എന്നോട് ആരും ഒന്നും ചോദിക്കരുത്!

രമേഷ് പിഷാരടി, സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍, സംവിധായകന്‍

എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നത്?

മൊബൈല്‍ നോക്കും

ഇഷ്ട ഭക്ഷണം?

ബ്രാക്ക് ഫാസ്റ്റിന് പുട്ടും കടലക്കറിയുമാണ് കൂടുതല്‍ ഇഷ്ടം. അമ്മയും ഭാര്യയും വയ്ക്കുന്ന കായ എരിശ്ശേരിയോടൊരു പ്രത്യേക ഇഷ്ടമുണ്ട്. പൊതുവേ ഭക്ഷണകാര്യത്തില്‍ എനിക്ക് വലിയ നിര്‍ബന്ധങ്ങളൊന്നുമില്ല.

ഇഷ്ട ബ്രാന്‍ഡ്?

ഷര്‍ട്ടിലും ഷൂസിലുമൊന്നും എനിക്ക് ഇഷ്ട ബ്രാന്‍ഡില്ല. എന്നാല്‍ തലവേദനയ്ക്ക് അമൃതാഞ്ജന്‍ തന്നെ വേണം.

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തി?

നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീനിവാസന്‍.

ഏറ്റവും അടുത്ത സുഹൃത്ത്?

സിനിമയില്‍ ഏറ്റവും അടുപ്പം ധര്‍മജനോടാണ്. ചെറുപ്പം മുതലുള്ള സുഹൃത്ത് കണ്ണന്‍.

അടുത്തിടെ ഏറ്റവും സന്തോഷം തോന്നിയ നിമിഷം?

ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍ മമ്മൂട്ടി സമ്മതിച്ചതു തന്നെ. മമ്മൂട്ടിയെ കണ്ടുകൊണ്ടു തന്നെ എഴുതിയ പടമാണിത്.

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി?

2018 ജൂണ്‍ വരെ ഞാന്‍ പൂര്‍ണ വെജിറ്റേറിയന്‍ ആയിരുന്നു. വിദേശത്തൊക്കെ പോകുമ്പോള്‍ ഭക്ഷണം കിട്ടുക എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും വലിയ പ്രതിസന്ധി. സ്ഥിരമായി മൈഗ്രെയ്ന്‍ വരുന്ന കാര്യം പറഞ്ഞപ്പോള്‍ ഒരു സുഹൃത്താണ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചാല്‍ കുറയുമെന്ന് പറഞ്ഞത്. അങ്ങനെ ഞാന്‍ നോണ്‍ വെജിറ്റേറിയനായി. അതോടെ ആ പ്രതിസന്ധിയും മാറി.

മറക്കാനാകാത്ത ഒരു സ്റ്റേജ് അനുഭവം?

ഞാനും ധര്‍മജനും സ്വിറ്റ്‌സര്‍ലന്റിലൊരു പരിപാടി അവരിപ്പിക്കാന്‍ പോയി. രണ്ടു സ്‌കിറ്റുകളാണ് ഞങ്ങള്‍ പ്ലാന്‍ ചെയ്തത്. ആദ്യ സ്‌കിറ്റ് കഴിഞ്ഞ് കുട്ടികളുടെ പാട്ടാണ്. ഇതിനിടയില്‍ സംഘാടകര്‍ വന്ന് നിങ്ങള്‍ക്കൊരു സര്‍പ്രൈസുണ്ടെന്നൊക്കെ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങള്‍ വെയ്റ്റ് ചെയ്യുമ്പോള്‍ അവിടെയുള്ളൊരു ചേട്ടനും ചേച്ചിയും കൂടി ഞങ്ങള്‍ പ്ലാന്‍ ചെയ്ത രണ്ടാമത്തെ സ്‌കിറ്റ് അവിടെ അവതരിപ്പിക്കുന്നു. ഖത്തറില്‍ ഈ സ്‌കിറ്റ് അവതരിപ്പിച്ചിരുന്നു. അതിന്റെ ഓഡിയോ ക്ലിപ്പ് സംഘടിപ്പിച്ച് പഠിച്ച് ഞങ്ങളെ ഒന്നു സര്‍പ്രൈസ് ആക്കിയതാണ്. പക്ഷേ ഞങ്ങള്‍ പെട്ടു. വേറെ സ്‌കിറ്റും കോസ്റ്റിയൂമും ഒന്നുമില്ല. മുന്നിലുള്ളത് 15 മിനിറ്റും. പിന്നെ ഒരു നൈറ്റിയൊക്കെ സംഘടിപ്പിച്ച് ധര്‍മജനെ പെണ്‍വേഷം കെട്ടിച്ച് ഒരു സ്‌കിറ്റ് ചെയ്ത് തടി തപ്പി.

ഏറ്റവും വലിയ നഷ്ടം?

ഐശ്വര്യ റായ് അഭിഷേക് ബച്ചനെ കല്യാണം കഴിച്ചത്. നമുക്ക് കിട്ടിയില്ലല്ലൊ! (ചിരിക്കുന്നു).

അടുത്തിടെ വായിച്ച പുസ്തകം?

എന്തുകിട്ടിയാലും വായിക്കുന്ന കൂട്ടത്തിലാണ്. പൊതിഞ്ഞുകൊണ്ടുവരുന്ന പേപ്പറായാലും. വഴിയില്‍ കാണുന്ന ബോര്‍ഡായാലും വായിക്കും. അടുത്തിടെ വായിച്ചത് രവിചന്ദ്രന്‍ സി രചിച്ച നാസ്തികനായ ദൈവം എന്ന പുസ്തകമാണ്.

ജീവിതത്തിലെ റോള്‍ മോഡല്‍

ചിത്ര ചേച്ചി. 35 വര്‍ഷമായി ഇന്‍ഡസ്ട്രിയിലുണ്ടെങ്കിലും ഇന്നു വരെ ആവശ്യമില്ലാത്ത ഒരു സ്‌റ്റേറ്റ്‌മെന്റോ വിവാദങ്ങളോ ഒന്നുമില്ല. എല്ലാത്തിനെയും കുറിച്ച് അഭിപ്രായം പറയുന്ന ശീലവുമില്ല. എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടം തോന്നുന്ന വ്യക്തിത്വമാണ്.

മറ്റുള്ളവരില്‍ വെറുക്കുന്ന സ്വഭാവം?

അനാവശ്യ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത്. പിന്നെ കൃത്യനിഷ്ഠപാലിക്കാത്തതും.

സ്വന്തം സ്വഭാവത്തില്‍ മാറ്റണമെന്ന് ആഗ്രഹിക്കുന്ന ശീലം?

ഓവര്‍ തിങ്കിംഗ്, ഈ സ്വഭാവം മൂലം പല കാര്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റുള്ളവരുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കുന്നതിന്റെ പ്രശ്‌നമാണ്.

ഏറ്റവും ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ട്?

എന്റെ വീട്. ഭാര്യ സൗമ്യയ്ക്കും മക്കളായ പീലി, വീരന്‍, ധീരന്‍ എന്നിവര്‍ക്കുമൊപ്പം ഹോളിഡേ വീട്ടില്‍ ആഘോഷിക്കും.

താങ്കളെകുറിച്ച് അധികം ആര്‍ക്കും അറിയാത്ത കാര്യം?

ഞാന്‍ ഒരു പാവമാണെന്നത്. പലരും സംസാരിച്ചു കഴിയുമ്പോള്‍ പറയാറുണ്ട്. അഹങ്കാരിയാണെന്നാണ് വിചാരിച്ചതെന്നൊക്കെ. എങ്ങനെയാണ് അവര്‍ക്ക് അങ്ങനെ തോന്നുന്നതെന്ന് അറിയില്ല.

ജീവിതത്തിലെ നിര്‍ണായകമായ തീരുമാനം?

കല തന്നെയാണ് എന്റെ ഫീല്‍ഡ് എന്ന് തീരുമാനിച്ചത്. ഡിഗ്രിക്കു പഠിക്കുമ്പോഴായിരുന്നു ആ തീരുമാനം.

പുതിയ സിനിമ?

സംവിധായകന്റെ റോളില്‍ ഉടനെയില്ല. ജിസ് ജോയ്- കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പടത്തില്‍ അഭിനയിക്കുന്നുണ്ട്.

ഇവിടെ ചോദിക്കാത്ത, എന്നാല്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചോദ്യവും ഉത്തരവും.

എന്നോട് ആരും ഒന്നും ചോദിക്കരുതെന്നാണ് എന്റെ ആഗ്രഹം!

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Resya Raveendran
Resya Raveendran  

Assistant Editor

Related Articles
Next Story
Videos
Share it