

കപ്പലിന് ഉള്ളില്‍ കടന്നെത്താന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങള്‍ പോലും വൃത്തിയാക്കുന്ന നാലു കാലുള്ള റോബോട്ട് നായ എക്‌സ് ബോട്ട് (X-Bot), ആഴക്കടലില്‍ മീന്‍ തിരയാന്‍ കഴിയുന്ന ഡ്രോണ്‍ (കോര്‍ ആര്‍.ഒ. വി) തുടങ്ങി നൂതന കണ്ടുപിടിത്തങ്ങള്‍ നടത്തി ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ് കേരളത്തിലെ വിദ്യാര്‍ത്ഥി സംരംഭകരായ റോഷന്‍ സിറാജും റിയാന്‍ ജെ യും. ഇവരുടെ പ്രാരംഭ സംരംഭമായ കോര്‍ റോബോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ് (CORR Robotics Pvt Ltd) കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലെ സെര്‍ട്ടിഫൈഡ് കമ്പനിയാണ്. റോബോട്ടിക്ക് നായയെ വികസിപ്പിക്കാനായി 3 ലക്ഷം രൂപയുടെ ഗ്രാന്റ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ നേരത്തെ അനുവദിച്ചിരുന്നു.
വെഞ്ചര്‍ ചലഞ്ചിലെ ശ്രദ്ധാകേന്ദ്രം
ജനുവരി 10 മുതല്‍ ജൂണ്‍ 8 വരെ ദേശീയ തലത്തില്‍ നടന്ന വെഞ്ചര്‍ ചലഞ്ച് 6.0 ല്‍ പങ്കെടുത്ത് പ്രശംസ നേടിയിരിക്കുകയാണ് കോര്‍ റോബോട്ടിക്സ്. അടല്‍ ഇന്നൊവേഷന്‍ ലാബും-ശിവ് നാടാര്‍ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എമിനെന്‍സും ചേര്‍ന്നാണ് വെഞ്ചര്‍ ചലഞ്ച് സംഘടിപ്പിച്ചത്. മൂന്ന് റൗണ്ടിലായി നടന്ന മത്സരത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 300ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുത്തു. അതില്‍ നിന്ന് രണ്ടാം റൗണ്ടില്‍ 150 കമ്പനികളും അവസാന റൗണ്ടില്‍ 28 കമ്പനികളുമാണ് ചുരുക്ക പട്ടികയില്‍ സ്ഥാനം നേടിയത്. പ്രമുഖ സംരംഭകര്‍ ഉള്‍പ്പടെയുള്ള വിദഗ്ദ്ധര്‍ അടങ്ങിയ ജൂറി ബിസിനസ് ആശയത്തിന്റെ പുതുമ, വളര്‍ച്ചാ സാധ്യത, ശ്രദ്ധേയമായ എന്ത് പരിഹാരമാണ് നല്‍കുന്നത് എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് മികച്ച സ്റ്റാര്‍ട്ടപ്പുകളെ തിരഞ്ഞെടുത്തത്.
വെഞ്ചര്‍ ചലഞ്ചില്‍ കോര്‍ റോബോട്ടിക്സിന്റെ ബിസിനസ് ആശയം മികച്ചതായി കണ്ടെത്തിയത് കൊണ്ട് ഡല്‍ഹിയില്‍ ഇന്‍ക്യൂബേഷന്‍ സൗകര്യം ശിവ് നാടാര്‍ ഇൻസ്റ്റിറ്റ്യൂഷനും-അടല്‍ ഇന്നൊവേഷന്‍ കേന്ദ്രവും ഡല്‍ഹിയില്‍ ഒരുക്കി കൊടുക്കും. കേരളത്തില്‍ നിന്ന് വെഞ്ചര്‍ ചലഞ്ചില്‍ തിരഞ്ഞെടുക്കപ്പെട്ട ഏക കമ്പനിയാണ് കോര്‍ റോബോട്ടിക്സ്. വികസനത്തിനുള്ള കൂടുതല്‍ വെഞ്ചര്‍ ഫണ്ടിങ് ലഭിക്കാന്‍ ഇത് സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
റോബോട്ടിക് നായയെ ഡല്‍ഹി ഇന്‍ക്യൂബേഷന്‍ സെന്ററിലും ജല ഡ്രോണിനെ കേരളത്തിലും വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റോഷന്‍ സിറാജ് പറഞ്ഞു. ഒളിപ്പിച്ചുവച്ച ബോംബുകള്‍ കണ്ടെത്താനും റോബോട്ട് നായയ്‌ക്ക് സാധിക്കുമെന്ന് റോഷന്‍ പറഞ്ഞു.
ഇനി ഡെമോ ഡെയ്‌സിലേക്ക്
നവംബര്‍ 2023ല്‍ ഡല്‍ഹിയില്‍ നടക്കുന്ന ഡെമോ ഡേയ്സ് എന്ന സംരംഭക പ്രദര്‍ശന പരിപാടിയില്‍ ഡ്രോണ്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവസംരംഭകര്‍. മത്സ്യ തൊഴിലാളികള്‍ക്ക് വളരെ അധികം പ്രയോജനം ചെയ്യുന്ന വിദൂര നിയന്ത്രണ യന്ത്രമായിട്ടാണ് പുതിയ ഡ്രോണ്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
മലപ്പുറം തിരൂര്‍ സ്വദേശിയായ റോഷന്‍ സിറാജ് ഇന്ദിര ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.എ ഇക്കോണോമിക്‌സ് വിദ്യാര്‍ത്ഥിയാണ്. ആലുവ സ്വദേശി റിയാന്‍ പാലക്കാട് എന്‍.എസ്.എസ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയും. മൊത്തം അഞ്ചു ജീവനക്കാരും സ്റ്റാര്‍ട്ടപ്പിലുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine