ജീവശാസ്ത്ര സ്റ്റാര്‍ട്ടപ്പുകളില്‍ 100 കോടി നിക്ഷേപം പ്രഖ്യാപിച്ച് സൈജെനോം

ജീവശാസ്ത്ര സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനൊരുങ്ങി മലയാളി സംരംഭകന്‍ സാം സന്തോഷ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സൈജെനോം ലാബ്‌സ് (SciGenom) ആണ് നിക്ഷേപം നടത്തുന്നത്. 10-20 സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ചെയര്‍മാന്‍ കൂടിയായ സാം സന്തോഷ് അറിയിച്ചു.

100 കോടിയോളം രൂപയാണ് ഇതിനായി സൈജെനോം നീക്കിവെച്ചിരിക്കുന്നത്. ബയോനാനോ ടെക്‌നോളജി, സിന്തറ്റിക് ബയോടെക്‌നോളജി, ജെനോമിക്‌സ്, പ്രോട്ടിയോമിക്‌സ് അടക്കമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അവസരം. ജീവശാസ്ത്ര മേഖലയിലെ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗുജറാത്തിലെ ചാരുസാത് സര്‍വകലാശാലയുമായി സഹകരിച്ച് പിഎച്ച്ഡി പ്രോഗ്രാം സൈജെനോം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2009ല്‍ പ്രവര്‍ത്തനം തുടങ്ങിയ സൈജെനോം ഇക്കാലയളവില്‍ മെഡ്‌ജെനോം, അഗ്രിജെനോം, സാക്‌സിന്‍ ലൈഫ് സയന്‍സ്, മാഗ്‌ജെനോം എന്നീ കമ്പനികളെ ഇന്‍ക്യുബേറ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ഇവ സ്വതന്ത്ര കമ്പനികളാണ്. 2009ല്‍ കാല്‍സോഫ്റ്റ് എന്ന ഐടി കമ്പനി വിറ്റൊഴിഞ്ഞതിന് പിന്നാലെയാണ് സാം സന്തോഷ് സൈജെനോം ലാബ്‌സ് ആരംഭിച്ചത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it