അണിഞ്ഞൊരുങ്ങി കേരളം; ഇനി 'കല്യാണ ടൂറിസവും'

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണവര്‍വേകാനായി കേരളത്തെ ആഡംബര ല്യാണങ്ങളുടെ (ലക്ഷ്വറി വെഡിംഗ്) പ്രിയകേന്ദ്രമാക്കാന്‍ (വെഡിംഗ് ഡെസ്റ്റിനേഷന്‍) ടൂറിസംവകുപ്പ് ഒരുങ്ങുന്നു. പരമ്പരാഗത ആകര്‍ഷണങ്ങള്‍ക്ക് പുറമേ പുതിയതും കാലത്തിന് അനുസൃതവുമായ പദ്ധതികള്‍ നടപ്പാക്കി കൂടുതല്‍ ആഭ്യന്തര, വിദേശ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമാണിത്.

ഉത്തരവാദിത്വ ടൂറിസം, സാഹസിക ടൂറിസം, കാരവന്‍ ടൂറിസം തുടങ്ങിയ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ തുടക്കമിട്ടിരുന്നു. അടുത്തിടെ മാത്രം ആവിഷ്‌കരിച്ച കാരവന്‍ ടൂറിസത്തിനും മികച്ച സ്വീകാര്യതയുണ്ട്. ഇതിന് പിന്നാലെയാണ് വെഡിംഗ് ഇന്‍ കേരള കാമ്പയിനും നടപ്പാക്കുന്നത്.
മികച്ച 'വെഡിംഗ് ഡെസ്റ്റിനേഷന്‍' ആയി മാറുന്നതോടെ കേരളത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കും. ടൂറിസത്തിന് പുറമേ മറ്റ് നിരവധി മേഖലകള്‍ക്കും ഇതിന്റെ നേട്ടം ലഭിക്കുമെന്നതിനാല്‍ തൊഴിലവസരങ്ങളിലും ഉണര്‍വുണ്ടാകും.
അഴകിന്‍ പെരുമയില്‍ കേരളം
25 ലക്ഷം രൂപയ്ക്കുമേല്‍ ചെലവുള്ള കല്യാണങ്ങളെയാണ് 'ആഡംബര' (ലക്ഷ്വറി) വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. നിലവില്‍ രാജസ്ഥാനിലെ ജയ്പൂരും ഗോവയുമാണ് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയ ആഡംബര കല്യാണകേന്ദ്രങ്ങള്‍. ഇവയോട് കിടപിടിക്കുന്ന ആകര്‍ഷണങ്ങളും മികവുകളും കേരളത്തിനുമുണ്ട്.
മരുഭൂമിയും കൊട്ടാരങ്ങളുമാണ് ജയ്പൂരിന്റെ ആകര്‍ഷണങ്ങള്‍. ഗോവയിലാകട്ടെ ബിച്ചുകളും. കേരളത്തില്‍ ബീച്ചുകള്‍, കായലോരങ്ങള്‍, നദികള്‍, തനത് പ്രകൃതിഭംഗി നിലനിറുത്തിയുള്ള റിസോര്‍ട്ടുകള്‍, മലയോരങ്ങള്‍, വനങ്ങള്‍, മികച്ച കാലാവസ്ഥ, രുചികരമായ ഭക്ഷണം, ആയുര്‍വേദം എന്നിങ്ങനെ ആകര്‍ഷണങ്ങളുടെ വലിയ നിരതന്നെയുണ്ട്.
വെഡിംഗ് ഇന്‍ കേരള കാമ്പയിന്റെ ഭാഗമായി ഡല്‍ഹി, മുംബയ്, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളില്‍ കേരളത്തിന്റെ സൗന്ദര്യം വിളംബരം ചെയ്യുന്ന പരസ്യങ്ങള്‍ ഇടംപിടിച്ച് കഴിഞ്ഞു. സാമൂഹിക മാദ്ധ്യമങ്ങളില്‍ ചെറു പ്രചാരണ വീഡിയോകളും ഇ-ബ്രോഷറുകളുംചിത്രങ്ങളും കോര്‍ത്തിണക്കിയുള്ള പ്രചാരണവുമുണ്ട്.
കോവളം, കുമരകം, കൊച്ചി, ആലപ്പുഴ...
കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനികളില്‍ നിന്നുള്ള കണക്കുപ്രകാരം മാത്രം പ്രതിമാസം 20 മുതല്‍ 60 വരെ ആഡംബര കല്യാണങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. 25 ലക്ഷം രൂപ മുതല്‍ 10 കോടി രൂപയ്ക്കുമേല്‍ വരെയാണ് ഇവയ്ക്ക് ചെലവ് വരുന്നത്. കേരളത്തില്‍ ഏറ്റവുമധികം ആഡംബര കല്യാണങ്ങള്‍ നടത്തുന്നത് ഗുജറാത്തികളാണ്. ഡല്‍ഹി, മുംബയ്, പൂനെ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും കേരളത്തോട് പ്രിയമേറെ. അതി സമ്പന്നരായ പ്രവാസി മലയാളികളും സെലബ്രിറ്റികളും ഇത്തരം കല്യാണങ്ങള്‍ നടത്താറുണ്ട്.
ഒക്ടോബറില്‍ തുടങ്ങി മാര്‍ച്ചുവരെ നീളുന്നതാണ് കേരളത്തില്‍ ആഡംബര കല്യാണസീസണ്‍ എന്ന് ഈ രംഗത്തെ പ്രമുഖ സംഘാടകരായ കൊച്ചിയിലെ ശാദി വെഡിംഗ്‌സിന്റെ ഡയറക്ടര്‍ പ്രിജോ പറഞ്ഞു. കോവളം, കുമരകം, വയനാട്, ആലപ്പുഴ, കൊച്ചി എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.
മുഹൂര്‍ത്തം, വേദി, ബുക്കിംഗ്
ആഡംബര കല്യാണവേദിക്കായി ആറുമാസം മുതല്‍ ഒരുവര്‍ഷം മുന്നേതന്നെ ബുക്കിംഗ് നടത്തേണ്ട സ്ഥിതി കേരളത്തിലുണ്ടെന്ന് ശാദി വെഡിംഗ്‌സ് ഡയറക്ടര്‍ പ്രിജോ പറഞ്ഞു. മികച്ച റിസോര്‍ട്ടുകളുടെയും മുറികളുടെയും ലഭ്യതയാണ് ഏറ്റവും പ്രധാനം. കല്യാണ മുഹൂര്‍ത്തത്തിന് അനുസൃതമായി വേദി ലഭിക്കണം.
മികച്ചൊരു വെഡിംഗ് പ്ലാനറെ (സംഘാടകര്‍) കണ്ടെത്തുകയെന്നതും പ്രധാനമാണ്. ഹൈന്ദവ വിശ്വാസപ്രകാരമുള്ള ആഡംബര കല്യാണങ്ങളാണ് കൂടുതലെന്നതിനാല്‍ പൂജാരിയെ കണ്ടെത്തുന്നത് പോലും വെഡിംഗ് പ്ലാനര്‍മാരാണ്. മേക്കപ്പ്, ഫോട്ടോഗ്രഫി, വിനോദം, ഭക്ഷണം ഇങ്ങനെയും ആവശ്യങ്ങള്‍ നീളുന്നു. കഥകളി, മോഹിനിയാട്ടം, ശിങ്കാരിമേളം, ഡി.ജെ പാര്‍ട്ടി, ബാന്‍ഡ് മേളം, ഹള്‍ദി, അതിഥികള്‍ക്കിടയിലെ കൗതുക മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കണം.
നേട്ടങ്ങള്‍ ഒട്ടേറെ
ഓരോ ആഡംബര കല്യാണത്തിനും ലക്ഷങ്ങളും കോടികളുമാണ് ചെലവ്. 18 ശതമാനം ജി.എസ്.ടി വഴി സര്‍ക്കാരിനും കിട്ടുന്നുണ്ട്‌നല്ലവരുമാനം. കല്യാണ ആഘോഷങ്ങള്‍ പൊതുവേ മൂന്ന് ദിവസംവരെ നീളാറുമുണ്ട്. 5 മുതല്‍ 1,500 പേര്‍ വരെയാണ് ഇത്തരം കല്യാണങ്ങള്‍ക്ക് അതിഥികളായെത്തുക. വേദിയാകുന്ന ടൂറിസം കേന്ദ്രം, ഹോട്ടല്‍, റിസോര്‍ട്ട്, ഹൗസ്‌ബോട്ട് തുടങ്ങിയവയും വന്‍ വരുമാനം കൊയ്യും.
ഉദാഹരണത്തിന് കുമരകത്തെ ഒരു റിസോര്‍ട്ടില്‍ ആഡംബര കല്യാണം നടക്കുന്നു എന്നിരിക്കട്ടെ. റിസോര്‍ട്ടിന് വേദി, ഭക്ഷണം, അതിഥികളുടെ താമസം, സ്പാ തുടങ്ങിയ ഇനങ്ങളില്‍ വരുമാനം ലഭിക്കും.
കല്യാണാഘോഷങ്ങള്‍ക്ക് കൊഴുപ്പേകാനും അതിഥികളെ സന്തോഷിപ്പിക്കാനും കേരളത്തിന്റെ തനത് കലാരൂപങ്ങളും ഇടംപിടിക്കും. കഥകളി, തെയ്യം, മോഹിനിയാട്ടം, ചെണ്ടമേളം തുടങ്ങിയ കലകള്‍ക്കും കലാകാരന്മാര്‍ക്കും നേട്ടമാകും.
അതിഥികള്‍ മറ്റ് സംസ്ഥാനക്കാരോ വിദേശികളോ ആണെങ്കില്‍ അവര്‍ കൂടുതല്‍ ദിവസം കേരളത്തില്‍ ചെലവിടും. പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കും. ഹൗസ്‌ബോട്ട് യാത്ര നടത്തും. കരകൗശലമടക്കമുള്ള ഉത്പന്നങ്ങളും വാങ്ങിയേക്കാം. ടാക്‌സികളും പയോഗിക്കും.ഇതെല്ലാം മികച്ച വരുമാനം നേടിത്തരും. കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കും. കേരളാ ടൂറിസത്തിന് കൂടുതല്‍ പ്രചാരവും ലഭിക്കും.
കേരളാ ടൂറിസത്തിന്റെ കണക്കുപ്രകാരം 2022ല്‍ കേരളം സന്ദര്‍ശിച്ച ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം 2021നേക്കാള്‍ 150 ശതമാനം ഉയര്‍ന്ന് 1.8 കോടിയില്‍ എത്തിയിരുന്നു. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം അഞ്ച് മടങ്ങോളം ഉയര്‍ന്ന് 3.4 ലക്ഷവുമായി. കൊവിഡ് മുമ്പത്തെ കണക്കുമായി താരതമ്യം ചെയ്താല്‍ ഇത് കുറവാണ്. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് പുത്തന്‍ പദ്ധതികളിലൂടെ കേരളാ ടൂറിസം ലക്ഷ്യമിടുന്നത്.
കേരളം വിളിക്കുന്നു...
മികച്ച മധുവിധു (ഹണിമൂണ്‍) ലൊക്കേഷനായി കേരളം നേരത്തേ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. മൂന്നാറും കുമരകവും കോവളവും വയനാടും തേക്കടിയും ആലപ്പുഴയും ആഗോള ഹണിമൂണ്‍ ഭൂപടത്തിലുണ്ട്.
ടൂറിസം വകുപ്പിന്റെ വെഡിംഗ് ഇന്‍ ടൂറിസം കാമ്പയിന്റെ ഭാഗമായി, കേരളാ ടൂറിസത്തിന്റെ വെബ്‌സൈറ്റിലൂടെ സംസ്ഥാനത്തെ ഇഷ്ട ലൊക്കേഷന്‍ കല്യാണ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുക്കാം. കെ.ടി.ഡി.സിക്ക് പുറമേ സ്വകാര്യ റിസോര്‍ട്ടുകളെയും പദ്ധതിയുമായി സഹകരിപ്പിക്കും. വിദേശങ്ങളിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നടക്കാറുള്ള ആഡംബര കല്യാണങ്ങള്‍ക്ക് കേരളം ഏറെ അനുയോജ്യമാണെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടിയിരുന്നു. നിരവധി അന്വേണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കൊവിഡ് കാലത്ത് യാത്രാ നിയന്ത്രണങ്ങളുണ്ടായതിനാല്‍ ആഡംബര കല്യാണങ്ങള്‍ നിരവധി കേരളത്തില്‍ നടന്നിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത് കുറഞ്ഞെങ്കിലും ഇപ്പോള്‍ ഉണര്‍വുണ്ടെന്ന് ആര്‍.പി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആശിഷ് നായര്‍ പറഞ്ഞു. കമ്പനിയുടെ കോവളത്തെ ഹോട്ടല്‍ ലീലാ റാവിസ് മാത്രം വേദിയായത് കഴിഞ്ഞവര്‍ഷം 18-20 കല്യാണങ്ങള്‍ക്കാണ്. റാവിസിന്റെ അഷ്ടമുടി, കടവ് റിസോര്‍ട്ടുകളും പ്രിയവേദികളാണ്.
കേരളം ബെസ്റ്റാണ് ഭായ്...
2023ല്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ലോകത്തെ 52 പ്രധാന ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍ ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രാവല്‍ പ്ലസ് ലെഷര്‍ മാഗസിന്റെ ഇന്ത്യാസ് ബെസ്റ്റ് അവാര്‍ഡ്‌സില്‍ രാജ്യത്തെ മികച്ച വെഡിംഗ് ഡെസ്റ്റിനേഷന്‍ പുരസ്‌കാരം കേരളത്തിനായിരുന്നു.
വേണം കൂടുതല്‍ പ്രചാരം
രാജ്യത്തെ ഏറ്റവും മികച്ച ആഡംബര കല്യാണ കേന്ദ്രമായി വളരാനുള്ള എല്ലാ ആകര്‍ഷണങ്ങളും കേരളത്തിനുണ്ടെന്ന് കേരള ട്രാവല്‍ മാര്‍ട്ട് (കെ.ടി.എം) സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു പറഞ്ഞു. മികവുകള്‍ ഉയര്‍ത്തിക്കാട്ടി വ്യാപക പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നുംഅദ്ദേഹം പറഞ്ഞു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it