ബീച്ച് ട്രെക്കിംഗ് നടത്തിയിട്ടുണ്ടോ? ഓരോ കുന്നും കയറിയിറങ്ങുന്നത് ഓരോ ബീച്ചിലേക്ക്; ഫോര്‍ട്ടുണ്ട്, ക്ഷേത്രങ്ങളുണ്ട്...ആഹാ! ഗോവയെക്കാള്‍ പൊളിയാണ് ഗോകര്‍ണ
നേത്രാവതി എക്‌സ്പ്രസില്‍ കയറി കുംത സ്‌റ്റേഷനില്‍ ഇറങ്ങണം. മംഗലാപുരത്തേക്ക് പോയി അവിടെ നിന്ന് കാര്‍ വാടകയ്‌ക്കെടുത്ത് പോകുകയുമാകാം. ട്രെയ്‌നില്‍ പോകുന്നവര്‍ക്ക് കുറേ കൂടി ബജറ്റ് ചുരുക്കാം. റെയില്‍വേസ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ കുംത ബസ് സ്റ്റാന്‍ഡിലേക്ക്. രാവിലെ 6 മണി മുതല്‍ ഗോകര്‍ണയ്ക്ക് ധാരാളം ബസുകള്‍ കിട്ടും.
കുംത സ്റ്റാന്‍ഡില്‍നിന്ന് ഏകദേശം 35 കിലോമീറ്റര്‍ ദൂരമേ ഗോകര്‍ണത്തേക്കുള്ളൂ. മംഗലാപുരത്ത് നിന്നോ കുംതയില്‍നിന്നോ ടാക്‌സി എടുത്തോ ഓട്ടോയിലോ ഗോകര്‍ണയിലേക്ക് പോകരുതെന്ന് കേട്ടിട്ടുണ്ട്. പുറമേ നിന്നുള്ളവരാണെന്ന് അറിഞ്ഞാല്‍ പണം പോകുന്ന വഴി കാണില്ല. കര്‍ണാടകത്തിലെ കന്നട ജില്ലയില്‍ ഗംഗാവലി, ആഗ്‌നാശിനി നദികളുടെ സംഗമസ്ഥാനത്ത് അറബിക്കടലിനോട് ചേര്‍ന്നു കിടക്കുകയാണ് ഗോകര്‍ണ. പണ്ടാക്കെ വിദേശസഞ്ചാരികളാണ് കൂടുതല്‍ വന്നിരുന്നത്. ഇപ്പോള്‍ ഗോവന്‍ തീരം തേടിയെത്തുന്ന സഞ്ചാരികളുടെ ഒഴുക്ക് ഇവിടെയും കാണാന്‍ കഴിയും.
റോഡിന്റെ ഇരുവശങ്ങളിലും നിറയെ ഉപ്പുപാടങ്ങളാണ്. അതിന്റെ മധ്യഭാഗത്തുള്ള പാതയിലൂടെയാണ് ബസ് യാത്ര. ക്ഷേത്രത്തിനകത്തു നിന്നുള്ള പ്രാര്‍ഥനകളോടെയാണ് ഗോകര്‍ണവും പരിസരവും ഉണരുന്നത്.
ഭക്തര്‍ ചെണ്ടുമല്ലിപ്പൂവും കൊങ്ങിണിപ്പൂവും പൂമാലകളും വാങ്ങി പോകുന്നത് കാണാം. അറബിക്കടലില്‍ സ്‌നാനം ചെയ്ത ശേഷമാണു ദര്‍ശനത്തിന് വേണ്ടി ക്ഷേത്രത്തിലേക്ക് വരുന്നത്. അറബിക്കടലിന് അഭിമുഖമായി പടിഞ്ഞാറു ദര്‍ശനമായി ഗോകര്‍ണം ക്ഷേത്രം നിലകൊള്ളുന്നു.
500 രൂപയ്ക്ക് അത്യാവശ്യം വൃത്തിയുള്ള ഡബിള്‍റൂം കിട്ടും. ഭക്ഷണത്തിന് അത്ര വൃത്തിയുള്ള ഇടങ്ങളായി പല ഹോട്ടലുകളും കണ്ടാല്‍ തോന്നില്ല. വഴിയോരത്തെല്ലാം പഴങ്ങളും പലഹാരങ്ങളും ലഭിക്കും. നടന്നുനടന്ന് ആദ്യം എത്തിയത് ഗോകര്‍ണ ക്ഷേത്രത്തിനടുത്തുള്ള ബീച്ചിലേക്കാണ്. ഒട്ടകസവാരിയാണ് അവിടത്തെ പ്രത്യേകത. ഒരാള്‍ക്ക് 100 രൂപ.
ഗോകര്‍ണത്തില്‍ പ്രധാനമായും അഞ്ച് ബീച്ചുകളാണുള്ളത്. ഗോകര്‍ണ, കുഡ്‌ലെ, ഓം, ഹാഫ് മൂണ്‍, പാരഡൈസ്. അതിരാവിലെ ബീച്ചുകളിലേക്കിറങ്ങുന്നതാണ് പൊളി. കുന്നിന്‍ചെരിവുകളിലൂടെ നടന്ന് ഗോകര്‍ണത്തിന്റെ പ്രകൃതിസൗന്ദര്യം മുഴുവനായും ആസ്വദിക്കാം, താഴെ ബീച്ച് മുകളില്‍ കാടിന്റെ സൗന്ദര്യം. ആദ്യം ഓം ബീച്ചിലൂടെയാണ് ട്രെക്കിംഗ് തുടങ്ങുന്നത്.
ചെറിയ പടവുകള്‍ വഴി താഴേക്ക് ഇറങ്ങുമ്പോള്‍ തന്നെ ഓം ആകൃതിയില്‍ നീല നിറത്തില്‍ കടല്‍ തിളങ്ങുന്നത് കാണാം. അതു കൊണ്ടാണ് ഇതിന് ഓം ബീച്ച് എന്ന പേര് വരാനുള്ള കാരണം. കടലില്‍ കുളിക്കുന്നവര്‍ക്ക് ഓംബീച്ച് മറ്റൊരു ഗോവ അനുഭവം നല്‍കും.
അടുത്തത് ഹാഫ് മൂണ്‍ ആണ്. പേരുപോലെത്തന്നെ അര്‍ധവൃത്താകൃതിയിലാണ് ഹാഫ്മൂണ്‍ ബീച്ച്. ഓം ബീച്ചും ഹാഫ് മൂണ്‍ ബീച്ചും വേര്‍തിരിക്കുന്നത് കടലിലേക്ക് നീണ്ടു കിടക്കുന്ന പാറക്കൂട്ടങ്ങളാണ്. അതിനുമേലെ കൂട്ടത്തോടെ ട്രെക്കിംഗ് നടത്താം. കയ്യില്‍ ധാരാളം പഴങ്ങളും വെള്ളവും കരുതണം.
ഇനി ഗോകര്‍ണയുടെ സ്വര്‍ഗം എന്ന് വിളിപ്പേരുള്ള പാരഡൈസ് ബീച്ചിലേക്കുള്ള ട്രെക്കിംഗ് ആണ്. കടല്‍ത്തീരവും കഴിഞ്ഞ് ഓം ബീച്ചിന്റെ അറ്റത്തു നിന്നുള്ള പാറകള്‍ കടന്ന് മുകളിലേക്കുകയറി നടന്നു. ഒരു മലയുടെ ചെരിവിലൂടെയാണ് യാത്ര. പാറക്കെട്ടുകള്‍ നിറഞ്ഞ വഴിയില്‍ കഷ്ടിച്ച് ഒരാള്‍ക്കുമാത്രം നടക്കാം.
അത്യധികം ത്രില്ലിങ്ങും അതിലേറെ അപകടകരവുമായ യാത്രയാണിത്. കാലൊന്ന് തെന്നിയാല്‍ മലയുടെ താഴെ തിരയടിച്ചുനുരയുന്ന പാറക്കെട്ടുകളില്‍ വീഴും. കരുത്തുള്ള ടീം കൂടെയുള്ളപ്പോള്‍ ഈ ട്രെക്കിംഗ് പരീക്ഷിക്കാം. അവിടെ ഉള്ളത് മനോഹര ദൃശ്യമാണ്, ഒരുവശത്ത് പശ്ചിമഘട്ടവും മറുവശത്ത് അറബിക്കടലും ചേരുന്ന സമ്മോഹനമായ ദൃശ്യം.
ഗോകര്‍ണത്തില്‍ എത്തുന്ന സഞ്ചാരികള്‍ മിക്കവരും ഇവിടെയാണ് രാത്രിയില്‍ തമ്പടിക്കുന്നത്. ടെന്റുകളോ സ്ലീപ്പിങ് ബാഗോ കൊണ്ടുവന്നാല്‍ ഓപ്പണ്‍ ബീച്ചില്‍ നല്ല കടല്‍ക്കാറ്റേറ്റ് സുന്ദരമായി ഉറങ്ങാം. ഭക്ഷണം കഴിക്കാന്‍ തട്ടുകടപോലെ രണ്ട് ചെറിയ സംവിധാനങ്ങളുണ്ട്. ബാത് റൂം -ടോയ്‌ലെറ്റ് പോലെയുള്ള സൗകര്യങ്ങള്‍ അവിടെ കണ്ടതായി ഓര്‍ക്കുന്നില്ല.
സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളോ കുളിക്കുന്നത് നിയന്ത്രിക്കാനുള്ള സെക്യൂരിറ്റി ഗാര്‍ഡുകളോ ഇല്ലാത്ത, സുന്ദരമായ കടലോരവും വിദൂരതയിലേക്ക് നോക്കിയിരിക്കാന്‍ കൂറ്റന്‍ പാറകളും കടലിന്റെ സംഗീതവും കാറ്റിന്റെ താളവും ചേര്‍ന്ന ഒരു മായാലോകം പാരഡൈസ് ബീച്ച് നമുക്ക് നല്‍കും. എത്രനേരം ഇരുന്നാലും തിരികെ പോകാന്‍ തോന്നാത്ത, ഇനി തിരികെ പോയിക്കഴിഞ്ഞാല്‍ വീണ്ടും വീണ്ടും മാടിവിളിക്കുന്ന എന്തോ അദൃശ്യശക്തി ഈ ബീച്ചിനുണ്ട്. എന്നാല്‍ ടോയ്‌ലറ്റ് ഫെസിലിറ്റിയോ മറ്റോ കുറവാണ്.
പകല്‍ ട്രെക്കിംഗും കടല്‍ക്കാറ്റും കൊണ്ട് കഴിഞ്ഞാല്‍ പിന്നീട് കുഡ്‌ലെ ബീച്ചും മിര്‍ജാന്‍ ഫോര്‍ട്ടുമെല്ലാം കാണാം. ഏറെ ഇറങ്ങിക്കിടക്കുന്നകടലിലൂടെ സീ വോക്കിംഗും കയാക്കിംഗും ഒക്കെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ധാരാളം ഫൈബര്‍ ബോട്ടുകളും എയര്‍ ബോട്ടുകളും കാണാം.
സെപ്റ്റംബര്‍ മുതല്‍ മേയ് വരെയാണ് ഗോകര്‍ണയിലെ സീസണ്‍. ഈ സമയം കടല്‍ വളരെ ശാന്തമാണ്. കുഡ്‌ലെ ബീച്ചില്‍ വെറുതേയൊന്ന് ചുറ്റിയശേഷം ഗോകര്‍ണയില്‍നിന്ന് കുംതയിലേക്ക് ബസ് കയറി റെയില്‍വേ സ്‌റ്റേഷനിലേക്ക് തിരിക്കാം. ട്രെയിന്‍ മുരുഡേശ്വറിലെത്തും അവിടെ ഇറങ്ങേണ്ടവര്‍ക്ക് അവിടെ ഒരു വൈകുന്നേരം ആസ്വദിക്കാം. പിന്നിട്ട് മംഗലാപുരത്തേക്ക് ബസ്, ട്രെയ്ന്‍ എന്നിവ കിട്ടും. എറണാകുളത്തു നിന്നും പോയി ഇവിടെയെല്ലാം കറങ്ങി താമസിച്ച് തിരികെ എത്താന്‍ ഒരാള്‍ക്ക് 4000 രൂപ മതിയാകും എന്നതാണ് ഹൈലൈറ്റ്.
കുറച്ച് ദിവസം ഗോകര്‍ണയില്‍ താമസിച്ചാല്‍ നിങ്ങള്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഗോകര്‍ണിലെ 10 സ്ഥലങ്ങള്‍ ഒറ്റനോട്ടത്തില്‍
1. കുഡ്‌ലേ ബീച്ച്
2.ഓം ബീച്ച്
3. പാരഡൈസ് ബീച്ച്
4. മിര്‍ജാന്‍ ഫോര്‍ട്ട്
5.മഹാബലീശ്വര ക്ഷേത്രം
6.ഹാഫ് മൂണ്‍ ബീച്ച്
7. ഗോകര്‍ണ ബീച്ച്
8.മഹാ ഗണപതി ക്ഷേത്രം
9. ശിവ കേവ്
10. ബെലെകന്‍ ബീച്ച്