യാത്രാപ്രേമികളെ, നിങ്ങള്‍ ഒരിക്കലെങ്കിലും പോയിരിക്കണം ഈ ഹില്‍ സ്‌റ്റേഷനുകളിലേക്ക്

യാത്രികരുടെ ഇഷ്ട ഇടങ്ങളാണ് ഹില്‍ സ്‌റ്റേഷനുകള്‍. മലകയറി, ചുരം കടന്ന്, ഹെയര്‍ പിന്‍ വളവുകളില്‍ ഓരോന്നിലും കൂകി വിളിച്ച് യാത്രക്കാര്‍ കയറിച്ചെല്ലുന്നത് അവരുടെ സ്വപ്‌നത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലേക്കാണ്. യാത്രക്കാര്‍ പലപ്പോഴും യാത്രകള്‍ തന്നെ ഇഷ്ടപ്പെട്ടത് ഇത്തരം ഹില്‍ സ്റ്റേഷനുകളില്‍ നിന്ന് അവര്‍ ഒരിക്കലെങ്കിലും പകര്‍ന്നെടുത്ത മറക്കാനാകാത്ത അനുഭവങ്ങളില്‍ നിന്നുമായിരിക്കും. കോടമഞ്ഞും മേഘക്കാഴ്ചകളും കാത്തിരിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഹില്‍ സ്‌റ്റേഷനുകള്‍ കാണാം

മുത്താണ് മൂന്നാര്‍
മൂന്നാര്‍ ഹില്‍സിലേക്ക് പോകാതെ എന്ത് ഹില്‍സ്‌റ്റേഷന്‍. എത്ര കണ്ടാലും മടുക്കാത്തത്ര കാഴ്ചകളും മൂന്നാറില്‍ നിന്നും അല്‍പ്പം മാറി സ്ഥിതി ചെയ്യുന്ന മലനിരകളും എല്ലാം നോക്കുമ്പോള്‍, മൂന്നാറ് മുത്താണ്. കൊച്ചി, തൃശൂര്‍, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നൊക്കെയെങ്കില്‍ വണ്‍ ഡേ ട്രിപ്പ് ആയി പോലും മൂന്നാര്‍ കണ്ടുമടങ്ങാം.
മഞ്ഞിന്റെ കുളിരും കൊണ്ട് താമസിക്കാനാണെങ്കിലോ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേ മുതല്‍ മൂന്നാറിലെത്തുന്നവര്‍ക്ക് ഫൈവ് സ്റ്റാര്‍ സ്റ്റേ വരെ ലഭ്യവുമാണ്. കാണാന്‍ എന്തുണ്ടെന്ന് അന്വേഷിക്കേണ്ട. എങ്ങോട്ട് തിരിഞ്ഞാലും മൂന്നാറില്‍ പ്രകൃതിയൊരുക്കിയ മനോഹര ദൃശ്യങ്ങളാണ്. സിഎസ്‌ഐ ചര്‍ച്ച്, ടീ മ്യൂസിയം, പോതമേട്, ടോപ്‌സ്റ്റേഷന്‍, രാമസ്വാമി അയ്യര്‍ ഡാം, ലെയ്ക്ക്, ജ്യോഗ്രഫിക് പാര്‍ക്ക് അങ്ങനെ പലതും ഉണ്ട് മൂന്നാറില്‍. ഹില്‍ സ്‌റ്റേഷനുകളെ പ്രണയിക്കുന്നവര്‍ മൂന്നാറില്‍ നിന്നും തുടങ്ങിക്കോളൂ.


ദേവികുളം കാണാതെ എങ്ങനെ പോകും

ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ദേവികുളം മൂന്നാറില്‍ നിന്നും അടുത്താണ്. മനോഹരമായ പ്രകൃതിയും കാലാവസ്ഥയുമാണ് ഏതൊരു ഹില്‍ സ്റ്റേഷനിലെയും പോലെ ദേവികുളത്തെയും പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്നും 1800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടേയ്ക്ക് മൂന്നാറില്‍ നിന്നും 7 കിലോമീര്‍ ദൂരമേയുള്ളു. ട്രക്കിംഗില്‍ താല്‍പര്യമുള്ളവര്‍ക്കും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഫോട്ടോഗ്രാഫിയില്‍ പരീക്ഷണങ്ങള്‍ നടത്തുവാനും താല്‍പര്യമുള്ളവര്‍ക്കും പറ്റിയ കേന്ദ്രമാണിത്. ജൈവവൈവിധ്യമാണ് ദേവികുളത്തെ മറ്റൊരു പ്രത്യേകത.

ചുവന്ന അരക്കുമരങ്ങള്‍ ദേവികുളത്തെ കാഴ്ചകളെ ദീപ്തമാക്കും. സീത ദേവി തടാകമാണ് ദേവികുളത്തെ പ്രധാന ആകര്‍ഷണം. രാമയണവുമായി ബന്ധപ്പെട്ടാണ് ഈ തടാകത്തിന് ദേവികുളം എന്ന പേരുതന്നെ വന്നത്. മനോഹരമായ ഈ തടാകത്തില്‍ സീത ദേവി സ്നാനം നടത്തിയിട്ടുണ്ടെന്നാണ് വിശ്വാസം, അതിനാലാണ് ഇതിനെ സീത ദേവി തടാകം(ദേവി കുളം) എന്ന് വിളിയ്ക്കുന്നത്.

പള്ളിവാസല്‍ വെള്ളച്ചാട്ടമാണ് മറ്റൊരു കാഴ്ച. കൂടാതെ തേയില ഉള്‍പ്പെടെയുള്ള തോട്ടങ്ങളും കാണാം, തോട്ടങ്ങള്‍ കാണാനായി ടൂറുകള്‍ തന്നെയുണ്ട്. ഫാം ടൂറിസത്തിന്റെ കേന്ദ്രമാണ് ദേവികുളം എന്നു വേണമെങ്കില്‍ പറയാം. ഇതുകൂടാതെ പുരാവസ്തുഗവേഷകര്‍ 3000 വര്‍ഷത്തിലേറെ പ്രായം കണക്കാക്കിയിട്ടുള്ള എഴുത്തറകളും മുനിയറകളുമെല്ലാമുള്ള നാടാണ് ദേവികുളം. മൂന്നാറും ദേവികുളവും ചേര്‍ത്ത് ഒറ്റ യാത്രയില്‍ കാണാവുന്നതാണ്.



വഴിയോരക്കാഴ്ചകളുമായി വയനാട്

കോഴിക്കോട്ട് നിന്ന് താമരശേരി ചുരം കടന്ന് വയനാട്ടിലേക്ക് പോകാതെ സൗത്ത് ഇന്ത്യയിലെ മികച്ച ഹില്‍സ്‌റ്റേഷനുകള്‍ ഒരുക്കിവച്ച കൊതിപ്പിക്കുന്ന കാഴ്ചകള്‍ എങ്ങനെ പൂര്‍ത്തിയാകും. ഇടക്കല്‍ കേവ്‌സ്, സൂചിപ്പാറ വെള്ളച്ചാട്ടം, ലക്കിടി വ്യൂ പൂയിന്റ്, ചേതലയം വെള്ളച്ചാട്ടം, മുത്തങ്ങ വനം, കുറുമ്പന്‍ ചോല അങ്ങനെ വയനാട്ടിലേക്ക് സഞ്ചാരികളെ മാടിവിളിക്കുന്ന കാഴ്ചകളേറെയാണ്.
സൗന്ദര്യറാണിയായി റാണിപുരം
കാസര്‍കോട്, കാഞ്ഞങ്ങാട് നിന്ന് 48 കിലോമീറ്റര്‍ കിഴക്കോട്ടേക്ക് സഞ്ചരിച്ചാല്‍ റാണിപുരത്തെത്താം. ആദ്യകാലത്ത് മാടത്തുമല എന്ന് വിളിക്കപ്പെട്ടിരുന്ന സ്ഥലം 1969 സെപ്റ്റംബര്‍ 26-നാണ് കോട്ടയം അതിരൂപത വിലയ്ക്ക് വാങ്ങി. 46 ക്‌നാനായ കുടുംബാംഗങ്ങള്‍ ഇവിടേക്ക് കുടിയേറ്റം നടത്തി.
പരിശുദ്ധമറിയത്തിന്റെ ഓര്‍മയ്ക്കായി അവര്‍ മാടത്തുമലയ്ക്ക് റാണിപുരം എന്ന പുതിയ പേരിട്ടു. കാനനപ്രദേശമായ റാണിപുരത്തെ മനുഷ്യവാസയോഗ്യമായ വിനോദസഞ്ചാരകേന്ദ്രമാക്കിയതിന് പിന്നില്‍ കുടിയേറ്റജനതയുടെ അശ്രാന്തപരിശ്രമമുണ്ട്.
റാണിപുരത്തിന്റെ അടിത്തട്ടില്‍ നിന്ന് നിഗൂഢമായ മഴക്കാടുകള്‍ക്കിടയിലൂടെ നടന്നുകയറുമ്പോള്‍ കിളികളുടെ കളകളാരവും അരുവിയുടെ കിളിയൊച്ചകളും ചീവിടുകളുടെ നിര്‍ത്താതെയുള്ള കരച്ചിലും കാതുകളിലെത്തും.
രണ്ടരക്കിലോമീറ്റര്‍ കയറിക്കഴിയുമ്പോള്‍ മാനിമല പുല്‍മേടിന്റെ ഹരിതസൗന്ദര്യം കണ്ണുകളില്‍ നിറയും. പച്ചപ്പരവാതിനി വിരിച്ച പോലെ പുല്‍മൈതാനം. മിക്കനേരങ്ങളിലും വീശിയടിക്കുന്ന ഈറന്‍കാറ്റ്.
പച്ചകളെ മറിച്ചെത്തുന്ന കോടമഞ്ഞ് റാണിപുരത്തിന്റെ സൗന്ദര്യം ഇരട്ടിയാക്കും. ചിത്രശലഭങ്ങള്‍ പൂക്കളിലും പുല്‍മേടുകളിലും നക്ഷത്രങ്ങളായി പാറിനടക്കും. കുടുംബവും കുട്ടികളുമായി പ്രാരാബ്ധങ്ങളേതുമില്ലാതെ പുല്‍മേടുകളില്‍ വിഹരിക്കുന്ന സഹ്യന്റെ മക്കള്‍ ഐശ്വര്യക്കാഴ്ചയാവും.
റാണിപുരം സ്വപ്നസുന്ദരിയാവുന്നത് വര്‍ഷ-ശൈത്യകാലങ്ങളിലാണ്. ആ നേരങ്ങളിലെ പ്രഭാതങ്ങളും സായാഹ്നങ്ങളും അതീവസൗന്ദര്യത്തിന്റെ ചമയങ്ങളണിയും. കണ്ടുകണ്ടങ്ങനെ നിന്നുപോകും.
റാണിപുരത്തെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ഷം കഴിയുന്തോറും വന്‍വര്‍ധനയാണ്. ഇപ്പോള്‍ ശരാശി നാനൂറിലധികം ആളുകള്‍ റാണിപുരത്തിന്റെ സൗന്ദര്യമറിയാനെത്തുന്നു. അവധിദിവസങ്ങളില്‍ 1000 കവിയും.
കര്‍ണാടകയുടെ സൗന്ദര്യങ്ങളായ കുടക്, കുശാല്‍നഗര്‍, മൈസൂര്‍ റാണിപുരത്തിന്റെ അയല്‍ക്കാര്‍. പാണത്തൂരില്‍ നിന്ന് തലക്കാവേരിയിലേക്ക് 40 കിലോമീറ്ററും കുടകിലേക്ക് 60 കിലോമീറ്ററും എരുമാട് ദര്‍ഗ്ഗയിലേക്ക് 60 കിലോമീറ്ററും ദൂരമേയുള്ളൂ.
ചേലുള്ള ചെമ്പ്ര

ചെമ്പ്രാ പീക് അഥവാ ചെമ്പ്രാ കൊടുമുടി യാത്രാപ്രേമികള്‍ കണ്ടിരിക്കേണ്ട ഇടമാണ്. വയനാട്ടിലെ ലക്കിടി കഴിഞ്ഞ് ദേശീയപാത 212ലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചുണ്ടേല്‍ ടൗണെത്തും. ഇവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേപ്പാടിയെത്തും. ഇവിടെ നിന്ന് വലത്തേക്ക് കിടക്കുന്ന റോഡിലേക്ക് പ്രവേശിക്കുക. നാലു കിലോമീറ്റര്‍ വീണ്ടും സഞ്ചരിച്ചാല്‍ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ എത്തും. ഇതാണ് നമ്മുടെ സ്ഥലം.

സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചെമ്പ്ര കൊടുമുടിയിലെ കാഴ്ച്ച കേരളത്തില്‍ തന്നെ മറ്റെങ്ങും കണ്ടെത്താന്‍ കഴിയാത്ത കാഴ്ച്ചയാണ്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ ഇങ്ങനെയൊരിടം കണ്ടെത്താനായെന്ന് വരില്ല. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് നല്‍കിയിരിക്കുന്ന സൗന്ദര്യമാണിവിടെ. വയനാട് ജില്ല മൊത്തവും കോഴിക്കോടിന്റെ ഭാഗങ്ങളും ഈ കൊടുമുടിയില്‍ നിന്നാല്‍ കാണാം.

ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് ചെമ്പ്രയും ഇഷ്ടപ്പെടും. ഒരു ദിവസത്തെ ട്രെക്കിംഗ് ഉദേശിക്കുന്നവര്‍ക്ക് ചെമ്പ്ര പീക്കിലേക്ക് വിടാം. ഏകദേശം മൂന്നു മണിക്കൂറാണ് ട്രെക്കിംഗിന് വേണ്ടിവരുന്ന സമയം. ഇവിടത്തെ ഹൃദയആകൃതിയിലുള്ള തടാകം കാണാനാണ് പലരും മലകയറുന്നത്. ഹൃദയ സരസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരിക്കലും ഈ തടാകത്തിലെ വെള്ളം വറ്റില്ല. ഹാർട്ട് ഷേപ്പിലാണ് ഈ തടാകം.

തടാകം വരെയുള്ള ട്രെക്കിംഗ് വലിയ ബുദ്ധിമുട്ടേറിയതല്ല. അതിന് ശേഷം കുത്തനെയുള്ള കയറ്റമാണുള്ളത്. കാട്ടിനുള്ളലൂടെയുള്ള ട്രെക്കിംഗ് നിങ്ങള്‍ക്ക് വേറിട്ട ഒരു അനുഭവം സമ്മാനിക്കും. തണുത്ത ഇളംകാറ്റ് തഴുകി കടന്നു പോവുക കൂടി ചെയ്യുമ്പോള്‍ ചെമ്പ്രയെ നിങ്ങള്‍ ഉറപ്പായും ഇഷ്ടപ്പെടും.

വാഗമണ്‍ നീ എത്ര സുന്ദരന്‍

കൊച്ചിയില്‍ നിന്ന് പാലാ വഴിയും രാമപുരം വഴിയും വാഗമണിലെളുപ്പമെത്താം. രണ്ട് റൂട്ടുകളും ഏതാണ്ട് ഒരേ ദുരം തന്നെയാണ്. മണ്‍സൂണ്‍ കാലത്തെ വാഗമണ്‍ യാത്രയ്ക്കാണ് ആരാധകരേറെയുള്ളത്. ചാറ്റല്‍ മഴയും തണുപ്പും കാറ്റുമേറ്റ് ഒരു യാത്ര. അതാണ് വാഗമണിലേക്ക് സന്ദര്‍ശകരെ അടുപ്പിക്കുന്നത്. ബൈക്കര്‍മാര്‍ റാലിയായി പോവാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം കൂടിയാണിത്. ഇടയ്ക്ക് റോഡുകളുടെ ഗതി പരിതാപകരമാകുമെങ്കിലും ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റായി അതിനെ കണ്ട് മുന്നോട്ട് പോവുകയാണ് വേണ്ടത്. കൊച്ചിയില്‍ നിന്ന് പാലായിലെത്തി ഭരണങ്ങാനം ഈരാറ്റുപേട്ട വഴി തീക്കോയി വെള്ളിക്കുളത്തിലൂടെയാണ് വാഗമണ്‍ യാത്ര കൂടുതൽ സുന്ദരം.


വെള്ളിക്കുളം എത്തുമ്പോള്‍ ഇല്ലിക്കല്‍ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള വഴികാട്ടി ബോര്‍ഡുകള്‍ കാണാം. ഇടത്തേക്ക് തിരിഞ്ഞാല്‍ ഇവിടങ്ങളിലേക്ക് പോകാം. അവിടെ എത്തിയാലോ വശ്യമനോഹര പ്രകൃതിയെ കണ്ടങ്ങനെ ആസ്വദിച്ച്‌ നിൽക്കാം.
സമുദ്ര നിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വാഗമണ്‍. ഇടുക്കി-കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പ്രകൃതിയയോടടുത്തു നില്‍ക്കുന്ന വിനോദസഞ്ചാര കേന്ദ്രം.
പൊതുവെ വളരെ തണുപ്പുള്ള കാലാവസ്ഥയാണ് വാഗമണിന്. 10 മുതല്‍ 23 ഗിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. കണ്ണെത്താത്ത ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍, കോടമഞ്ഞ് തുടങ്ങിയവ വാഗമണിന്റെ മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളാണ് വാഗമണിന്റെ ഐഡന്റിറ്റി.
വാഗമണിലെ മൊട്ടക്കുന്നുകള്‍ കാണാനും അവിടെ സമയം ചെലവഴിക്കാനുമാണ് സഞ്ചാരികള്‍ എത്തുന്നത്. പൈന്‍മരക്കാടുകള്‍ കൂടി ചേരുമ്പോള്‍ മനോഹാരിത വര്‍ദ്ധിക്കുന്നു. മലമ്പാതകളിലൂടെയുള്ള ഡ്രൈവ് ഏറെ മനോഹരമാണ്. പ്രകൃതി ദൃശ്യങ്ങള്‍ കണ്ടുകൊണ്ട് ഈ റോഡുകളിലൂടെ വാഹനമോടിക്കുക എന്നത് ആരെയും ആകര്‍ഷിക്കും. തങ്ങള്‍ മല, മുരുകന്‍ മല, കുരിശുമല എന്നീ മൂന്നു മലകളാല്‍ ചുറ്റപ്പെട്ടിരിക്കുകയാണ് വാഗമണ്‍. തീര്‍ത്ഥാടനത്തിന് പ്രാധാന്യമുള്ള സ്ഥലങ്ങള്‍ കൂടിയാണ് ഈ മലകള്‍.
വാഗമണിലെ തടാകം കാണാതെ മടങ്ങരുത്. മൊട്ടക്കുന്നുകളും പൈന്‍മരക്കാടുകളും മാത്രം കണ്ട് പലരും വാഗമണില്‍ നിന്ന് തിരികെ പോകുന്നു. നിരവധി സിനിമകള്‍ക്ക് ലൊക്കേഷനായ തടാകം കാണാന്‍ വിട്ടുപോയാല്‍ അത് നഷ്ടമാണ്.
അതിമനോഹരമായ തടാകത്തിലൂടെ ബോട്ടിങ് നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചുറ്റിലുമുള്ള കാഴ്ച്ചകള്‍ ബോട്ടിലിരുന്ന് പകര്‍ത്താം. മൊട്ടക്കുന്നിലൂടെ നടന്നുകയറിയാല്‍ പൈന്‍ഫോറസ്റ്റിലെത്താം.
കയറ്റിറക്കങ്ങള്‍ നിറഞ്ഞ നടത്തം കിതപ്പിക്കുമെങ്കിലും കാഴ്ച്ചകളൊക്കെ കണ്ട് നടന്നു നീങ്ങിയാല്‍ ക്ഷീണം അറിയില്ല. അരമണിക്കൂര്‍ നടക്കുമ്പോള്‍ പൈന്‍ കാടുകളിലെത്തിച്ചേരാം. നല്ല ഉയരത്തില്‍ നില്‍ക്കുന്ന പൈന്‍മരങ്ങളുടെ കാഴ്ച്ച കാണേണ്ടതാണ്.
തട്ടുതട്ടായി അടുക്കി നിര്‍ത്തിയതുപോലെ തോന്നും. തലയെടുപ്പോടെ നില്‍ക്കുന്ന പൈന്മരങ്ങളും പൈന്‍മരക്കാടും സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനാണ്. പാട്ടുരംഗങ്ങളും മറ്റുമൊക്കെ ഇവിടെ ചിത്രീകരിക്കാറുണ്ട്. ഊട്ടിയിലെയോ കൊടൈക്കനാലിലെയോ പൈന്‍തോട്ടങ്ങളിലേതു പോലത്തെ തിരക്ക് ഇവിടെ അനുഭവപ്പെടാത്തതിനാല്‍ കുടുംബമായി എത്തുന്നവര്‍ക്ക് നന്നയായി ആസ്വദിക്കാം.


രാമക്കല്‍മേട്
വ്യത്യസ്തമായ യാത്രകള്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കല്‍മേട്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കല്‍മേട് സ്ഥിതി ചെയ്യുന്നത്.
ഇത്രയും ഉയരം കീഴടക്കി രാമക്കല്‍മേടിന്റെ ഉച്ചിയില്‍ എത്തിയാല്‍ തമിഴ്‌നാടിന്റെ സൗന്ദര്യം കാണാം.
മലമുകളിലെ പാറക്കൂട്ടങ്ങള്‍ സാഹസികരായ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. പാറക്കൂട്ടങ്ങളുടെ സൗന്ദര്യം കാണുന്നതില്‍ ഉപരി പാറക്കെട്ടുകളില്‍ വലിഞ്ഞ് കയറി ആവേശംകൊള്ളാന്‍ ഇഷ്ടപ്പെടുന്നവരാണ് സഞ്ചാരികളില്‍ പലരും. എപ്പോഴും വീശിയടിക്കുന്ന കാറ്റ് ഈ സാഹസികതയ്ക്ക് കൂടുതല്‍ ആവേശം പകരും.
മൂന്നാര്‍- തേക്കടി റോഡില്‍ നെടുങ്കണ്ടത്തിനടുത്താണ് രാമക്കല്‍മേട്. കുറവന്‍- കുറത്തി പ്രതിമയാണ് മറ്റൊരാകര്‍ഷണം. കമ്പം, തേനി പ്രദേശങ്ങളെല്ലാം ഇവിടെ നിന്നാല്‍ കാണാവുന്ന മനോഹര കാഴ്ചകളില്‍ പെടുന്നു. രാമന്റെ വനവാസ കാലത്ത് സീതാ ദേവിയ്ക്കായുള്ള അന്വേഷണത്തില്‍ രാമനും ലക്ഷ്മണനുമായി ഇവിടം സന്ദര്‍ശിച്ചുവെന്നും രാമന്റെ കാല്‍ പതിഞ്ഞ മേട് പിന്നീട് രാമക്കല്‍മേടായെന്നും ഐതിഹ്യമുണ്ട്. കാറ്റാടിപ്പാടങ്ങളും മനോഹരമായ പ്രകൃതി ദൃശ്യങ്ങളും രാമക്കല്‍മേടും പരിസര പ്രദേശങ്ങളും സഞ്ചാരികള്‍ക്ക് മറക്കാനാകാത്ത സുന്ദരമായ ഓര്‍മകള്‍ സമ്മാനിക്കുമെന്നതുറപ്പ്.

കേരളത്തിലെ ഹില്‍സ്റ്റേഷനുകളില്‍ ഇനിയും ബാക്കിയുണ്ട് ചിലയിടങ്ങള്‍, വരൂ നമുക്ക് ചുറ്റാം.
നിങ്ങളുടെ പ്രിയ സ്ഥലങ്ങള്‍ കമന്റ് ചെയ്യൂ.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it