നടനായത് തന്നെ വലിയ കാര്യം! ഉള്ളിലിരുപ്പ് തുറന്ന് പറഞ്ഞ ഇന്നസെന്റ്

ഭക്ഷണ ശൈലി?

രാവിലെ കഞ്ഞിയാണ്. ഒപ്പം കടലക്കറിയോ തോരനോ ഒക്കെയാണ് ഇഷ്ടം. ഉച്ചയ്ക്ക് സാമ്പാറും കാളനും കൂട്ടി ഊണ്. മീനുണ്ടെങ്കില്‍ കുശാലായി. നല്ല കായല്‍ മീന്‍ കറിയാണെങ്കില്‍ വളരെ ഇഷ്ടം. ഇറച്ചി കഴിക്കാറില്ല.
വസ്ത്രം, വാച്ച്, ഫോണ്‍ മറ്റ് ഗാഡ്ജറ്റുകള്‍?
എനിക്കങ്ങനെ ഒന്നിനോടും പ്രത്യേക കമ്പമൊന്നുമില്ല. എന്റെ വസ്ത്രങ്ങളും വാച്ചുമെല്ലാം ആലീസാണ് തിരഞ്ഞെടുക്കുന്നത്. എന്റെ കാറിന്റെ നമ്പര്‍ പോലും എനിക്കറിയില്ല.
ജീവിതത്തില്‍ നേരിട്ട വലിയ വെല്ലുവിളി?
ജീവിതത്തില്‍ സംഭവിച്ചതൊന്നും വലിയ വെല്ലുവിളികളായി തോന്നിയിട്ടില്ല.
ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?
1970 ല്‍ ഒരു ഡയലോഗ് മാത്രം പറഞ്ഞ് അഭിനയ രംഗത്തെത്തിയ ആളാണ് ഞാന്‍. ഇന്നും സിനിമയില്‍ നില്‍ക്കുന്നു. ജീവിതത്തില്‍ അര്‍ഹിക്കുന്നതേ ആഗ്രഹിക്കാവൂ. നടനാകാന്‍ കഴിഞ്ഞത് തന്നെ വലിയ കാര്യം.
നടനായതു കൊണ്ടാണോ എം.പി ആയപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഇത്രയും സ്വീകാര്യത ലഭിച്ചത്?
ഇരിങ്ങാലക്കുട ക്രിസ്ത്യാനികള്‍ കമ്മ്യൂണിസ്റ്റുകാരാകുന്നതിന് മുന്‍പ് എന്റപ്പന്‍ കമ്മ്യൂണിസ്റ്റ് ആയതാണ്. പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞാന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഇലക്ഷന് നിന്നപ്പോഴാണ് ഇത്രയുമധികം ആളുകള്‍ എന്നെ സ്‌നേഹിക്കുന്നുണ്ടെന്നറിഞ്ഞത്.
എങ്ങനെയാണ് റിലാക്‌സ് ചെയ്യുന്നത്?
യാത്രകള്‍ പോകും, കൊച്ചുമക്കളുമായി കളിക്കും, എന്റെ വീട് തന്നെയാണ് റിലാക്‌സ് ചെയ്യാനുള്ള സ്ഥലം, കണ്ണടച്ചിരുന്ന് ഞാന്‍ വന്ന വഴികളിലെല്ലാം പോകും. പോയ സ്ഥലങ്ങള്‍, പഠിച്ച സ്‌കൂള്‍, സഹപാഠികള്‍, ഗുരുക്കന്മാര്‍, അഭിനയിച്ച ചില കഥാപാത്രങ്ങള്‍ അങ്ങനെ എല്ലാം മനസിലേക്ക് എത്തും.
ഏത് കഥാപാത്രങ്ങളാണ് മനസില്‍ എന്നും തങ്ങിനില്‍ക്കുന്നത്?
കാബൂളിവാലയിലെ കന്നാസ്, വേഷത്തിലെ അച്ഛന്‍, മനസിനക്കരെയിലെ അപ്പന്‍, റാംജി റാവു സ്പീക്കിങ്ങിലെ മാന്നാര്‍ മത്തായി, ദേവാസുരത്തിലെ വാര്യര്‍.
ദൗര്‍ബല്യം?
മറ്റുള്ളവര്‍ വന്നു സങ്കടം പറയുമ്പോള്‍ പെട്ടെന്നു മനസലിയും. അവരുടെ സങ്കടങ്ങള്‍ എന്റേതുമാണെന്ന് തോന്നും.
വീട്ടിലെ ഇന്നസെന്റ്?
ഞാന്‍ ആദ്യ വിദേശ ടൂറിന് പോയത് ആലീസിനെയും മകനെയും കൊണ്ടാണ്. അതുപോലെ തന്നെ ഇപ്പോഴും. എനിക്കും ഭാര്യ ആലീസിനുമിടയില്‍ വളരെ നല്ല സ്‌നേഹസമ്പന്നമായ ദാമ്പത്യം ഉണ്ട്. ഒരുപക്ഷേ അസുഖം വന്നപ്പോള്‍ പോലും ഞങ്ങള്‍ക്കാ ഐക്യമുണ്ടായിരുന്നു.
എം.പിയെന്ന നിലയില്‍?
പാവങ്ങളായ നിരവധി പേര്‍ക്ക് കാന്‍സറും അതുപോലെയുള്ള മഹാരോഗങ്ങളുമുണ്ട്. ചികിത്സാ സഹായവും കുറഞ്ഞ നിരക്കില്‍ മരുന്നും എത്തിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കും. ഡയാലിസിസ് സൗജന്യമായി നല്‍കണമെന്നുണ്ട്.
വീണ്ടും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം?
നമ്മുടെ നാട് വിട്ടാല്‍ മറ്റു രാജ്യങ്ങളെല്ലാം ഒരു മൂന്നു നാല് ദിവസത്തെ യാത്രയ്ക്ക് പോകാം. നമ്മുടെ നാട് തന്നെയാണ് ഏറ്റവും നല്ല സ്ഥലം.
മറ്റുള്ളവരില്‍ വെറുക്കുന്ന സ്വഭാവം?
ദൈവങ്ങളെല്ലാം സമ്പന്നന്മാരാണ്. പിന്നെയീ ആളുകള്‍ പള്ളിയുടെയും അമ്പലത്തിന്റെയും മുന്നില്‍ എത്തുമ്പോള്‍ പൈസ എറിഞ്ഞുകൊടുക്കുന്നതെന്തിനാണ് എന്നറിയില്ല.
ജീവിതത്തിലെ ഹീറോ, ഹീറോയിന്‍?
എന്റെ അപ്പനില്‍ നിന്നാണ് ഞാന്‍ ജീവിതം പഠിച്ചത്. അതുകൊണ്ട് തന്നെ എനിക്ക് മറ്റു റോള്‍ മോഡലുകളൊന്നുമില്ല.
മറ്റുള്ളവര്‍ക്ക് താങ്കളെക്കുറിച്ച് അറിയാത്ത കാര്യം?
എല്ലാവര്‍ക്കും എല്ലാം അറിയാം. എത്ര ഉയരത്തില്‍ എത്തിയാലും ഇരിങ്ങാലക്കുടയില്‍ തന്നെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍.
സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍?
രാഷ്ട്രീയത്തില്‍ തന്നെ ഉണ്ടാകുമായിരുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it