യാത്രാവിലക്ക് വിനയായി: പ്രവാസികള്‍ക്ക് യാത്രാചെലവ് ബാധ്യതയാകുന്നു

സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയായിരുന്ന കണ്ണൂര്‍ മാണിയൂര്‍ സ്വദേശിയായ അബ്ദുല്‍ സലാം കഴിഞ്ഞ ഡിസംബറിലാണ് നാട്ടിലെത്തിയത്. മാര്‍ച്ച് മാസം അവധിക്കാലം കഴിഞ്ഞുവെങ്കിലും സഊദി അറേബ്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ തിരിച്ചുപോകാനും കഴിഞ്ഞില്ല. ഒടുവില്‍ ജോലി നഷ്ടപ്പെടുമെന്ന സ്ഥിതിയിലെത്തിയപ്പോള്‍ ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടു, ബഹ്‌റൈന്‍ വഴി സൗദിയിലെത്താനാകുമെന്നാണ് ഏജന്‍സിക്കാര്‍ പറഞ്ഞത്. പക്ഷേ ചിലവ് നാലിരട്ടിയിലധികം ആവുകയും ചെയ്യും.

വേറെ ഗത്യന്തരമില്ലാതെ അദ്ദേഹം ഈ മാര്‍ഗത്തിലൂടെ സഊദിയിലെത്തുകയും ചെയ്തു. 'ഇനി ഈ യാത്രാ ചെലവിന്റെ ബാധ്യത തീര്‍ക്കാന്‍ തന്നെ മാസങ്ങളോളം ജോലിയെടുക്കേണ്ടി വരും'- അബ്ദുല്‍ സലാം പറയുന്നു.

ഇത് ഒരു വ്യക്തിയുടെ മാത്രം അനുഭവമല്ല. യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അവധിക്കായി നാട്ടിലെത്തിയ നിരവധി പേരുടെ അനുഭവം കൂടിയാണ്. നിലവില്‍ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് യാത്ര ചെയ്യാനാവില്ല. മറ്റ് രാജ്യങ്ങളിലെത്തി അവിടെ 14 ദിവസം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മാത്രമേ യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനാവുകയുള്ളൂ. ഇത് ഭീമമായ ബാധ്യതയാണ് പ്രവാസികള്‍ക്ക് വരുത്തിവയ്ക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
'ഇന്ത്യയില്‍നിന്ന് നേരിട്ട് വിലക്കേര്‍പ്പെടുപ്പെടുത്തിയിരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേരത്തെ ബഹ്റൈന്‍, മാലിദ്വീപ്, നേപ്പാള്‍, അര്‍മേനിയ തുടങ്ങിയ രാജ്യങ്ങള്‍ വഴിയായിരുന്നു ആളുകള്‍ പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ മാലിദ്വീപും നേപ്പാളും ഇന്ത്യയില്‍നിന്നുള്ള യാത്രക്കാരെ വിലക്കിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ 90 ശതമാനം പേരും ബഹ്റൈന്‍ വഴിയാണ് യുഎഇ, ഒമാന്‍, സഊദി അറേബ്യ എന്നിവിടങ്ങളിലേക്ക് പോകുന്നത്' അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സ് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ മുഹമ്മദ് ഷബീര്‍ എംകെ പറയുന്നു.
മറ്റൊരു രാജ്യത്ത് ദിവസങ്ങളോളം താമസിച്ച് പോവുന്നതിനാല്‍ തന്നെ 1-1.5 ലക്ഷത്തിനുമിടയില്‍ ചെലവ് വരുമെന്ന് അദ്ദേഹം പറയുന്നു. ബഹ്റൈന്‍ വഴിയുള്ള യാത്രാ മാര്‍ഗമാണ് ഭൂരിഭാഗം പേരും തെരഞ്ഞെടുക്കുന്നത്. ഏതാനും വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്തുന്നതിനാല്‍ 50,000-75,000 ഓളം ടിക്കറ്റിനായി തന്നെ വേണ്ടിവരും.
ഇതിന് പുറമെ ആ രാജ്യത്തെ വിസിറ്റിംഗ് വിസാ ചാര്‍ജും ക്വാറന്റൈന്‍ ചെലവും വഹിക്കേണ്ടി വരും. ഇത് വലിയ ബാധ്യതയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചുപോകുന്ന പ്രവാസികള്‍ക്കുണ്ടാക്കുന്നത്.
കോവിഡിന് മുമ്പ് വിസിറ്റിംഗിനായും മറ്റ് കാര്യങ്ങള്‍ക്കുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് നിരവധിപേര്‍ പോയിരുന്നെങ്കില്‍ കോവിഡിന് ശേഷം ജോലി-ബിസിനസ് സംബന്ധമായ യാത്രകള്‍ മാത്രമാണ് നടക്കുന്നത്. വിമാനങ്ങളുടെ എണ്ണം കുറവായതിനാല്‍ ടിക്കറ്റുകള്‍ക്കും ഉയര്‍ന്ന നിരക്കാണുള്ളത്. രാജ്യങ്ങള്‍ തമ്മില്‍ എയര്‍ബബിള്‍ ഒപ്പുവച്ചതിനാല്‍ ഒരു നിശ്ചിത കാലയളവില്‍ നിശ്ചിത ആളുകള്‍ മാത്രമാണ് യാത്ര ചെയ്യുന്നത്. ഇത് ടൂറിസം മേഖലയെ പൂര്‍ണമായും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായിട്ട് ഹോളിഡേ ട്രിപ്പുകള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്നും ഷബീര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ പ്രതിദിനം 600-700 പേരാണ് ഇന്ത്യയില്‍നിന്ന് ഈ മാര്‍ഗങ്ങളിലൂടെ യുഎഇ, ഒമാന്‍, സഊദി അറേബ്യ എന്നിവിടങ്ങളിലേക്ക് പോകുന്നത്. ഇതില്‍ ഭൂരിഭാഗവും കേരളത്തില്‍നിന്നുള്ള സാധാരണ പ്രവാസികളാണ്. അതേസമയം യുഎഇയിലേക്ക് അത്യാവശ്യമായി എത്തേണ്ടവര്‍ക്ക് ബിസിനസ് ചാര്‍ട്ടേഡ് വിമാനങ്ങളിലൂടെ യുഎഇയിലെത്താനുള്ള അവസരമുണ്ട്. ഇതിന് യുഎഇ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും എട്ട് സീറ്റുള്ള ബിസിനസ് ചാര്‍ട്ടേഡ് വിമാനത്തിലൂടെ യാത്ര ചെയ്യുന്നതിന് ഏകദേശം 4.2 ലക്ഷം രൂപയാണ് ചെലവ്. ഉയര്‍ന്ന സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും ബിസിനസുകാരുമാണ് ഇത്തരത്തില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നതെന്നും ഷബീര്‍ പറയുന്നു.


Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it