വെറും 300 രൂപയ്ക്ക് മൂന്നാര്‍ കാഴ്ചകള്‍ ആസ്വദിക്കാം; കെ.എസ്.ആര്‍.ടി.സി പാക്കേജ് സൂപ്പര്‍ഹിറ്റ്

പാക്കേജ് ടൂര്‍, ജംഗിള്‍ സഫാരി എന്നിവയ്ക്ക് ശേഷം കെ.എസ്.ആര്‍.ടി.സിയുടെ മൂന്നാര്‍ സൈറ്റ് സീയിംഗ് പാക്കേജും ഹിറ്റാക്കി യാത്രാ പ്രേമികള്‍. മൂന്നാര്‍ ട്രിപ്പെന്നും പറഞ്ഞ് മൂന്നാറില്‍ പോയാലും എല്ലാ സ്ഥലവും കറങ്ങി തിരികെ എത്തുമ്പോള്‍ പലപ്പോഴും 'കറങ്ങി' പോകും. അത് കൊണ്ട് തന്നെ ടോപ് സ്റ്റേഷനോ മാട്ടുപ്പെട്ടിയോ തേയിലത്തോട്ടങ്ങളോ കണ്ട് മൂന്നാര്‍ ടൂര്‍ ആസ്വദിച്ച് മടങ്ങാറാണ് പലരുടെയും പതിവ്. എന്നാല്‍ മൂന്നാറില്‍ സ്വച്ഛ സുന്ദരമായ പല ഇടങ്ങളും നിങ്ങളെ കാത്തിരിപ്പുണ്ട്. അവിടങ്ങളെല്ലാം തേടിപ്പിടിച്ച് അലഞ്ഞ് നടക്കേണ്ട. കെ.എസ്.ആര്‍.ടി.സി കൊണ്ടുപോകും വെറും 300 രൂപയ്ക്ക്.

ചതുരംഗപ്പാറയും കാന്തല്ലൂരും

മൂന്നാറിലെത്തുന്നവരെ മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും ഒപ്പം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നതാണ് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ടൂര്‍ പാക്കേജുകള്‍. രാവിലെ ഒന്‍പത് മുതല്‍ മൂന്നാര്‍ ഡിപ്പോയില്‍നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് അഞ്ചോടെ തിരികെ മൂന്നാറില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.





മൂന്നാര്‍ മുതല്‍ മാട്ടുപ്പട്ടി, കുണ്ടളഡാമുകള്‍ ചുറ്റി ടോപ്പ് സ്റ്റേഷന്‍ വരെയാണ് ഒരു യാത്രയെങ്കില്‍ തേയിലക്കാടുകളുടെ അതി മനോഹരക്കാഴ്ചകളും മലയിടുക്കുകളുടെ സൗന്ദര്യവും മഞ്ഞും വിശാലമായ റോഡുകളുമുള്‍പ്പെടുന്ന കുന്നിന്‍ ചെരുവുകളിലൂടെ കാറ്റും കൊണ്ട് ആനയിറങ്കലും പൂപ്പാറയും ചതുരംഗപ്പാറയുമൊക്കെ കണ്ടുമടങ്ങുന്നതാണ് രണ്ടാമത്തെ യാത്ര.

സഞ്ചാരികളുടെ താല്‍പര്യങ്ങള്‍കൂടി കണക്കിലെടുത്താണ് കെ.എസ്.ആര്‍.ടി.സി. ഓരോ റൂട്ടും ഒരുക്കിയിട്ടുള്ളത്. 300 രൂപയാണ് ഭക്ഷണമുള്‍പ്പെടാതെ ട്രിപ്പിനുള്ള ചെലവ്. ഭക്ഷണം കഴിക്കാനുള്ള ഇടങ്ങളില്‍ സ്റ്റോപ്പുകളുമുണ്ട്.





വെള്ളി-ഞായര്‍ വരെയുള്ള വീക്കെന്‍ഡ് ട്രിപ്പ് ആയി ചതുരംഗപ്പാറയും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ടോപ് സ്റ്റേഷനും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കാന്തല്ലൂരും ആണ് ട്രിപ്പുകള്‍. മൂന്നാറിലെ അധികമാരും കണ്ടിട്ടില്ലാത്ത മനോഹര പ്രദേശങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിലൂടെ പ്രാദേശിക ടൂറിസം പ്രമോഷന്‍ എന്ന ലക്ഷ്യം കൂടിയുണ്ട് ഈ ട്രിപ്പുകള്‍ക്ക്.

ഒരു വണ്ടിയില്‍ 40-50 പേരാണ് ഒരു ട്രിപ്പില്‍ ഉണ്ടാകുക. നേരത്തെ അറിയിച്ചാല്‍ ഗ്രൂപ്പുകള്‍ക്കായും ബസുകള്‍ ഓടും. ഒന്‍പത് സ്ഥലങ്ങള്‍ ഒറ്റ ദിവസം കൊണ്ട് കാണാനും ഫോട്ടോ എടുക്കാനും ഓരോ ഇടങ്ങളിലും അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ സമയം ചെലവഴിക്കാനും സാധിക്കും.





സ്റ്റേ സൗകര്യവും

മൂന്നാറില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വെറും 160 രൂപ മുടക്കിയാല്‍ വൃത്തിയും സമാധാനവുമുള്ള കെ.എസ്.ആര്‍.ടി.സിയുടെ സ്ലീപ്പര്‍ ബസുകള്‍ കാത്തിരിപ്പുണ്ട്. സ്റ്റാന്‍ഡില്‍ ഹോള്‍ട്ട് ചെയ്തിരിക്കുന്ന ഇത്തരം ബസുകള്‍ക്കായും നിരവധി ആവശ്യക്കാരാണ്. 142 ബെഡ്ഡുകളും 2 റൂമുകളുമാണ് മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ഒരുക്കിയിട്ടുള്ളത്.




ഗ്രൂപ്പായും ഫാമിലിയായും വന്ന് താമസിക്കുന്നവര്‍ക്ക് സുരക്ഷിതമായി സാധനസാമഗ്രികള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ടോയ്‌ലറ്റ് സൗകര്യങ്ങളും ഇതോടൊപ്പമുണ്ട്. സാധാരണ ബസ് യാത്രകളില്‍ നിന്നുള്ള വരുമാനം കൂടാതെ ഇത്തരം ടൂര്‍ പാക്കേജുകള്‍ ഒരുക്കി ഓരോ ദിവസവും മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി 25,000 രൂപയോളം അധിക വരുമാനം നേടുന്നു. അതായത് പ്രതിമാസം ശരാശരി 5-7.5 ലക്ഷം രൂപ വരെ അധിക വരുമാനം.

ബുക്കുചെയ്യാന്‍ ഫോണ്‍: 9447331036, 9446929036, 9895086324.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it