

രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?
സുബഹി നമസ്കാരത്തിന് ശേഷം വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയെന്നത് പതിവാണ്. ശേഷം എന്നെ കാണാന്‍ വരുന്ന ആളുകളെ സ്വീകരിക്കാനും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനുമുള്ള തയാറെടുപ്പുകള്‍ നടത്തും.
ഇഷ്ടപ്പെട്ട ഭക്ഷണം?
ലളിതമായ ഭക്ഷണത്തോടാണ് എനിക്ക് താല്പര്യം. മലബാറിന്റെ തനതായ വിഭവങ്ങള്‍ ഇഷ്ടമാണെങ്കിലും ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നത് കൊണ്ട് ഇപ്പോള്‍ മിതമായ ഭക്ഷണരീതിയാണ് പിന്തുടരുന്നത്.
വ്യായാമം, ആരോഗ്യ പരിപാലനം എങ്ങനെയാണ്?
തിരക്കേറിയ യാത്രകള്‍ക്കിടയിലും നടത്തത്തിന് പ്രാധാന്യം നല്‍കാറുണ്ട്. രാത്രി നേരത്തെ കിടക്കും. രാവിലെ നേരത്തെ എഴുന്നേല്ക്കുകയും ചെയ്യും. കൃത്യനിഷ്ഠയുള്ള ജീവിതശൈലിയും മനഃസമാധാനവുമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പ്രധാനപ്പെട്ട ഹോബി?
വായനയും യാത്രകളുമാണ് പ്രധാന വിനോദങ്ങള്‍. ലോകത്തെയും മനുഷ്യരെയും അടുത്തറിയാന്‍ യാത്രകളും പുസ്തക വായനയും സഹായിക്കുമല്ലോ.
ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍?
യാത്രകളിലുടനീളം പുസ്തകങ്ങളെ കൂടെക്കൂട്ടാറുണ്ട്. കാറില്‍ എപ്പോഴും ഒന്നില്‍ക്കൂടുതല്‍ പുസ്തകങ്ങള്‍ കരുതും. ചരിത്രം, ആത്മീയത, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ് കൂടുതല്‍ വായിക്കുക. ഇസ്ലാമിക ചരിത്രഗ്രന്ഥങ്ങളും ലോക നേതാക്കളുടെ വചരിത്രങ്ങളും ഏറെ ഇഷ്ടമാണ്.
ഏറ്റവും ഇഷ്ടമുള്ള വിനോദം?
പ്രകൃതിഭംഗിയുള്ള ഇടങ്ങളിലൂടെയുള്ള ശാന്തമായ യാത്രകള്‍.
ജീവിതത്തിലെ വലിയ നേട്ടം?
പാണക്കാട് കുടുംബത്തിന് ജനങ്ങളിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സാധിക്കുന്നുവെന്നത് തന്നെ വലിയ കാര്യമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കേട്ട് പരിഹാരം കാണാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം.
ജീവിതത്തില്‍ ഏറ്റവും സന്തോഷമുണ്ടായ സന്ദര്‍ഭം?
വിഘടിച്ചുനില്ക്കുന്ന മനസിനെ ഒന്നിപ്പിക്കാന്‍ കഴിയുമ്പോഴും സങ്കടവുമായി വരുന്നവരുടെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി കാണുമ്പോഴുമാണ് ഏറ്റവും കൂടുതല്‍ സന്തോഷം തോന്നുന്നത്.
ഏറ്റവും സ്വാധീനിച്ച വ്യക്തി?
പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍. ഉപ്പയുടെ ക്ഷമയും വിനയവും ജനങ്ങളോടുള്ള സ്നേഹവും വലിയ പാഠമാണ്.
മറക്കാനാവാത്ത അനുഭവം?
പൊതുപ്രവര്‍ത്തനത്തിനിടയില്‍ കണ്ടുമുട്ടുന്ന നിസ്സഹായരായ മനുഷ്യരുടെ ജീവിതകഥകള്‍ പലപ്പോഴും മനസില്‍ നിന്ന് മായാതെ നില്‍ക്കാറുണ്ട്.
ഇതുവരെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?
സാമൂഹികമായ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന സാഹചര്യങ്ങളെ നേരിടുക എന്നത് വലിയ ഉത്തരവാദിത്തമാണ്. രാഷ്ട്രീയവും മതപരവുമായ വെല്ലുവിളികള്‍ക്കിടയിലും സമചിത്തതയോടെ മുന്നോട്ട് പോകുക എന്നതാണ് പ്രധാനം.
ജീവിതത്തില്‍ ലഭിച്ച വലിയ ഉപദേശം?
'എല്ലാവരോടും വിനയത്തോടെ പെരുമാറണം, ആരെയും വെറുപ്പിക്കരുത്' എന്ന വലിയ പാഠം. അത് എന്റെ പിതാവും മാതാവും എപ്പോഴും പറയുന്ന കാര്യമാണ്.
സംരംഭങ്ങളുടെ ഉദ്ഘാടനങ്ങള്‍ക്ക് പാണക്കാട് കുടുംബത്തെ വിളിക്കുന്നത് എന്തുകൊണ്ടാണ്?
അതൊരു വിശ്വാസത്തിന്റെ കൂടി ഭാഗമാണ്. പാണക്കാട് കുടുംബത്തോടുള്ള ജനങ്ങളുടെ സ്നേഹവും ബഹുമാനവുമാണത്. ഒരു സംരംഭം തുടങ്ങുമ്പോള്‍ അത് നന്മയോടെയും ബര്ക്കത്തോടെയും (അനുഗ്രഹം) തുടങ്ങണമെന്ന ആഗ്രഹം കൊണ്ടാണ് അവര്‍ ക്ഷണിക്കുന്നത്. ഞങ്ങള്‍ അവിടെ ചെന്ന് പ്രാര്‍ത്ഥിക്കുന്നതും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും അവര്‍ വലിയൊരു അനുഗ്രഹമായി കാണുന്നു.
ഭാവിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടോ?
പാണക്കാട് കുടുംബത്തെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തേക്കാള്‍ ഉപരി ജനങ്ങളെ ആത്മീയവും സാമൂഹികവുമായി നയിക്കുന്നതിലാണ് പ്രാധാന്യം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന നിലപാടാണ് എന്നും സ്വീകരിച്ചിട്ടുള്ളത്.
വിവാദമുണ്ടാകുമ്പോള്‍ എന്തുചെയ്യും?
വിവാദങ്ങളോട് വൈകാരികമായി പ്രതികരിക്കാറില്ല. സത്യം ബോധ്യപ്പെടുത്തുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുകയെന്നതാണ് രീതി. സ്നേഹത്തിലൂടെയും ചര്‍ച്ചകളിലൂടെയും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും.
അധികമാരും അറിയാത്ത ഒരു കാര്യം?
ചെറുപ്പം മുതല്‍ തന്നെ ഫുട്ബോളിനോട് കമ്പമുള്ളയാളാണ് ഞാന്‍. ഗ്രൗണ്ടുകളില്‍ കുട്ടികള്‍ കളിക്കുന്നത് കാണുമ്പോള്‍, ഒന്ന് പന്ത് തട്ടാനൊക്കെ തോന്നാറുണ്ട്. പന്ത് തട്ടാറുമുണ്ട്.
യുവാക്കള്‍ക്ക് നല്‍കാനുള്ള സന്ദേശം?
വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുക. സഹിഷ്ണുതയും പരസ്പര ബഹുമാനവും ജീവിതത്തില്‍ പാലിക്കുക. നന്മയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാന്‍ മുന്‍കൈ എടുക്കുക.
(മേയ് 15 ലക്കം ധനം മാഗസിനിൽ പ്രസിദ്ധീകരിച്ചത്)
Read DhanamOnline in English
Subscribe to Dhanam Magazine