"ചന്ദ്രലേഖ സിനിമ കണ്ടത് നൂറ് പ്രാവശ്യം!" : രഞ്ജി പണിക്കർ
രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?
ആദ്യം ഒരു ഗ്ലാസ് വെള്ളം കുടിക്കും. ഭൂമിയില്‍ തൊട്ട് നമസ്‌കരിക്കും. മുറിയില്‍ കാണാവുന്ന രീതിയില്‍ അച്ഛന്റെയും അമ്മയുടെയും ചിത്രമുണ്ട്. അവരെ ഓര്‍ക്കും. വീട്ടില്‍ ജിം ഉണ്ട്. ദിവസം ഒരു മണിക്കൂര്‍ വര്‍ക്ക് ഔട്ട് ചെയ്യും.
ഭക്ഷണരീതികള്‍ എങ്ങനെയാണ്?
ഇഡ്ഡലിയും ദോശയുമൊക്കെ ഇഷ്ടമാണ്. പക്ഷെ അതൊന്നും കഴിക്കാറില്ല. പ്രഭാതഭക്ഷണം ഫ്രൂട്ട്‌സും ഡ്രൈ ഫ്രൂട്ട്‌സും ഒരു കപ്പ് കാപ്പിയും മാത്രം. ഉച്ചയ്ക്ക് മിക്കപ്പോഴും ചപ്പാത്തിയായിരിക്കും.
രാത്രിഭക്ഷണം ദോശയോ ചപ്പാത്തിയോ.
ഏറ്റവും സ്വാധീനിച്ച വ്യക്തി?
എന്റെ മാതാപിതാക്കള്‍
റോള്‍ മോഡല്‍
ആരുമില്ല
അടുത്തകാലത്ത് ഏറ്റവും സന്തോഷം തോന്നിയ സംഭവം?
ഗോദ സിനിമയ്ക്ക് ലഭിച്ച മികച്ച പ്രതികരണങ്ങള്‍
ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി
നിരവധി പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും അനുഭവിക്കുന്ന പ്രതിസന്ധി തന്നെ ഏറ്റവും വലുതായി തോന്നും.
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം
മാതാപിതാക്കളുടെയും ചില ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെയും വേര്‍പാട്.
എങ്ങനെയാണ് റിലാക്‌സ് ചെയ്യുന്നത്?
എന്റെ മുറിയില്‍ ഒറ്റയ്ക്കിരിക്കും. പാട്ടുകേള്‍ക്കും. പുസ്തകം വായിക്കും
മറ്റുള്ളവരില്‍ ഏറ്റവും വെറുക്കുന്ന സ്വഭാവം?
അമിതഭാഷണം. ഔചിത്യമില്ലാത്ത പെരുമാറ്റം. എനിക്ക് ഇഷ്ടമില്ലാത്തവരില്‍ നിന്ന് ഞാന്‍ അകന്നുനില്‍ക്കുന്നതിനാല്‍ അത്തരം സാഹചര്യങ്ങള്‍ അധികം ഉണ്ടാകാറില്ല.
മാറ്റണമെന്ന് ആഗ്രഹിക്കുന്ന ശീലം
അങ്ങനെയൊന്നില്ല. ഞാന്‍ മിതമായി മദ്യപിക്കാറും പുകവലിക്കാറുമുണ്ട്. പക്ഷെ ആ ശീലം മാറ്റണമെന്ന് എനിക്ക് ആഗ്രഹമില്ല. മരണം വരെ അത് തുടര്‍ന്നുകൊണ്ടു പോകണം എന്നേയുള്ളു.
മാറ്റണമെന്ന് ആഗ്രഹിക്കുന്ന സ്വഭാവം?
എന്റെ മടി. മടി ഇല്ലായിരുന്നുവെങ്കില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാമായിരുന്നു.
ദേഷ്യം എങ്ങനെയാണ് നിയന്ത്രിക്കുന്നത്?
ഞാനൊരു മുന്‍കോപി ആണെന്ന് എനിക്കറിയാം. അത് തിരിച്ചറിയുന്നതുകൊണ്ട് നിയന്ത്രിക്കാനാകുന്നു.
ഏറ്റവും വലിയ ലക്ഷ്യം?
ജീവിതത്തില്‍ വലിയ ഗോളുകളൊന്നും ഇല്ലാത്തയാളാണ് ഞാന്‍. എഴുത്തുകാരന്‍ ആകണമെന്നായിരുന്നു ചെറുപ്പത്തിലെ ഏറ്റവും വലിയ സ്വപ്‌നം. ഒപ്പം സിനിമയിലെത്തണമെന്നും. എന്നിലെ എഴുത്തുകാരനെ ഇനിയും മെച്ചപ്പെടുത്തണം എന്നതല്ലാതെ വലിയ ലക്ഷ്യങ്ങളില്ല.
തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ് എന്നിങ്ങനെ പല റോളുകള്‍ ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ജോലി?
തിരക്കഥയെഴുത്ത് എന്നാല്‍ ഏറെ ആത്മസംഘര്‍ഷവും മാനസിക പിരുമുറക്കവും ഉണ്ടാക്കുന്ന ജോലിയാണ്. എഴുത്തില്‍ അങ്ങേയറ്റം പൂര്‍ണ്ണതയുണ്ടാകണം എന്ന് നിര്‍ബന്ധമുള്ളയാളാണ് ഞാന്‍. പക്ഷെ എഴുത്തുകാരനെന്ന നിലയില്‍ ഞാനിപ്പോഴും എന്റെ പ്രതീക്ഷയ്ക്ക് ഒപ്പം ഉയര്‍ന്നിട്ടില്ല.
ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രോജക്റ്റ്?
ക്യാപ്റ്റന്‍, കിണര്‍, വില്ലന്‍ എന്നീ മൂന്ന് സിനിമകളില്‍ അഭിനയിക്കുന്നു.
ഇഷ്ടപ്പെട്ട ഹോളിഡേ സ്‌പോട്ട്
എന്റെ മുറി. അതെന്റെ സ്വകാര്യ ലോകമാണ്.
ഇഷ്ട സിനിമ?
ചന്ദ്രലേഖ. എത്രതവണ കണ്ടാലും ഈ സിനിമ എനിക്ക് മടുക്കാറില്ല. 100 പ്രാവശ്യമൊക്കെ കണ്ടിട്ടുണ്ടാകും.
സ്വന്തം സിനിമകളോ?
എന്റെ സിനിമകള്‍ ഒറ്റ പ്രാവശ്യമേ കാണാറുള്ളു.
ഇഷ്ടപ്പെട്ട ഗാനം?
സംഗീതത്തില്‍ വ്യത്യസ്തമായ അഭിരുചിയുള്ള വ്യക്തിയാണ്. മഹാരാജപുരം സന്താനം, എം.ഡി രാമനാഥന്‍, വയലിനിസ്റ്റ് എം.എസ് ഗോപാലകൃഷ്ണന്‍, നൂര്‍ ജെഹാന്‍, ആബിദ പര്‍വീണ്‍. തുടങ്ങിയവരുടെ ഗാനങ്ങള്‍ എത്ര കേട്ടാലും മടുക്കില്ല.
ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം?
Sandor Marai യുടെ Embers എന്ന ഗ്രന്ഥം. മൂന്നാമത്തെ പ്രാവശ്യമാണ് ഈ പുസ്തകം വായിക്കുന്നത്.
താങ്കളുടെ ഏറ്റവും വലിയ വിമര്‍ശകന്‍/വിമര്‍ശക
ഞാന്‍ തന്നെ. മറ്റുള്ളവര്‍ എന്നെ വേദനിപ്പിക്കാതെയേ വിമര്‍ശിക്കാറുള്ളു.
പേഴ്‌സില്‍ സാധാരണ എത്ര രൂപ കരുതും?
അതു ഞാന്‍ പറഞ്ഞിട്ടുവേണം പിടിച്ചുപറിക്കാര്‍ എന്റെ പിന്നാലെ കൂടാന്‍.