Begin typing your search above and press return to search.
കുടിയേറ്റക്കാരെ കുറയ്ക്കാന്‍ ഓസ്‌ട്രേലിയ; ചട്ടങ്ങള്‍ കടുപ്പിക്കും
കുടിയേറ്റക്കാരുടെ ഇഷ്ട ലക്ഷ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. കൊവിഡാനന്തരം മികച്ച ജീവിതസാഹചര്യങ്ങള്‍ ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരുടെ എണ്ണം കുത്തനെ കൂടുകയും ചെയ്തിരുന്നു.
രാജ്യത്തേക്ക് ഒഴുകുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചത് ജനസംഖ്യ കൂടാനും പണപ്പെരുപ്പം വര്‍ധിക്കാനും വഴിയൊരുക്കിയത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, കുടിയേറ്റക്കാരെ കുറയ്ക്കാന്‍ കര്‍ശന ചട്ടങ്ങള്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. അടുത്തയാഴ്ചയോടെ പുതിയ ചട്ടങ്ങള്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് വ്യക്തമാക്കി.
വരും കടുത്ത നിബന്ധനകള്‍
2023 ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഓസ്‌ട്രേലിയയിലെ ജനസംഖ്യയില്‍ 2.5 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്.
ഓസ്‌ട്രേലിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കൈകാര്യം ചെയ്യാനാകുന്ന തലത്തിലേക്ക് കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കുകയാണ് ഉന്നമിടുന്നത്. കുടിയേറ്റ നിരക്ക് കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വൈദഗ്ദ്ധ്യമുള്ളവര്‍ക്ക് മാത്രം വീസ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകും.
വിദേശ വിദ്യാര്‍ത്ഥികള്‍ക്കും നിയന്ത്രണം
വിദേശ വിദ്യാര്‍ത്ഥികളുടെ വരവും നിയന്ത്രിക്കാന്‍ ഓസ്‌ട്രേലിയ കഴിഞ്ഞ ഓഗസ്റ്റില്‍ കര്‍ശന നിബന്ധനകള്‍ കൊണ്ടുവന്നിരുന്നു. വിദ്യാഭ്യാസത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കും വ്യാജ വീസകള്‍ക്കും തടയിടുകയായിരുന്നു മുഖ്യലക്ഷ്യം.
വിദേശ വിദ്യാര്‍ത്ഥികളില്‍ പലരും ഓസ്‌ട്രേലിയയിലെ വലിയ സര്‍വകലാശാലകളില്‍ പ്രവേശം നേടി രാജ്യത്തെത്തിയശേഷം ആറുമാസത്തിനകം ചെലവ് കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറുന്നതായി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. 17,000ലധികം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം മാത്രം ഇങ്ങനെ മാറിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
Next Story
Videos