

രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നതെന്താണ്?
ഇഷ്ട ദൈവമായ ഗുരുവായൂരപ്പന് മുന്നില്‍ വിളക്ക് വെച്ച് കുറച്ചുനേരം പ്രാര്‍ത്ഥിക്കും. വളരെ ചെറിയ പ്രാര്‍ത്ഥനയാണ്. നേരായ വഴി നടത്തണം, നേരായ കാര്യങ്ങള്‍ ചെയ്യിപ്പിക്കണം എന്നിങ്ങനെ. അവസാനം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന പ്രാര്‍ത്ഥനയോടെ അവസാനിപ്പിക്കും.
യോഗ, ധ്യാനം അങ്ങനെയെന്തെങ്കിലും ചെയ്യാറുണ്ടോ?
വല്ലപ്പോഴും യോഗ ചെയ്യും. കിടന്നാലുടന്‍ ഉറങ്ങാന്‍ സാധിക്കാറുണ്ട്. അതൊരു അനുഗ്രഹമാണ്. എട്ട് മണിക്കൂര്‍ സുഖമായി ഉറങ്ങും. 5.30-5.45ന് ഉണരുകയും ചെയ്യും.
ദിവസത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട സമയം ഏതാണ്?
രാവിലെ ഒമ്പത് മണി മുതല്‍ 11.30 വരെ പ്രൊഡക്ടീവായ സമയമാണ്. പിന്നെ വൈകിട്ട് 6.30 മുതല്‍ 8.30 വരെയുള്ള സമയവും നന്നായി ഫോക്കസ് ചെയ്യാന്‍ കഴിയാറുണ്ട്.
നിര്‍ണായക തീരുമാനങ്ങളെടുക്കുന്നത് ഈ സമയത്തൊക്കെയാണോ?
അങ്ങനെയൊന്നുമില്ല. അത്തരമൊരു സമ്മര്‍ദ്ദമൊന്നും ഞാന്‍ എന്നില്‍ അടിച്ചേല്‍പിക്കാറില്ല. കപ്പല്‍ശാലയില്‍ സിഎംഡി ആയിരിക്കുമ്പോഴും എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരമുണ്ട് എന്ന ചിന്താഗതി ഒന്നുമുണ്ടായിരുന്നില്ല. സമയമെടുത്ത് തീരുമാനിക്കേണ്ട കാര്യങ്ങള്‍ അങ്ങനെ തന്നെ ചെയ്യണം. തീരുമാനങ്ങളെടുക്കുന്നതിന് മുമ്പുള്ള കണ്‍ഫ്യൂഷന്‍ നല്ലതാണെന്ന് കരുതുന്ന ആളാണ് ഞാന്‍.
കണ്‍ഫ്യൂഷന്‍ വരുമ്പോള്‍ എന്താണ് ചെയ്യുക?
അത്തരം സന്ദര്‍ഭങ്ങളില്‍ പലരോടും സംസാരിക്കാറുണ്ട്. ചിലപ്പോള്‍ വ്യക്തിപരമായിട്ടായിരിക്കും ചര്‍ച്ചകള്‍ നടത്തുക. അല്ലെങ്കില്‍ ഒരു ടീമായി ചേര്‍ന്നിരുന്നാകും. ശേഷം കണ്ണടച്ചിരുന്ന് ആഴത്തില്‍ ചിന്തിക്കും. പിന്നെയും ചിലപ്പോള്‍ ചര്‍ച്ചകള്‍ തുടരും.
തീരുമാനമെടുക്കുന്നത് എങ്ങനെയാണ്, ഗട്ട് ഫീലിങ്ങിന്റെ പുറത്താണോ?
ചിലപ്പോഴൊക്കെ. പക്ഷേ എല്ലായ്‌പ്പോഴും വിട്ടുവീഴ്ചയില്ലാതെ മുറുകെ പിടിക്കുന്ന ചില കാര്യങ്ങളുണ്ട്. സത്യം, നീതി ഇവയൊന്നിനോടും വിട്ടുവീഴ്ച ചെയ്ത് ഒരു തീരുമാനവുമെടുത്തിട്ടില്ല. ആരെയും സുഖിപ്പിക്കാന്‍ വേണ്ടി തീരുമാനങ്ങള്‍ എടുക്കാറില്ല. പലവട്ടം ആലോചിച്ച ശേഷമാകും തീരുമാനമെടുക്കുക.
ഏറ്റവും സ്വാധീനിച്ച വ്യക്തി ആരാണ്?
അച്ഛനാണ് മൂല്യങ്ങള്‍ പകര്‍ന്നുനല്‍കിയത്. അദ്ദേഹം മരിച്ചിട്ട് നാല് വര്‍ഷമായിട്ടേയുള്ളൂ. സത്യത്തിന്റെ കൂടെ സാധാരണക്കാരനായ ഒരാള്‍ക്ക് നില്‍ക്കാന്‍ പറ്റുമെന്നതിന്റെ വലിയൊരു ഉദാഹരണമായിരുന്നു അദ്ദേഹം. പിന്നെ ഭാര്യ രമിതയും.
സംതൃപ്തി നല്‍കിയ അനുഭവമേതാണ്?
ഞാന്‍ കുറച്ചുകാലമായി ജയം/പരാജയം കള്ളികളില്‍ കാര്യങ്ങളെ കാണാറില്ല. അങ്ങനെ ചെയ്യുമ്പോള്‍ നമ്മള്‍ പരാജയം ഒഴിവാക്കാന്‍ നോക്കും. അത് ഉള്ളില്‍ പേടിയുണര്‍ത്തും. ഉദ്ദേശലക്ഷ്യം ശരിയാണോ എന്ന് നോക്കി മുന്നോട്ട് പോകാന്‍ തുടങ്ങിയാല്‍ പിന്നെ അതില്‍ വരുന്നതെന്തും സ്വീകാര്യമാണ്.
കരിയറില്‍ ലഭിച്ച മികച്ച ഉപദേശം?
മെട്രോമാന്‍ ഇ. ശ്രീധരന്‍ കുറച്ചുകാലം കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ എംഡിയായിരുന്നു. അദ്ദേഹം ഈശ്വരതുല്യനായ വ്യക്തിയാണ്. അദ്ദേഹം ഇന്റഗ്രിറ്റിക്ക് നല്‍കുന്ന നിര്‍വചനമുണ്ട്. അഴിമതി, കൈക്കൂലി എന്നിവ ഒഴിവാക്കുന്നതല്ല അത്. അതൊക്കെ ചെയ്യുന്നവരെ മനുഷ്യനെന്ന് വിളിക്കാന്‍ പോലും പറ്റില്ലെന്നാണ് അദ്ദേഹം പറയുക. ഓരോ വ്യക്തിയും അവരവരുടേതായ കഴിവുകള്‍ തിരിച്ചറിഞ്ഞ് പൂര്‍ണമായും വിനിയോഗിക്കണം. അങ്ങനെ ചെയ്യാത്തവരാണ് ഇന്റഗ്രിറ്റിയില്ലാത്തവര്‍. മറ്റുള്ളവര്‍ ഇത്രയല്ലേ ചെയ്യുന്നുള്ളൂ. അപ്പോള്‍ ഞാനും അത്രയും ചെയ്താല്‍ പോരെ എന്ന് കരുതുന്നത് തെറ്റാണ്. സ്വന്തം കഴിവിനോട് എല്ലായ്‌പ്പോഴും നീതി പുലര്‍ത്തി പ്രവര്‍ത്തിക്കുകയെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്.
ആത്മീയതയെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ഞാനിരിക്കുന്ന കസേരക്ക് എതിര്‍വശത്തായി എനിക്ക് കാണാന്‍ വേണ്ടി രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ വരികള്‍ എഴുതിയ ഫലകം വെച്ചിരുന്നു. Where the mind is without fear and head is held high, where knowledge is free... എന്നിങ്ങനെ തുടങ്ങുന്ന ഗീതകത്തിലെ വരികളാണത്. പിന്നെയും താഴേക്ക് പോകുമ്പോള്‍ ഒരു വരിയുണ്ട് Where the mind is led forward thee into ever widening thought and action. എന്തുകൊണ്ടാണ് അദ്ദേഹം ever widening എന്ന വാക്ക് തന്നെ ഉപയോഗിച്ചതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. നമ്മുടെ ചിന്തകളും പ്രവൃത്തികളും നിരന്തരം പുതിയ ആകാശങ്ങള്‍ തേടി വിശാലമായിക്കൊണ്ടേയിരിക്കണം.
വിശ്വകവിയുടെ ആ വരികളാണ് എന്റെ ചിന്തയുടെയും പ്രവൃത്തിയുടെയും ആധാരം. ആത്മീയതയെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇതില്‍ തന്നെയുണ്ട്. സ്വാമി വിവേകാനന്ദന്റെ വരികളും എന്നില്‍ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എല്ലാ ശക്തിയും നമ്മില്‍ തന്നെയുണ്ടെന്ന് സ്വാമി പറഞ്ഞത് വെറുതെയല്ല. ആഴത്തിലുള്ള ചിന്തകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ ആ വാക്കുകള്‍. ടാഗോറും വിവേകാനന്ദനുമാണ് എന്റെ ഇരുപുറവുമുള്ളത്. ഞാന്‍ തമാശയായി പറയാറുണ്ട്; എന്നെ നയിക്കുന്നത് രണ്ട് ബംഗാളികളാണെന്ന്.
ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തില്‍ നേരിട്ട പ്രധാന വെല്ലുവിളിയെന്തായിരുന്നു?
ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടു. ഇന്ത്യന്‍ നേവിക്ക് വേണ്ടിയുള്ള ആ പദ്ധതിയില്‍ ലോകോത്തര വന്‍കിട കമ്പനികളടക്കം 550 ഓളം കമ്പനികളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനമായിരുന്നു അത്. ഒരുഘട്ടം കഴിഞ്ഞപ്പോള്‍ അതില്‍ പങ്കാളികളായ എല്ലാവര്‍ക്കും തങ്ങളൊരു ചരിത്രസംഭവത്തിന്റെ പങ്കാളികളാണെന്ന തോന്നല്‍ വന്നു. അത് വലിയൊരു ഊര്‍ജമായി.
സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ എല്ലാ ശക്തിയും ഒന്നിലേക്ക് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് അതില്‍ നടന്നത്. 2,300 കിലോമീറ്ററുകളോളം കേബിളുകള്‍ ഐഎന്‍എസ് വിക്രാന്തില്‍ വിന്യസിക്കണമായിരുന്നു. ഒരിക്കല്‍ ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ കരംബീര്‍ സിങ് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തിയപ്പോള്‍ 120-130 കിലോ മീറ്റര്‍ കേബിള്‍ ജോലികളാണ് തീര്‍ന്നിരുന്നത്. മാസങ്ങള്‍ കൊണ്ട് ബാക്കി ജോലികള്‍ തീര്‍ക്കണം.
കപ്പല്‍ നിര്‍മാണഘട്ടത്തില്‍ പ്രതിമാസം 30 കിലോമീറ്റര്‍ കേബിളുകളാണ് ഇന്ത്യന്‍ സാഹചര്യങ്ങളിലെ ശരാശരി ജോലി വേഗം. നിശ്ചിത സമയത്തിനുള്ളില്‍ ആ ജോലി തീരുമെന്ന് ഞാന്‍ പറഞ്ഞു. അത് നടക്കാനിടയില്ലെന്നല്ല, അങ്ങനെ സംഭവിക്കട്ടെയെന്നാണ് അഡ്മിറല്‍ കരംബീര്‍ സിങ് പറഞ്ഞത്. അത് വലിയ കരുത്തായി. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ ജോലികള്‍ തീര്‍ന്നു. ഒരുമാസം വിന്യസിച്ചത് 130 കിലോമീറ്റര്‍ കേബിളുകളായിരുന്നു.
ധനം മാഗസിന്‍ മാര്‍ച്ച് 31 ലക്കം പ്രസിദ്ധീകരിച്ചത്
Read DhanamOnline in English
Subscribe to Dhanam Magazine