തൊഴില്‍ വീസ ചട്ടം കടുപ്പിച്ച് സൗദി അറേബ്യ; പ്രായപരിധിയും കര്‍ശനമാക്കി

മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ സാന്നിധ്യമുള്ള രാജ്യമാണ് സൗദി അറേബ്യ. കഴിഞ്ഞ ജൂലൈയില്‍ പുറത്തുവന്ന വിവരാവകാശ രേഖ പ്രകാരം 27 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയിലുണ്ട്; ഇതില്‍ ഏതാണ്ട് പാതിയോളവും മലയാളികള്‍.

തൊഴില്‍ തേടി പക്ഷേ, ഇനി സൗദി അറേബ്യയിലെത്തുക അത്ര എളുപ്പമാവില്ല. കാരണം, തൊഴില്‍ വീസ ചട്ടങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ് സൗദിയുടെ മാനവവിഭവശേഷി മന്ത്രാലയം (MHRSD).
രാജ്യത്തെ തൊഴില്‍ നിയമനങ്ങള്‍ കുറ്റമറ്റതാക്കുക ലക്ഷ്യമിട്ടാണ് മാറ്റങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിദേശ തൊഴിലാളിക്ക് വീസ നല്‍കണമെങ്കില്‍ അവിവാഹിതരായ സൗദി പൗരന്മാരുടെ ഏറ്റവും കുറഞ്ഞ പ്രായം 24 ആയി നിശ്ചയിച്ചിട്ടുണ്ട്.
സൗദി പൗരന്മാര്‍, ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍, സൗദി പുരുഷന്മാരുടെ വിദേശികളായ ഭാര്യമാര്‍, അവരുടെ അമ്മമാര്‍ എന്നിവര്‍ക്കാണ് വിദേശ തൊഴിലാളികളെ നിയമിക്കാന്‍ വീസയ്ക്കായി അപേക്ഷിക്കാനാവുക. സൗദി പ്രീമിയം റെസിഡന്‍സി കാര്‍ഡുള്ളവര്‍ക്കും വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്.
സാമ്പത്തിക പരിധി
വിദേശ തൊഴില്‍ വീസ ലഭ്യമാക്കാനായി തൊഴില്‍ദാതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 40,000 സൗദി റിയാല്‍ (8.88 ലക്ഷം രൂപ) ഉണ്ടാവണം. രണ്ടാം വീസ കൊടുക്കണമെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ 60,000 റിയാല്‍ (13 ലക്ഷം രൂപ) വേണം. ശമ്പളം കുറഞ്ഞത് 7,000 റിയാലും (1.55 ലക്ഷം രൂപ) ആയിരിക്കണം. മൂന്നാം വീസ വേണമെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ ആവശ്യമായ മിനിമം തുക 2 ലക്ഷം റിയാലാണ് (44 ലക്ഷം രൂപ). ശമ്പളം 25,000 റിയാലും (5.55 ലക്ഷം രൂപ).
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it