സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപസാധ്യതകളുമായി 'സീഡിംഗ് കേരള' മാര്‍ച്ച് 6 ന് കൊച്ചിയില്‍

സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപസാധ്യതകളെ കുറിച്ച് അറിയാനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ 'സീഡിംഗ് കേരള 2023' സംഘടിപ്പിക്കുന്നു. സീഡിംഗ് കേരളയുടെ ആറാം പതിപ്പ് മാര്‍ച്ച് ആറിന് രാവിലെ 10 ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ധനകാര്യ മന്ത്രി ടി എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 100 ല്‍ അധികം നിക്ഷേപം നടത്താൻ ശേഷിയുള്ളവർ, രാജ്യത്തുടനീളമുള്ള 50 ല്‍ അധികം നിക്ഷേപകര്‍, 40 ല്‍ അധികം സ്പീക്കര്‍മാര്‍, നിരവധി സ്റ്റാര്‍ട്ടപ്പുകള്‍, കോര്‍പറേറ്റുകള്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

അവസരങ്ങളേറെ

കേരളത്തിലെ പ്രാരംഭ ഘട്ട നിക്ഷേപ ആവാസവ്യവസ്ഥ ശക്തിപ്പെടുത്താന്‍ സീഡിംഗ് കേരളയിലൂടെ സാധിക്കുമെന്ന് കരുതുന്നതായി സിഇഒ അനൂപ് അംബിക പറഞ്ഞു. മാത്രവുമല്ല കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യമുള്ള അതിസമ്പന്നരുടെയും പ്രാദേശിക നിക്ഷേപകരുടെയും കൂട്ടായ്മ സൃഷ്ടിക്കാനും പരിപാടി സഹായകമാകും. സ്റ്റാര്‍ട്ടപ്പ് നിക്ഷേപ ചര്‍ച്ചകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കും സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരം എന്നിവ പരിപാടിയുടെ ഭാഗമായുണ്ടാകും.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയെക്കുറിച്ച് മനസിലാക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനുമുള്ള ബോധവത്ക്കരണ ക്ലാസുകള്‍, നിക്ഷേപകര്‍ക്ക് മികച്ച അവസരം കണ്ടെത്താനും ദേശീയതലത്തില്‍ ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്കുകളുടെ ഭാഗമാകാനുമുള്ള സഹായം, സ്റ്റാര്‍ട്ടപ്പുകളുടെ സഹസ്ഥാപകരാകാനുള്ള അവസരമൊരുക്കല്‍ തുടങ്ങിയവയും സീഡിംഗ് കേരളയിലൂടെ ലക്ഷ്യമിടുന്നു.

സീഡിംഗ് കേരള-ഇന്‍വെസ്റ്റര്‍ കഫേ

സീഡിംഗ് കേരള യോട് അനുബന്ധിച്ച് മാര്‍ച്ച് ഏഴിന് രാവിലെ 10 മുതല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കളമശ്ശേരി ഐഎസ്സിയില്‍ 'സീഡിംഗ് കേരള-ഇന്‍വെസ്റ്റര്‍ കഫേയും' സംഘടിപ്പിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിക്ഷേപകര്‍ക്കുമുള്ള ഫണ്ടിംഗ് അവസരങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുമായാണ് ഇന്‍വെസ്റ്റര്‍ കഫേ സംഘടിപ്പിക്കുന്നത്. 2017 മുതലാണ് സീഡിംഗ് കേരള പരിപാടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://seedingkerala.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it