാധ്യമാക്കുന്ന DepthNavAI ആപ്ലിക്കേഷന്‍, ഫോണ്‍ കോളിലൂടെ ഇടപെഴകാന്‍ സാധിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ചാറ്റ്‌ബോട്ട് (Mental Health Companion) എന്നിവയാണ് കോണ്‍വെയ് ഇന്നൊവേഷന്‍സിന്റെ മറ്റ് ഉല്‍പ്പന്നങ്ങള്‍. നിലവില്‍ രാജ്യത്തെ ഒരു പ്രമുഖ സ്റ്റാര്‍ട്ടപ്പ് റിയാലിറ്റി ഷോയുടെ ഒഡീഷന്റെ പ്രാഥമിക റൗണ്ടിലേക്ക് മെറ്റ ഹെല്‍ത്ത് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒഡീഷന്റെ അവസാന റൗണ്ട് കടക്കാനായാല്‍ ഒരു ദേശീയ ടെലിവിഷന്‍ ചാനലില്‍ മെറ്റ ഹെല്‍ത്തിനെ അവതരിപ്പിക്കാനുള്ള അവസരവും നന്ദകിഷോറിന് ലഭിക്കും.

Amal S
Amal S  

Sub Editor

Related Articles
Next Story
Videos
Share it