ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ച് പ്രോസസ്

510 കോടി ഡോളറായാണ് മൂല്യം കുറച്ചിരിക്കുന്നത്
Byju's, Byju Raveendran
Image : Byju's website
Published on

ഒരാഴ്ചയ്ക്കുള്ളില്‍ ഓഡിറ്ററെയും മൂന്ന് ബോര്‍ഡ് അംഗങ്ങളെയും നഷ്ടപ്പെട്ട ഇന്ത്യന്‍ വിദ്യാഭ്യാസ-സാങ്കേതിക സ്ഥാപനമായ(EdTech) ബൈജൂസിന് വീണ്ടും തിരിച്ചടി. ആഗോള നിക്ഷേപ സ്ഥാപനമായ പ്രോസസ് ബൈജൂസിന്റെ മൂല്യം വീണ്ടും വെട്ടിക്കുറച്ചു. ബൈജൂസിന്റെ ഏറ്റവും വലിയ ഓഹരി ഉടമയായ പ്രോസസ് ഇത് രണ്ടാം തവണയാണ് മൂല്യം കുറയ്ക്കുന്നത്. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബൈജൂസിന് കടുത്ത പ്രഹരമാണ് പുതിയ നീക്കം. പ്രോസസിന്റെ കൈവശമുള്ള 9.6 ശതമാനം ഓഹരികളുടെ മൂല്യം 49.3 കോടി ഡോളറായാണ്(4,043 കോടി രൂപ) ഇപ്പോള്‍ കുറച്ചിരിക്കുന്നത്. ഇതോടെ ബൈജൂസിന്റെ മൊത്തം മൂല്യം 510 കോടി ഡോളറായി(41,825 കോടി രൂപ).

2,200 കോടി ഡോളറില്‍ നിന്ന്

2022 ഒക്ടോബറില്‍ യു.എസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജറായ ഡേവിഡ്‌സണ്‍ കെപ്‌നര്‍ ക്യാപിറ്റല്‍ മാനേജ്‌മെന്റില്‍ നിന്ന് 25 കോടി ഡോളര്‍(250 മില്യണ്‍ ഡോളര്‍) സമാഹരിക്കുമ്പോള്‍ കമ്പനിയുടെ മൂല്യം 2,200 കോടി ഡോളറായിരുന്നു. എന്നാല്‍ നവംബറില്‍ പ്രോസസ് ബൈജൂസിന്റെ മൂല്യം 579 കോടി ഡോളര്‍ ആക്കി. ഈ മാസം ആദ്യം അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക് ബൈജൂസിന്റെ മൂല്യം 840 കോടി ഡോളറായി കുറച്ചിരുന്നു.

ഓഹരി പങ്കാളിത്തം 10 ശതമാനത്തില്‍ താഴയായതിനാല്‍ 2022 സെപ്റ്റംബര്‍ മുതല്‍ പ്രോസസ് എഡ് ടെക് ഭീമനായ ബൈജൂസിലെ നിക്ഷേപം നോണ്‍ കണ്‍ട്രോളിംഗ് ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്‌മെന്റായാണ് കണക്കാക്കുന്നത്. അതിനു മുന്‍പ് അസോസിയേറ്റ് ആയാണ് കണക്കാക്കിയിരുന്നത്. ബോര്‍ഡിലെ പ്രാതിനിധ്യം ഇല്ലാതായതോടെ ഗ്രൂപ്പിന് ബൈജൂസിലുള്ള നിര്‍ണായകമായ സ്വാധീനം നഷ്ടമായെന്ന് ജൂണ്‍ 27 ന് പുറത്തുവിട്ട പ്രോസസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.

പ്രതിസന്ധികള്‍ തുടര്‍ച്ച

പ്രവര്‍ത്തനത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കെട്ടി പ്രോസസിന്റെ പ്രതിനിധി റസല്‍ ഡ്രീസെന്‍സ്റ്റോക് ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പിന്‍വാങ്ങി മൂന്നു ദിവസത്തിനു ശേഷമാണ് മൂല്യം കുറച്ചുകൊണ്ടുള്ള വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പീക്ക് എക്സ് വി പാര്‍ട്ണേഴ്സ് എം.ഡി ജി.വി രവിശങ്കര്‍, ചാന്‍ സക്കര്‍ബര്‍ഗില്‍ നിന്നുള്ള വിവിയന്‍ വു എന്നിവരും ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു. കൂടാതെ യു.എസ് വായ്പാ ദാതാക്കള്‍ക്കുള്ള കടം തിരിച്ചടവ് മുടങ്ങിയതും ഓഡിറ്റര്‍ കമ്പനിയുടെ പിന്‍വാങ്ങലും ഈ മാസം ബൈജൂസിന് തിരിച്ചടിയായിരുന്നു. ഇതിനൊപ്പം ജീവനക്കാരെ പിരിച്ചുവിട്ട വാര്‍ത്തകളും കമ്പനിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനാകാത്തതും കമ്പനിയെ പ്രതിസന്ധിയിലാക്കി.

അതേ സമയം നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ബൈജൂസ് നടത്തുന്നുണ്ട്. 2022 മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകള്‍ സെപ്തംബര്‍ 30 നും തുടര്‍ന്നുള്ള വര്‍ഷത്തേത് ഡിസംബറിലും അന്തിമരൂപം നല്‍കുമെന്ന് ഏപ്രിലില്‍ ബൈജൂസിന്റെ സി.എഫ്.ഒ ആയി നിയമിതനായ അജയ് ഗോയല്‍ കഴിഞ്ഞ ദിവസം നിക്ഷേപകരെ അറിയിച്ചിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com