Begin typing your search above and press return to search.
സ്റ്റാര്‍ട്ടപ്പുകള്‍ ഈ വര്‍ഷം പിരിച്ചുവിട്ടത് 17,000 പേരെ; ബൈജൂസില്‍ മാത്രം 1,000ഓളം
നിക്ഷേപ ഞെരുക്കത്തെ (funding winter) തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 2023ന്റെ ആദ്യ ആറുമാസക്കാലത്ത് (ജനുവരി-ജൂണ്‍) പിരിച്ചുവിട്ടത് 17,000ഓളം ജീവനക്കാരെ. 70ഓളം സ്റ്റാര്‍ട്ടപ്പുകളാണ് ജീവനക്കാരെ വെട്ടിക്കുറച്ചതെന്ന് റിക്രൂട്ടിംഗ് സ്ഥാപനമായ സി.ഐ.ഇ.എല്‍ എച്ച്.ആര്‍ (CIEL HR) വ്യക്തമാക്കി.
നിരവധി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ സാമ്പത്തിക അടിത്തറ പുറത്തുനിന്നുള്ള നിക്ഷേപങ്ങളാണ്. പണപ്പെരുപ്പം, പലിശനിരക്ക് വര്‍ദ്ധന, ബാങ്കിംഗ് തകര്‍ച്ച തുടങ്ങിയ തിരിച്ചടികളെ തുടര്‍ന്ന് അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥ ഇടക്കാലത്ത് താളംതെറ്റിയതാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള നിക്ഷേപങ്ങളെയും ബാധിച്ചത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി അമേരിക്കയിലെ കമ്പനികളാണ് ജീവനക്കാരെ വന്‍തോതില്‍ പിരിച്ചുവിടുന്ന പ്രവണതയ്ക്ക് തുടക്കമിട്ടതും.
ബൈജൂസിന്റെ പിരിച്ചുവിടല്‍
ഇ-കൊമേഴ്‌സ്, ഫിന്‍ടെക്, എഡ്‌ടെക്, ലോജിസ്റ്റിക്‌സ്, ഹെല്‍ത്ത് ടെക് തുടങ്ങിയ മേഖലകളിലെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളാണ് ജീവനക്കാരെ കുറയ്ക്കുന്നതില്‍ മുന്നില്‍ നിന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബൈജൂസ്, മീഷോ, അണ്‍അക്കാഡമി, സ്വിഗ്ഗി, ഷെയര്‍ചാറ്റ് തുടങ്ങിയവ ജീവനക്കാരെ കുറച്ച മുന്‍നിര സ്റ്റാര്‍ട്ടപ്പുകളാണ്. ബൈജൂസ് മാത്രം ആയിരത്തോളം പേരെ വരെ പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ടുകൾ.
കുറയുന്ന നിക്ഷേപം
2022 ജനുവരി-ജൂണില്‍ 1,830 കോടി ഡോളറിന്റെ (ഏകദേശം 1.50 ലക്ഷം കോടി രൂപ) നിക്ഷേപം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ നേടിയിരുന്നു. 2023ന്റെ ആദ്യ പകുതിയിലെത്തിയ നിക്ഷേപം പക്ഷേ വെറും 380 കോടി ഡോളറായി (31,000 കോടി രൂപ) കൂപ്പുകുത്തിയെന്ന് ധനകാര്യ ഉപദേശക സ്ഥാപനമായ പി.ഡബ്ല്യു.സിയുടെ (PwC) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Next Story
Videos