ഗവിയാണ് സാറേ, സൂപ്പര്‍ ഹിറ്റ്! ബജറ്റ് പാക്കേജില്‍ റെക്കോര്‍ഡ് വരുമാനം ക്ലോസ് ചെയ്ത് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം പദ്ധതിക്ക് കീഴിലുള്ള ഗവി ടൂര്‍ പാക്കേജ് വമ്പന്‍ ഹിറ്റ്. ഗവി ടൂര്‍ മാത്രം 100 ട്രിപ്പുകള്‍ പൂര്‍ണമാക്കി, അതും വെറും 36 ദിവസം കൊണ്ട്. ഡിസംബര്‍ 2022 ല്‍ പത്തനംതിട്ട ബജറ്റ് ടൂറിസം സെല്ലിനു കീഴില്‍ ആരംഭിച്ച ഗവി പാക്കേജിലേക്ക് വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ എത്തിയതോടെയാണ് വരുമാനവും ഉയര്‍ന്നത്. വലിയൊരു ടൂറിസം സ്‌പോട്ടായി ഗവി വികസിച്ചില്ലെങ്കിലും ഗവിയുടെ വരാന്തര കാഴ്ചകളിലൂടെ വണ്ടിയോടിച്ച് പോകാനുള്ള റോഡ് സൗകര്യമുണ്ട്.

കെഎസ്ആര്‍ടിസി ഗവിയിലേക്ക് വണ്‍ ഡേ ട്രിപ്പ് നടത്തിയപ്പോള്‍ ഈ കാഴ്ചകള്‍ റിസ്‌ക് ഇല്ലാതെ കണ്ടുപോരാം എന്നായി, അതും കുറഞ്ഞ ചെലവില്‍. ഈ പാക്കേജില്‍ നിന്ന് 3.6 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസി വരുമാനമുണ്ടാക്കിയത്. പത്തനംതിട്ട കെഎസ്ആര്‍ടിസിയുടെ കണക്കനുസരിച്ച് നൂറു പേര്‍ വീതം 3600 വിനോദയാത്രികര്‍ 5 ആഴ്ച കൊണ്ട് കെഎസ്ആര്‍ടിസിയില്‍ ഗവി ടൂര്‍ നടത്തി.

ഗവി പാക്കേജ്

പത്തനംതിട്ട കെഎസ്ആര്‍ടിസിയില്‍ രാവിലെ 6.30, 6.45, 7 എന്നീ സമയത്ത് ഗവിക്കു ബസ് പുറപ്പെടും. ഓരോ ഡിപ്പോയില്‍ നിന്നുള്ള ദൂരമനുസരിച്ച് 1300 മുതല്‍ 2500 വരെയാണ് ചാര്‍ജ്.

ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാര്‍, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുല്‍മൈതാനങ്ങളും ചുറ്റി കാടിന്റെ പച്ചപ്പിലൂടെ ഊളിയിടുന്ന ഒരു മനോഹര യാത്ര. തുടര്‍ന്ന് ബോട്ടിംഗും ഉച്ചയൂണും കഴിഞ്ഞ് രണ്ട് മണിയോടെ വണ്ടിപ്പെരിയാര്‍ വഴി പാഞ്ചാലിമേടും കണ്ട് തിരിച്ച് പത്തനംതിട്ടയില്‍ എത്തുന്നതാണ് പാക്കേജ് ആണ് ഇത്.

നിലവില്‍ ഗവിയിലേക്ക് രണ്ട് ഓര്‍ഡിനറി സര്‍വീസ് പത്തനംതിട്ടയില്‍നിന്നു ദിവസവുമുണ്ട്. രാവിലെ അഞ്ചരയ്ക്കും ആറരയ്ക്കുമുള്ള ഈ സര്‍വീസ് കൂടാതെയാണ് പുതിയ പാക്കേജെന്ന് പത്തനംതിട്ട ഡി.ടി.ഒ. അറിയിച്ചു.

കോഴിക്കോട് കെഎസ്ആര്‍ടിസിയില്‍ നിന്നുള്ള പാക്കേജില്‍ കുമരകവും മറ്റ് സ്പോട്ടുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2000 രൂപയ്ക്ക് മേലെ വരുന്ന പാക്കേജാണിത്. ഇരിങ്ങാലക്കുടയില്‍ നിന്നും പാക്കേജ് ഉണ്ട്. വെളുപ്പിന് 3 മണിക്ക് ട്രിപ്പ് തുടങ്ങും. 2,200 രൂപയാണ് ചാര്‍ജ്. ഗ്രൂപ്പായും സിംഗിള്‍ ആയും പാക്കേജുകള്‍ ബുക്ക് ചെയ്യാം. പ്രത്യേക ട്രെയ്‌നിംഗ് എടുത്ത ജീവനക്കാരാണ് ഗവി ടൂര്‍ പാക്കേജിനായി പ്രവര്‍ത്തിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it