സംരംഭകര്‍ക്ക് പുതുഅനുഭവം സൃഷ്ടിക്കാന്‍ ടൈക്കോണ്‍ കേരള 2018

സംരംഭകത്വത്തിലെ സാധ്യതകളും ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളും ഉപയോഗിച്ച് കേരളത്തെ പുനര്‍നിര്‍മിക്കുന്നതില്‍ പങ്കാളിയാകുക എന്ന ലക്ഷ്യത്തോടെ ടൈക്കോണ്‍ കേരള 2018 ഒരുങ്ങുന്നു. പ്രമുഖരായ സംരംഭകരും വിവിധ മേഖലകളിലെ വിദഗ്ധരും യുവസംരംഭകരുമടക്കം ആയിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടി നവംബര്‍ 16-17 തീയതികളില്‍ കൊച്ചിയിലെ

ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിലിക്കണ്‍ വാലിയില്‍ ആരംഭിച്ച ഇന്‍ഡസ് എന്‍ട്രപ്രണേഴ്‌സ് (ടൈ) എന്ന ആഗോള സംഘടനയുടെ കേരള ഘടകമാണ് ടൈക്കോണിന്റെ സംഘാടകര്‍. ലോകത്തെമ്പാടുമായി ടൈയ്ക്ക് ഇപ്പോള്‍

62 ചാപ്റ്ററുകളുണ്ട്.

രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ടൈക്കോണ്‍ 2018 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ടൈ കേരള പ്രസിഡന്റ് എംഎസ്എ കുമാര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അജിത്ത് എ മൂപ്പന്‍, വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ നായര്‍, മുന്‍ പ്രസിഡന്റ് രാജേഷ് നായര്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍

സംസാരിക്കും.

വിദഗ്ധരായ പ്രഭാഷകര്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സാഗരിക ഘോഷ്, സസ്‌റ്റെയ്‌നബിലിറ്റി വിദഗ്ധ ഡോ. ഹരിണി നാഗേന്ദ്ര, യുവര്‍‌സ്റ്റോറി സ്ഥാപകയായ ശ്രദ്ധ ശര്‍മ്മ, സുബെക്‌സ് ലിമിറ്റഡ് സി.ഇ.ഒ വിനോദ് കുമാര്‍, എഴുത്തുകാരന്‍ മനു എസ്.പിള്ള, ഗൂന്‍ജ് സ്ഥാപകന്‍ അന്‍ഷു ഗുപ്ത, ഹാപ്പി ഷാപ്പി സഹസ്ഥാപകരായ നിതിന്‍ സൂദ്, സന എച്ച് സൂദ്, ചേക്കുട്ടി എന്ന ആശയത്തിന്റെ സൃഷ്ടാക്കളിലൊരാളായ ലക്ഷ്മി മേനോന്‍, ആക്‌സിയോ ബയോ സൊലൂഷന്‍സിന്റെ സ്ഥാപകന്‍ ലിയോ മാവേലി തുടങ്ങി നിരവധി പ്രഭാഷകര്‍ ടൈക്കോണ്‍ 2018ല്‍ സംസാരിക്കും. ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി നൂറിലേറെ പ്രാസംഗികര്‍ വിവിധ വേദികളിലായി നടക്കുന്ന 40 സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ഭാഗമാകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ടൈ കേരളയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് അജിത് മൂപ്പന്‍ പറഞ്ഞു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിന്റെ പുനര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ സാങ്കേതികവിദ്യാരംഗത്തെ സംരംഭകരും ടെക്‌നോക്രാറ്റുകളും ബ്യൂറോക്രാറ്റുകളും പരിപാടിയില്‍ ഭാഗമാകും. വിവിധയിടങ്ങളില്‍ നിന്നുള്ള വ്യാവസായിക നേതാക്കള്‍, നയതന്ത്രജ്ഞര്‍, നവസംരംഭകര്‍, സാമൂഹ്യസംരംഭകര്‍, വിദ്യാര്‍ത്ഥി സംരംഭകര്‍ തുടങ്ങിയവരും ടൈക്കോണില്‍ പങ്കെടുക്കും.

വൈവിധ്യമാര്‍ന്ന സെഷനുകള്‍

കേരളത്തിന്റെ പുനര്‍നിര്‍മാണത്തെക്കുറിച്ചുള്ള വിശദമായ പാനല്‍ ചര്‍ച്ചയോടെയായിരിക്കും സെഷനുകളുടെ തുടക്കം. ആദ്യദിവസം ഉച്ചയോടെ വിവിധ വേദികളില്‍ വ്യത്യസ്തമായ സെഷനുകള്‍ക്ക് തുടക്കമാകും. പ്രധാന ഹാളില്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുള്ള ശ്രമങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചയും നടക്കും. ആര്‍ക്കിടെക്ചര്‍ രംഗത്തെ വിദഗ്ധനായ പ്രൊഫ.മിക്കി ദേശായിയായിരിക്കും ഈ സെഷന് നേതൃത്വം നല്‍കുന്നത്.

ഉച്ചയ്ക്കുശേഷം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ച പ്രധാന ഹാളില്‍ നടക്കും. ഇതേ സമയം മറ്റു വേദികളില്‍ ഐറ്റി ഇതര മേഖകളിലുള്ള ഫണ്ടിംഗ്, എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ സെഷനുകളുണ്ടാകും. ഇതേദിവസം തന്നെ ലൈഫ് സയന്‍സ്, സാങ്കേതികവിദ്യാരംഗത്തെ മാറ്റങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളുമുണ്ടാകും. അവാര്‍ഡ് ദാനം, നെറ്റ്‌വര്‍ക്കിംഗ് ഡിന്നര്‍ എന്നിവയോടെ ആദ്യ ദിവസത്തിന് സമാപനമാകും.

രണ്ടാം ദിനം ഡിജിറ്റല്‍ ഫ്യൂച്ചര്‍ എന്ന വിഷയത്തില്‍ വിനോദ് കുമാര്‍, ഷിബുലാല്‍, ക്രിസ് ഗോപാ ലകൃഷ്ണന്‍, ശിവശങ്കര്‍, സതീഷ് കുമാര്‍ എന്നിവര്‍ സംസാരിക്കും. വി.കെ മാത്യൂസ് ആയിരിക്കും ഈ സെഷന്റെ മോഡറേറ്റര്‍.

ഇതേസമയം രണ്ടാമത്തെ വേദിയില്‍ രാജ്യത്തിന്റെ ഗ്രാമീണമേഖലയിലുള്ള ബിസിനസ് അവസരങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ നടക്കും. വെസ്റ്റേണ്‍ ഇന്ത്യ കാഷ്യു കമ്പനി സാരഥി ഹരികൃഷ്ണന്‍ നായര്‍, സ്റ്റെര്‍ലിംഗ് ഗ്രൂപ്പ് സാരഥി ശിവദാസ് ബി.മേനോന്‍, ഈസ്‌റ്റേണ്‍ ഗ്രൂപ്പ് സാരഥി നവാസ് മീരാന്‍, ബ്രാഹ്മിന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ശ്രീനാഥ് വിഷ്ണു തുടങ്ങിയവര്‍ സംസാരിക്കും.

കാറ്റലിസ്റ്റ് 360ന്റെ ചീഫ് കാറ്റലിസ്റ്റ് എംഎസ്എ കുമാറായിരിക്കും മോഡറേറ്റര്‍.

മെന്ററിംഗിനായി പ്രത്യേക സെഷനുകള്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നവസംരംഭകര്‍ക്കുമൊക്കെ ഏറെ പ്രയോജനകരമായ മെന്ററിംഗ് സെഷനുകളാണ് ടൈക്കോണ്‍ 2018ന്റെ മറ്റൊരു മുഖ്യ ആകര്‍ഷകണം. എങ്ങനെ ബിസിനസ് പ്ലാന്‍ തയാറാക്കാം, എങ്ങനെ കമ്പനിയുടെ മൂല്യനിര്‍ണയം നടത്താം, എങ്ങനെ ബിസിനസ് പങ്കാളിയെ കണ്ടെത്താം തുടങ്ങിയ വിഷയങ്ങളില്‍ ആദ്യദിവസം സെമിനാറുകള്‍ നടക്കും. നിക്ഷേപകരെ എങ്ങനെ കണ്ടെത്താം, സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കും എങ്ങനെ വിലയിടാം തുടങ്ങിയ സെഷനുകളായിരിക്കും രണ്ടാം ദിനം ഈ വിഭാഗത്തിലുണ്ടാവുക.

എല്ലാ മേഖലകളിലുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ടൈക്കോണ്‍ കേരള 2018ല്‍ പങ്കെടുക്കുന്നതിന് ടൈ അംഗങ്ങള്‍ക്കുള്ള ഫീസ് 3500 രൂപയാണ്. അംഗങ്ങളല്ലാത്തവര്‍ക്ക് 4500 രൂപയും. ടൈ കേരളയില്‍ അംഗത്വം എടുത്തുകൊണ്ട് ടൈക്കോണില്‍ പങ്കെടുക്കാനുള്ള ഫീസ് 6000 രൂപയാണ്. നെറ്റ്‌വര്‍ക്കിംഗ് ഡിന്നറില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 2500 രൂപ കൂടി ഫീസ് കൊടുക്കേണ്ടതുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8129367122, 0484 4015752. ഇ-മെയ്ല്‍: info@tieconkerala.org

Related Articles
Next Story
Videos
Share it