Begin typing your search above and press return to search.
ബൈജൂസില്‍ രാജി തുടരുന്നു, ഇന്ത്യ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞ് മൃണാള്‍ മോഹിത്

Mrinal Mohit, Arjun Mohan
സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടിയായി ഇന്ത്യ ബിസിനസ് സി.ഇ.ഒ മൃണാള്‍ മോഹിത് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കു പിന്നിലെന്നാണ് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ബൈജൂസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചു വരികയായിരുന്നു മൃണാള്‍. ബൈജൂസിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രന്‍ അന്താരാഷ്ട്ര ബിസിനസ് മേല്‍നോട്ടം വഹിക്കാന്‍ തുടങ്ങിയതോടെയാണ് മൃണാള്‍ ഈ സ്ഥാനത്തേക്കെത്തിയത്.
അര്‍ജുന്റെ തിരിച്ചു വരവ്
പുതിയ സി.ഇ.ഒ ആയി ബൈജൂസിനൊപ്പം മുന്‍പുണ്ടായിരുന്ന അര്‍ജുന്‍ മോഹനെ നിയമിച്ചിട്ടുണ്ട്. ബൈജൂസിന്റെ ചീഫ് ബിസിനസ് ഓഫീസര്‍ പദവി വഹിച്ചിരുന്ന അര്‍ജുന്‍ മോഹന്‍ സംരംഭകനും സിനിമാ നിര്‍മാതാവുമായ റോണി സ്‌ക്ര്യൂവാലയുടെ യൂണികോണ്‍ സ്ഥാപനമായ അപ്‌ഗ്രേഡിന്റെ (upGrad) സി.ഇ.ഒ ആയി നിയമനം ലഭിച്ചതോടെ 2020ല്‍ കമ്പനി വിടുകയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ ബൈജൂസിന്റെ വിദേശ ബിസിനസ് മേല്‍നോട്ട ചുമതലയേറ്റെടുക്കാനായി അര്‍ജുന്‍ തിരിച്ചെത്തിയിരുന്നെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. അര്‍ജുന്റെ തിരിച്ചു വരവ് നിലവിലെ സാഹചര്യത്തില്‍ കമ്പനിക്ക് ഊര്‍ജം പകരുമെന്നാണ് ബൈജൂസിന്റെ പ്രതീക്ഷ.
തുടരുന്ന രാജി
കഴിഞ്ഞ മാസം അവസാനമാണ് ബൈജൂസിന്റെ തലപ്പത്ത് നിന്ന് ഉന്നതര്‍ രാജിവച്ചത്. ചീഫ് ബിസിനസ് ഓഫീസര്‍ പ്രത്യുഷ അഗര്‍വാള്‍, ബൈജൂസ് ട്യൂഷന്‍ സെന്റേഴ്‌സ് ബിസിനസ് ഹെഡ് ഹിമാന്‍ഷു ബജാജ്, ക്ലാസ് 4-10 ബിസിനസ് ഹെഡ് മുക്ത ദീപക് എന്നിവരാണ് പടിയിറങ്ങിയത്. അതിനു മുന്‍പ് ബൈജൂസിന്റെ അന്താരാഷ്ട്ര ബിസിനസ് ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റും മലയാളിയുമായ ചെറിയാന്‍ തോമസും രാജിവച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2,000 ഓളം ജീവനക്കാരെ ബൈജൂസ് ഇതിനകം പിരിച്ചു വിട്ടിട്ടുമുണ്ട്.
പ്രതിസന്ധികള്‍ മറികടക്കാന്‍
മലയാളിയായ ബൈജു രവീന്ദ്രന്‍ നയിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസ് ഏറെക്കാലമായി ഭരണ നിര്‍വഹണം, ധനകാര്യം, കടബാധ്യത, വായ്പകള്‍ സംബന്ധിച്ച കേസ് തുടങ്ങിയ പ്രശ്‌നങ്ങളില്‍പെട്ട് ഉഴലുകയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം ബൈജൂസ് ഇനിയും പുറത്തുവിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ബൈജൂസിന്റെ ഓഡിറ്റര്‍ ചുമതലയില്‍ നിന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ് ഒഴിയുകയും ചെയ്തിരുന്നു.
പ്രതിസന്ധികളില്‍ നിന്ന് കരകയറാനായി പല നടപടികളും കമ്പനി സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ഇന്‍ഫോസിസ് മുന്‍ സി.എഫ്.ഒ മോഹന്‍ദാസ് പൈ, എസ്.ബി.ഐ മുന്‍ ചെയര്‍മാന്‍ രജനീഷ് കുമാര്‍ എന്നിവരെ ഉപദേശക സമിതിയില്‍ നിയമിച്ചിരുന്നു. കൂടാതെ എച്ച്.ആര്‍ മേധാവിയായി റിച്ചാഡ് ലോബോയും ചുമതലയേല്‍ക്കുന്നുണ്ട്.
മുന്‍കാലങ്ങളില്‍ ഏറ്റെടുത്ത കമ്പനികളെ വിറ്റഴിച്ച് പണം കണ്ടെത്താനും ബൈജൂസ് ശ്രമിക്കുന്നുണ്ട്. എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിച്ച് 80 കോടി മുതല്‍ 100 കോടി ഡോളര്‍ വരെ (6,500-8,300 കോടി രൂപ) നേടാനാണ് ലക്ഷ്യം.
Next Story