യാത്രകള്‍ അടിപൊളിയാക്കാം, ഈ ചെറിയ കാര്യങ്ങളിലൂടെ

സന്തോഷത്തോടെ, അടിപൊളിയായി ഒരു ട്രിപ്പ് (Trip) പോകുമ്പോഴായിരിക്കും ഫോണിലെ ചാര്‍ജ് കുറവാണെന്ന കാര്യം അറിയുന്നത്, ചാര്‍ജ് ചെയ്യാന്‍ കേബിളും കൂടിയില്ലെങ്കില്‍ പിന്നെ ചിന്തകളൊക്കെ വേറെ ലോകത്തായിരിക്കും. പിന്നീട് ട്രിപ്പ് ഒന്ന് ആസ്വദിക്കാന്‍ പോലുമാവില്ല... ഒരുപക്ഷേ പല യാത്രകളിലും പലര്‍ക്കും സംഭവിക്കുന്ന കാര്യമാണിത്, ചെറിയ ചെറിയ കാര്യങ്ങള്‍ കൊണ്ട് യാത്ര പോലും ആസ്വദിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. നമ്മുടെ ചെറിയൊരു ശ്രദ്ധക്കുറവ് കൊണ്ട് യാത്രകളില്‍ നാം ആഗ്രഹിച്ച സന്തോഷങ്ങള്‍ പോലും നമുക്ക് നഷ്ടപ്പെട്ടേക്കാം. ഇതൊഴിവാക്കാന്‍ ഒരു യാത്രയില്‍ നാം തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ആവശ്യമായവ ലിസ്റ്റ് ചെയ്തുവയ്ക്കുക
നിങ്ങള്‍ക്ക് യാത്രയിലാവശ്യമായ, ദൈനംദിനം വേണ്ടി വരുന്ന എല്ലാ സാധനങ്ങളും ലിസ്റ്റ് ചെയ്തുവെച്ച് അവ കരുതിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ടൂത്ത് ബ്രഷ് മുതല്‍ ഫോണ്‍ ചാര്‍ജര്‍ അടക്കമുള്ളവ നമുക്ക് അത്യാവശ്യമായി വരുന്നവയാണ്. ചിലപ്പോള്‍ നാം പോകാനുദ്ദേശിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇവ ലഭ്യമാകണമെന്നില്ല. അതിനാല്‍ തന്നെ സാധനങ്ങള്‍ ലിസ്റ്റ് ചെയ്ത് അവ യാത്രക്കായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്.
ലക്ഷ്യസ്ഥാനം അറിഞ്ഞിരിക്കണം
നാം എവിടയാണ് പോകുന്നുവെന്നതിനെ കുറിച്ചും പോവേണ്ട വഴികളെ കുറിച്ചും കൃത്യമായി ധാരണയുണ്ടായിരിക്കണം. അവിടത്തെ, കാലാവസ്ഥയെ കുറിച്ച് നേരത്തെ മനസിലാക്കിയാല്‍ ആവശ്യമായ വസ്ത്രങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കും. യാത്രയില്‍ വഴി തെറ്റാതിരിക്കാനും സുഗമമായി യാത്ര ചെയ്യാനും വഴികളെ കുറിച്ച് മനസിലാക്കി വയ്‌ക്കേണ്ടതാണ്. കഴിയുമെങ്കില്‍ എവിടെനിന്ന് ഭക്ഷണം കഴിക്കണമെന്നതിനെ കുറിച്ചും നല്ല ഹോട്ടലുകളെ കുറിച്ചും അറിഞ്ഞിരിക്കണം.
ഇന്ധനം വേണം, ഫോണിനും വാഹനത്തിനും
പല ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉയര്‍ന്ന പ്രദേശങ്ങളിലായതിനാല്‍ അവിടങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ സുലഭമായി ഉണ്ടാകണമെന്നില്ല. അതിനാല്‍ തന്നെ വാഹനത്തില്‍ ആവശ്യത്തിലധികം ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തണം. സാധാരണഗതിയില്‍ നാം പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമത മലയോരങ്ങളിലും ഉയര്‍ന്നപ്രദേശങ്ങളിലും വാഹനങ്ങള്‍ക്ക് ലഭിക്കില്ല. ആ കണക്കുകൂട്ടലുകള്‍ വെച്ച് നാം യാത്ര പോകുമ്പോള്‍ ഇന്ധനക്കുറവ് നമ്മെ ആശങ്കയിലാക്കും. കഴിയുമെങ്കില്‍ കൂടുതല്‍ ഇന്ധനം കരുതുന്നതും നല്ലതാണ്.
അതുപോലെ തന്നെ മൊബൈല്‍ ഫോണുകളിലും ചാര്‍ജ് ഉറപ്പുവരുത്തണം. പവര്‍ ബാങ്കുകളും കരുതാവുന്നതാണ്.
പ്ലാന്‍ ബി വേണം
ഏതൊരു യാത്രയും നാം പ്രതീക്ഷിക്കുന്നത് പോലെയാവണമെന്നില്ല. ചിലപ്പോള്‍ പല തടസങ്ങളും നാം നേരിട്ടേക്കാം. ഇത്തരം സാഹചര്യങ്ങള്‍ മറികടക്കുന്നതിന് നമുക്കൊരു പ്ലാന്‍ ബിയുണ്ടായിരിക്കുന്നത് നന്നായിരിക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it