യൂസഫലിയും കൊച്ചൗസേപ്പും എന്റെ റോള്‍ മോഡലുകള്‍
വി.എ അജ്മല്‍, അജ്മല്‍ ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്റ്റര്‍
രാവിലെ എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത്?
സുബഹി നമസ്‌കാരം, പിന്നെ മൊബൈല്‍ നോക്കും. വാട്‌സാപ്പിലൂടെയാണ് കൂടുതലും കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. ഓരോരുത്തരെയും ഏല്‍പ്പിക്കാനുള്ള കാര്യങ്ങളൊക്കെ മെസേജ് ചെയ്തിടും.
ഇഷ്ട ഭക്ഷണം?
അങ്ങനെയൊന്നുമില്ല. എല്ലാ ഭക്ഷണവും കഴിക്കും.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?
എന്റെ കുടുംബം തന്നെ. ഭാര്യയും മക്കളുമൊത്തുള്ള സമയമാണ് ഞാന്‍ ഏറ്റവും ആസ്വദിക്കുന്നത്. ദൈവഭക്തിയോടു കൂടി കുടുംബത്തോടൊപ്പം സന്തോഷത്തോടെ പോകുന്ന ഒരു വ്യക്തിയാണ് ഞാന്‍.
ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി?
പിതാവും മാതൃ പിതാവുമാണ് എന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് എനിക്കു തോന്നിയിട്ടുള്ളത്.
ബിസിനസിലെ സൗഹൃദം?
ബിസിനസ് ഫീല്‍ഡില്‍ എല്ലാവരുമായും ഞാന്‍ നല്ല സൗഹൃദം കൊണ്ടുപോകുന്നുണ്ട്. എന്നാല്‍ എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് എന്റെ കൂടെ പഠിച്ചവരാണ്. ഇരുപത്തി മൂന്നു വര്‍ഷമായി അവരുമായി നല്ല ബന്ധമുണ്ട്. രണ്ട് വര്‍ഷം കൂടുമ്പോള്‍ എല്ലാവരും കുടുംബ സമേതം ഒരുമിച്ചു കൂടാറുണ്ട്. വാട്‌സാപ്പൊക്കെ വന്നതോടെ കൂടുതല്‍ കണക്ടഡ് ആയി.
അടുത്തിടെയുണ്ടായ സന്തോഷം?
എന്റെ രണ്ട് ജ്യേഷ്ഠന്‍മാരുടെ മക്കളുടെ വിവാഹം. നാല് ആണ്‍ മക്കളില്‍ ഏറ്റവും ഇളയ ആളാണ് ഞാന്‍.
ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?
എന്‍ജിനീയറിംഗില്‍ ആദ്യ വര്‍ഷ മാത്‌സ് പരീക്ഷ പാസായത്. വലിയ ടെന്‍ഷനായിരുന്നു. മൂന്നു തവണ ശ്രമിച്ചിട്ടാണ് പാസായത്. അന്ന് കുറെ ഉറക്കം കെടുത്തിയ കാര്യമാണത്.
ബിസിനസിലെ റോള്‍ മോഡലുകള്‍?
യൂസഫ് അലി, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി.
ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം?
പരമാവധി ആളുകള്‍ക്ക് ജോലി കൊടുക്കുക. ബിസിനസില്‍ കോടികള്‍ ലാഭമുണ്ടാക്കി എന്നു പറയുന്നതിനേക്കാള്‍ ഞാനടക്കം ഇത്രയും പേര്‍ ഈ ഒരു സ്ഥാപനം കൊണ്ട് ജീവിച്ചു പോകുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ബിസിനസിലെ മുഴുവന്‍ ലാഭവും എനിക്കു വേണമെന്ന ചിന്താഗതി എനിക്കില്ല. മറ്റുള്ളവരില്‍ നിന്ന് ഒന്നും പിടിച്ചു വാങ്ങരുതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
റിലാക്‌സ് ചെയ്യുന്നതെങ്ങനെയാണ്?
ഞാന്‍ റിലാക്‌സ് ചെയ്യുന്നത് കുടുബത്തിനൊപ്പം
നില്‍ക്കുമ്പോഴാണ്. ഭാര്യയും മക്കളും ഒരുമിച്ചുള്ള സമയം വളരെ റിലാക്‌സ്ഡ് ആണ്. പിന്നെ സുഹൃത്തുക്കള്‍ക്കൊപ്പവും.
മാറ്റാന്‍ പറ്റാത്ത ശീലം?
ചായയാണ് എന്റെ ഏറ്റവും വലിയ ദുശ്ശീലം. പതിനഞ്ച് ചായയെങ്കിലും ഒരു ദിവസം കുടിക്കും. അതും ചില്ലു ഗ്ലാസില്‍ തന്നെ വേണം. കാറിനകത്ത് സ്ഥിരമായൊരു ഗ്ലാസ് വച്ചിട്ടുണ്ട്. പുറത്തെവിടെയെങ്കിലും പോകുമ്പോള്‍ ഗ്ലാസുമായി ചായക്കടയില്‍ കയറും. നല്ല പതപ്പിച്ച നാടന്‍ ചായ എന്റെ വീക്ക്‌നസ്. ഭാര്യ ചായയില്‍ ഒരുപാട് പരീക്ഷണങ്ങള്‍
നടത്താറുണ്ട് ഇപ്പോള്‍.
സ്വഭാവത്തില്‍ നിന്ന് മാറ്റണമെന്ന് വിചാരിക്കുന്ന ശീലം?
അങ്ങനെ ഒന്നില്ല. പക്ഷേ കാര്യങ്ങളില്‍ കുറച്ചു കൂടി കൃത്യനിഷ്ഠകൊണ്ടു വരണമെന്ന് ആഗ്രഹിക്കാറുണ്ട്. പിന്നെ പൊരിച്ചതും വറ്റുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കി ഹെല്‍ത്തി ഫുഡിലേക്ക് മാറണമെന്നുമുണ്ട്. പക്ഷേ, എന്തോ അത് സാധിക്കാറില്ല.
ബിസിനസ് ലക്ഷ്യം?
കേരളത്തിലെ നമ്പര്‍ വണ്‍ റീറ്റെയ്‌ലര്‍ ആയി മാറുക. എല്ലായിടത്തും ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങി 5000 പേര്‍ക്ക് നേരിട്ടും 10000 പേര്‍ക്ക് പരോക്ഷമായും ജോലി നല്‍കുക എന്നതാണ് ലക്ഷ്യം.
ഡെലിഗേറ്റ് ചെയ്യാനാകാത്ത ജോലി?
മാര്‍ക്കറ്റിംഗ്. എന്റെ വിഷന്‍ അനുസരിച്ച് പോകണമെങ്കില്‍ ഞാന്‍ തന്നെ ചെയ്യണം. അതിനനുസരിച്ച് ആളുകളെ സെറ്റു ചെയ്യുകയാണ് എന്റെ ശൈലി.
ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ട്?
ഏറ്റവും ഇഷ്ടം ദുബായ്. കേരളത്തിന്റെ എക്സ്റ്റന്‍ഷന്‍ പോലെയാണ്. അവിടെ ചെല്ലുമ്പോഴൊക്കെ അവിടെയും ഒരു ബിസിനസ് തുടങ്ങണം എന്ന് ആഗ്രഹം തോന്നാറുണ്ട്. പിന്നെ മറ്റൊരു കാര്യം കൂടിയുണ്ട് ഏറ്റവും നല്ല ചായ കിട്ടുന്നത് ദുബായിലാണ്.
ബിസിനസുകാരന്‍ അല്ലായിരുന്നുവെങ്കില്‍?
സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഒരു ബിസിനസുകാരനാകണമെന്നായിരുന്നു എന്റെ ആഗ്രഹം. ഇപ്പോഴും അതു തന്നെ. പിന്നെ കൃഷി ഇഷ്ടമാണ്. സ്വന്തം ബ്രാന്‍ഡിന്റെ 'സേഫ് റ്റു ഈറ്റ്' പച്ചക്കറികള്‍ ഷോപ്പുകളിലൂടെ നല്‍കണം എന്നുണ്ട്.
ഏറ്റവും ഇഷ്ടമുള്ള റീറ്റെയ്ല്‍ ബ്രാന്‍ഡ്
ടെസ്‌കോ, യൂറോപ്പിലുള്ള ഹൈപ്പര്‍മാര്‍ക്കറ്റാണ്.
നിര്‍ണായകമായ തീരുമാനം ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് കടന്നത്. എനിക്ക് വളരെ വലിയൊരു ലെവല്‍ അപ് തന്നത് ആ തീരുമാനമാണ്. ബിസ്മി എന്നതൊരു ഹൗസ് ഹോള്‍ഡ് നെയിം ആയി മാറിയത് അതിനു ശേഷമാണ്.
ന്യൂ ഇയര്‍ റസലൂഷന്‍?
പതിനഞ്ചു കിലോ തടി കുറയ്ക്കണം.