

രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?
പ്രധാനപ്പെട്ട പത്രങ്ങളെല്ലാം വായിച്ച്, വാര്‍ത്തകള്‍ അറിഞ്ഞ ശേഷമാണ് ദിവസം തുടങ്ങുന്നത്. പിന്നെയാണ് പ്രഭാതസവാരി. വീട്ടിലെത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരെയും സാധാരണക്കാരെയും കാണുന്നതും പതിവാണ്. തിരക്കിനിടയിലും നടത്തത്തിനും വിശ്രമത്തിനും സമയം കണ്ടെത്താറുണ്ട്.
ഇഷ്ടപ്പെട്ട ഭക്ഷണം?
നാടന്‍ ഭക്ഷണങ്ങളോടാണ് പ്രിയം. അതില്‍ത്തന്നെ ചോറും മീന്‍കറിയും കോഴിക്കോടന്‍ വിഭവങ്ങളുമൊക്കെയാണ് ഇഷ്ടം.
പ്രധാനപ്പെട്ട ഹോബി?
രാഷ്ട്രീയം തന്നെയാണ് പ്രധാന ഹോബി. അതിനപ്പുറം പുസ്തകങ്ങള്‍ വായിക്കാനും പഴയകാല സിനിമകള്‍ കാണാനും സിനിമാഗാനങ്ങള്‍ കേള്‍ക്കാനും ഇഷ്ടമാണ്.
ഏതൊക്കെ പുസ്തകങ്ങളാണ് വായിക്കാന്‍ ഇഷ്ടം?
ചരിത്രവും രാഷ്ട്രീയ ജീവചരിത്രങ്ങളുമാണ് കൂടുതല്‍ വായിക്കുക. എം.ടി വാസുദേവന്‍ നായരുടെ കൃതികളും കേശവദേവിന്റെ എഴുത്തുകളും ഏറെ ഇഷ്ടമാണ്.
ഇഷ്ടമുള്ള വിനോദം ഏതാണ്?
കുറച്ച് സമയം രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയെന്നതാണ് ഏറ്റവും വലിയ വിനോദം. സിനിമ കാണാനും കിട്ടുന്ന ചെറിയ ഒഴിവുവേളകള്‍ പോലും കുടുംബത്തോടും ചെറുമക്കളോടുമൊപ്പം ചെലവഴിക്കാനും ശ്രമിക്കാറുണ്ട്.
ഇഷ്ടപ്പെട്ട സിനിമ, കല?
സത്യന്‍, പ്രേം നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകള്‍ കാണാറുണ്ട്. കൂടാതെ നാടകവും പഴയകാല കലാരൂപങ്ങളും ഇഷ്ടമാണ്.
ഇഷ്ടപ്പെട്ട ഗാനങ്ങള്‍ ഏതൊക്കെയാണ്?
വയലാര്‍-ദേവരാജന്‍ മാസ്റ്റര്‍ കൂട്ടുകെട്ടിലെ ഗാനങ്ങളും ബാബുരാജിന്റെ ഈണങ്ങളുംഏറെ ഇഷ്ടമാണ്. പഴയ സിനിമാഗാനങ്ങള്‍ കേള്‍ക്കുന്നത് ഇന്നും മനസിന് വലിയ ആശ്വാസമാണ്.
ഏറ്റവും സ്വാധീനിച്ച വ്യക്തി?
മറ്റാരുമല്ല, അച്ഛന്‍ ലീഡര്‍ കെ. കരുണാകരന്‍ തന്നെ. അദ്ദേഹത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളും ജനങ്ങളോടുള്ള സമീപനവും മാത്രമല്ല, പ്രതിസന്ധികളെ നേരിടുന്ന രീതിയും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം?
1989ല്‍ ആദ്യമായി കോഴിക്കോട് നിന്ന് ലോക്സഭയിലേക്ക് വിജയിച്ച നിമിഷം. അത് മറക്കാനാവില്ല. പിന്നീട് വടകരയിലും വട്ടിയൂര്‍ക്കാവിലും കടുത്ത പോരാട്ടങ്ങള്‍ക്കൊടുവില്‍ ജനങ്ങള്‍ കൂടെനിന്ന് വിജയിപ്പിച്ച നിമിഷങ്ങളും അതുപോലെ തന്നെ.
ജീവിതത്തിലെ വലിയ നേട്ടം എന്താണ്?
ലീഡറുടെ മകന്‍ എന്ന വിലാസത്തിനപ്പുറം സ്വന്തം അധ്വാനത്തിലൂടെ ജനങ്ങളുടെ മനസില്‍ ഇടംനേടാന്‍ കഴിഞ്ഞത്.
മറക്കാനാവാത്ത അനുഭവം?
അച്ഛനുമൊത്ത് കേരളത്തിലുടനീളം നടത്തിയ യാത്രകള്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ചകളും പ്രതിസന്ധികളും അടുത്തുനിന്ന് കണ്ടതും ഒപ്പം നിന്നതുമെല്ലാം ജീവിതത്തിലെ വലിയ പാഠങ്ങളാണ്.
ജീവിതത്തിലെ ഏറ്റവും വലിയ ഖേദം?
കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്ന് മാറി, സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കേണ്ടി വന്ന കാലഘട്ടം. പിന്നീട് തിരികെ പ്രസ്ഥാനത്തിലേക്ക് എത്താനായെങ്കിലും ആ അധ്യായം ജീവിതത്തിലെ ഒരു ഖേദമായിത്തന്നെ അവശേഷിക്കുന്നു.
വേദനിപ്പിച്ച കാര്യം?
സ്വന്തം പ്രസ്ഥാനത്തില്‍ നിന്നുതന്നെ ചില ഘട്ടങ്ങളില്‍ നേരിടേണ്ടി വന്ന ഒറ്റപ്പെടുത്തലുകളും തെറ്റിദ്ധാരണകളും. രാഷ്ട്രീയത്തിലെ എതിര്‍പ്പുകളേക്കാള്‍ ചിലപ്പോള്‍ വേദനിപ്പിക്കുന്നത് സ്വന്തം ആളുകളില്‍ നിന്നുള്ള അകല്‍ച്ചയാണ്.
മാറ്റാന്‍ ആഗ്രഹിക്കുന്ന ശീലം?
മനസിലുള്ളത് പെട്ടെന്ന് തുറന്നുപറയുന്ന സ്വഭാവമാണ് എനിക്കുള്ളത്. ചിലപ്പോള്‍ അതുകൊണ്ട് രാഷ്ട്രീയത്തില്‍ ശത്രുക്കളുണ്ടായിട്ടുണ്ട്. പക്ഷേ മനസില്‍ ഒന്നും വെച്ചുനടക്കാന്‍ എനിക്ക് കഴിയാറില്ല.
ഇതുവരെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?
എനിക്ക് പലതവണ പൂജ്യത്തില്‍ നിന്ന് വീണ്ടും തുടങ്ങേണ്ടി വന്നിട്ടുണ്ട്. തിരിച്ചടികള്‍ക്ക് ശേഷം ജനങ്ങള്‍ക്കിടയിലേക്ക് തിരിച്ചെത്തി അവരുടെ വിശ്വാസം വീണ്ടെടുക്കുക എന്നതുതന്നെയാണ് ഏറ്റവും വലിയ പരീക്ഷണം.
ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ഉപദേശം?
അച്ഛന്‍ പറഞ്ഞ ഒരു കാര്യം എപ്പോഴും മനസിലുണ്ട്: ''പ്രവര്‍ത്തകരെയും സാധാരണക്കാരെയും ഒരു കാലത്തും മറക്കരുത്. അവരാണ് നിന്റെ ശക്തി.'' എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇന്നും ആ വാക്കുകള്‍ വഴികാട്ടിയാണ്.
അധികമാരും അറിയാത്ത ഒരു കാര്യം?
പുറമെ കാണുന്ന കാര്‍ക്കശ്യമുള്ള രാഷ്ട്രീയക്കാരനപ്പുറം വ്യക്തിബന്ധങ്ങള്‍ക്ക് വലിയ വില നല്‍കുന്ന ഒരാളാണ് ഞാന്‍. പല കാര്യങ്ങളും ഉള്ളില്‍ വളരെ വൈകാരികമായി എടുക്കും. പെട്ടെന്ന് മനസലിയുന്ന സ്വഭാവവുമുണ്ട്. പുറത്തുകാണുന്ന രാഷ്ട്രീയക്കാരനും ഉള്ളിലുള്ള മനുഷ്യനും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് അടുത്തറിയുന്നവര്‍ക്ക് മനസിലാകും.
Read DhanamOnline in English
Subscribe to Dhanam Magazine