ശ്രീലങ്ക, മലേഷ്യ മാത്രമല്ല, ഇന്ത്യക്കാര്‍ക്ക് വീസയില്ലാതെ ഇനി ഈ രാജ്യത്തേക്കും പറക്കാം

ഇന്ത്യക്കാര്‍ക്ക് അടുത്തിടെയായി വീസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ എണ്ണമേറുന്നു. ശ്രീലങ്ക, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നിവയ്ക്ക് പിന്നാലെ കഴിഞ്ഞമാസം മലേഷ്യയും ഈ ആനുകൂല്യം ഇന്ത്യക്കാര്‍ക്കായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഈ രാജ്യങ്ങളുടെ പട്ടികയിലേക്ക് ചേരുകയാണ് മറ്റൊരു തെക്ക്-കിഴക്കന്‍ ഏഷ്യന്‍ ദ്വീപ് രാഷ്ട്രമായ ഇന്‍ഡേനേഷ്യയും.

ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വീസ രഹിത പ്രവേശനം അനുവദിക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് ഇന്‍ഡോനേഷ്യന്‍ ടൂറിസം മന്ത്രി സാന്റിയാഗ ഉനോ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. കൊവിഡിന് മുമ്പ്, 2019ല്‍ 1.6 കോടി വിദേശ വിനോദ സഞ്ചാരികള്‍ ഇന്‍ഡോനേഷ്യയില്‍ എത്തിയിരുന്നു. 2023 ജനുവരി-ഒക്ടോബറിലെത്തിയത് 94.9 ലക്ഷം പേരാണ്.
ഗോള്‍ഡന്‍ വീസയും
ഇന്ത്യക്കും ചൈനയ്ക്കും പുറമേ അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ജര്‍മ്മനി, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങി 20 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വീസ രഹിത പ്രവേശം ഇന്‍ഡോനേഷ്യ പരിഗണിക്കുന്നത്.
രാജ്യത്തേക്ക് വിനോദ സഞ്ചാരികളെയും കോര്‍പ്പറേറ്റ് നിക്ഷേപകരെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്‍ഡോനേഷ്യ ഗോള്‍ഡന്‍ വീസ പദ്ധതിയും ആവിഷ്‌കരിച്ചിരുന്നു. ഇന്‍ഡോനേഷ്യയില്‍ കുറഞ്ഞത് 25 ലക്ഷം ഡോളറിന്റെ (20 കോടി രൂപ) നിക്ഷേപവുമായി കമ്പനി സ്ഥാപിക്കുന്നവര്‍ക്ക് 5 വര്‍ഷത്തെയും 50 ലക്ഷം കോടി ഡോളര്‍ (40 കോടി രൂപ) നിക്ഷേപിച്ച് കമ്പനി സ്ഥാപിക്കുന്നവര്‍ക്ക് 10 വര്‍ഷത്തെയും ഗോള്‍ഡന്‍ വീസയാണ് അനുവദിക്കുന്നത്.
Related Articles
Next Story
Videos
Share it