ദുബൈ-കൊച്ചി കപ്പല്‍യാത്ര: ടിക്കറ്റ് ഫ്രീയായി നേടാം

പ്രവാസി മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ നാട്ടില്‍ തിരിച്ചെത്താന്‍ പ്രയോജനപ്പെടുന്ന ദുബൈ-കൊച്ചി പാസഞ്ചര്‍ കപ്പല്‍ സര്‍വീസിന് നവംബറില്‍ തുടക്കമാകും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, സംസ്ഥാന സര്‍ക്കാര്‍, നോര്‍ക്ക, അനന്തപുരി ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ സഹകരിച്ചാണ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലെ സര്‍വീസാകും ആദ്യം. വിജയിച്ചാല്‍ തുടര്‍ സര്‍വീസുകളുണ്ടാകും. കൊച്ചിക്ക് പുറമേ ബേപ്പൂര്‍, വിഴിഞ്ഞം എന്നിവിടങ്ങളിലേക്കും സര്‍വീസ് പ്രതീക്ഷിക്കാം. നേരത്തേ 2011ലും പരീക്ഷാണാടിസ്ഥാനത്തില്‍ കപ്പല്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും വിജയമാകാത്തതിനാല്‍ നിറുത്തി.
ഇപ്പോള്‍ വിമാന ടിക്കറ്റ് നിരക്ക് വന്‍തോതില്‍ ഉയര്‍ന്നുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ്, കുറഞ്ഞ ചെലവുള്ള കപ്പല്‍ സര്‍വീസ് വേണമെന്ന ആവശ്യം ശക്തമായത്. കപ്പല്‍ സര്‍വീസിന് വലിയ സ്വീകാര്യത കിട്ടിയാല്‍ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്നും വിലയിരുത്തപ്പെടുന്നു.
ടിക്കറ്റ് നേടാം ഫ്രീയായി
ദുബൈ-കൊച്ചി കപ്പല്‍ സര്‍വീസിന് യു.എ.ഇയിലെ പ്രവാസികള്‍, പ്രവാസി സംഘടനകള്‍ എന്നിവരില്‍ നിന്ന് മികച്ച പ്രതികരണമുണ്ടാകുന്നുണ്ട്. സര്‍വീസിലെ ആദ്യ യാത്രക്കാര്‍ക്ക് ടിക്കറ്റ് സൗജന്യമായി ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
440 മുതല്‍ 660 ദിര്‍ഹം വരെയാണ് കപ്പലില്‍ ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്. അതായത് 10,000 രൂപ മുതല്‍ 15,000 രൂപവരെ. പ്രവാസികള്‍ നാട്ടിലേക്കും തിരിച്ചുംമടങ്ങുന്ന സീസണുകളില്‍ വിമാനക്കമ്പനികള്‍ 25,000 രൂപയ്ക്കുമേല്‍ ടിക്കറ്റ് നിരക്ക് ഈടാക്കി നടത്തുന്ന കൊള്ളയ്ക്ക് തടയിടുക ലക്ഷ്യമിട്ടാണ് കപ്പല്‍ സര്‍വീസ് ആലോചിച്ചത്.
ന്യൂനതകളും ഗുണങ്ങളും
ദുബൈ-കൊച്ചി കപ്പല്‍ യാത്രയ്ക്ക് മൂന്ന് ദിവസം വേണമെന്നതാണ് ന്യൂനത. അതായത് ലീവെടുത്ത് നാട്ടിലേക്ക് പുറപ്പെടുന്നവര്‍ മൂന്ന് ദിവസം നാട്ടിലേക്കുള്ള യാത്രയ്ക്കായി തന്നെ ചെലവിടണം. 1,250 പേര്‍ക്ക് കപ്പലില്‍ യാത്ര ചെയ്യാം. ഒരാള്‍ക്ക് 200 കിലോവരെ ലഗേജ് കൊണ്ടുവരാമെന്ന നേട്ടമുണ്ട്. കപ്പലില്‍ ഇഷ്ടാനുസരണം ഭക്ഷണം തിരഞ്ഞെടുക്കാം. വിനോദോപാധികളും ഉണ്ടെന്നത് കുടുംബയാത്രികര്‍ക്ക് ആസ്വാദ്യമാകും.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it