"സൗന്ദര്യ ആരാധന എന്റെ ദൗര്‍ബല്യം": സുരേഷ് ഗോപിയുടെ 'ഉള്ളിലിരുപ്പ്'

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കിയ മണ്ഡലമാണ് തൃശൂര്‍. താരപ്രൗഢിക്കപ്പുറം നിലപാടുകളിലൂടെ വ്യത്യസ്തനായ സുരേഷ്‌ഗോപി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി തന്റെ രണ്ടാം അങ്കത്തിനെത്തിയതാണ് തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. തിരഞ്ഞെടുപ്പുകളില്‍ പരാജയം രുചിച്ചപ്പോഴും പ്രതീക്ഷകൈവിടാതെ വീണ്ടും തൃശൂരില്‍ തന്നെ നിലയുറപ്പിച്ച സുരേഷ് ഗോപി ഇത്തവണ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ലോക്‌സഭയിലേക്ക് പോകുന്നത്. കേരളത്തില്‍ ബി.ജെ.പിക്ക് ആദ്യ അക്കൗണ്ട് തുറന്നു കൊടുക്കുകയും ചെയ്തു.

2014ല്‍ ധനം ബിസിനസ് മാഗസീന് സുരേഷ്‌ഗോപി നല്‍കിയ പ്രത്യേക അഭിമുഖം വായിക്കാം.

രാവിലെ ആദ്യം ചെയ്യുന്ന കാര്യം?

ആദ്യം പ്രാര്‍ത്ഥനയാണ്. കണ്ണടച്ച് നിന്ന് ഇഷ്ടദൈവങ്ങളെ, കാണപ്പെട്ട ദൈവങ്ങളായ മാതാപിതാക്കളെ, ഗുരുക്കന്മാരെ എല്ലാവരെയും മനസില്‍ കണ്ട് പ്രാര്‍ത്ഥിക്കും. അതിനുശേഷം വെള്ളം ചേര്‍ക്കാത്ത പാലില്‍ നല്ല കാപ്പി. രാധികയുടെ കൈ കൊണ്ടുണ്ടാക്കിയ ആ കാപ്പിയെ ആശ്രയിച്ചിരിക്കും എന്റെ അന്നത്തെ ദിവസം.

ഭക്ഷണശൈലി?

രാവിലെ രണ്ട് ഇഡലി. ചമ്മന്തിക്ക് സ്വാദ് കൂടിയാല്‍ രണ്ടെന്നുള്ളത് മൂന്നെണ്ണമാകും. ഉച്ചയ്ക്ക് ചോറും മീനും. ചിക്കനും ബീഫും ഒഴിവാക്കും. വല്ലപ്പോഴും മട്ടന്‍. രണ്ടുമൂന്നുമാസം കൂടുമ്പോള്‍ കുറച്ച് പോര്‍ക്ക് കഴിക്കും. പോര്‍ക്കിന് ശരീരത്തെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. വൈകുന്നേരം ചായ, രാത്രി ഗോതമ്പ് അല്ലെങ്കില്‍ ഓട്സ് വിഭവങ്ങള്‍.

വസ്ത്രം, വാച്ച്, ഫോണ്‍ മറ്റ് ഗാഡ്ജെറ്റുകള്‍?

ഞാന്‍ ബ്രാന്‍ഡ് കോണ്‍ഷ്യസ് അല്ല. പക്ഷെ റോളക്സിന്റെ വാച്ച് വലിയ ആഗ്രഹമാണ്. വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മകന്റെ അഭിപ്രായം പരിഗണിക്കുന്നു.

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?

ഓരോ പൊലീസ് വേഷങ്ങളും വ്യത്യസ്തമാണ്. പുതിയ പൊലീസ് വേഷങ്ങള്‍ വ്യത്യസ്തമായി എങ്ങനെ ചെയ്യാം എന്നതാണെന്റെ വെല്ലുവിളി.

എങ്ങനെയാണ് റിലാക്സ് ചെയ്യുന്നത്?

ഇളയരാജയുടെ പാട്ടുകള്‍ കേള്‍ക്കാറുണ്ട്, ഉറക്കം, ഡ്രൈവിംഗ്

ദൗര്‍ബല്യം?

സൗന്ദര്യം. സൗന്ദര്യമുള്ള എന്തിനോടും എനിക്ക് ആരാധനയാണ്. അത് ചിലപ്പോള്‍ നിറങ്ങളാകാം ഒരു വണ്ടിയാകാം. വീട്ടില്‍ ഒരു മാര്‍ബിളില്‍ തീര്‍ത്ത കൃഷ്ണനുണ്ട്. ഉദയ്പൂരില്‍ കണ്ടതാണ്. വാങ്ങി കൂടെ കൂട്ടി.

വീട്ടിലെ സുരേഷ് ഗോപി?

വീട്ടില്‍ സുരേഷ് ഗോപി ഇല്ലല്ലോ? ഇവിടെയെത്തിയാല്‍ ഭര്‍ത്താവ്, അച്ഛന്‍, മരുമകന്‍ റോളുകളാണ്.

വീണ്ടും പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം?

അമ്മയുടെ അടുക്കള. അമ്മ ഉണ്ടാക്കിയിരുന്ന പുളിശേരിയുടെ കൊതിപ്പിക്കുന്ന രുചി, പിന്നെ പഴങ്കഞ്ഞിയും മോരും കാന്താരിമുളകും. വെള്ളച്ചാട്ടങ്ങളുടെ ദ്വീപായ ഇഗ്വാസുവില്‍ ഉടനെ പോകണമെന്ന പ്ലാനിലാണ്.

ഇഷ്ടപ്പെട്ട സിനിമ, പുസ്തകം?

വളരെ ഇഷ്ടപ്പെട്ട 500 ഓളം സിനിമകളുണ്ട്. അതില്‍ തുലാഭാരം, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നിവയാണ് എടുത്തു പറയാവുന്ന ചിത്രങ്ങള്‍. മലയാളത്തില്‍ അയല്‍ക്കാര്‍ എന്ന നോവലാണ് ഏറ്റവും ഇഷ്ടമുള്ള പുസ്തകം.

മാറ്റാന്‍ ആഗ്രഹിക്കുന്ന ശീലം?

കൃത്യമായി വ്യായാമം ചെയ്തിരുന്ന ആളാണ് ഞാന്‍. എന്നാല്‍ കുറച്ച് നാളായി വ്യായാമം ചെയ്യുന്നില്ല. അത് മാറ്റണം.

മറ്റുള്ളവരില്‍ വെറുക്കുന്ന സ്വഭാവം?

ആത്മാവില്ലാത്തവന്‍ നഖമില്ലാത്തവനെ കുറ്റം പറയുന്നതുപോലെ വലിയ കുറവുകളെ മറച്ചുവെച്ച് ചെറിയ കാര്യങ്ങളെ വിമര്‍ശിക്കുന്നത്.

ജീവിതത്തിലെടുത്ത ഏറ്റവും വലിയ തീരുമാനം?

ഒന്നുകില്‍ സിനിമ അല്ലെങ്കില്‍ കോടീശ്വരന്‍ പരിപാടി എന്ന തീരുമാനം എടുക്കേണ്ടി വന്നപ്പോള്‍ കോടീശ്വരന്‍ ചെയ്യാന്‍ തീരുമാനിച്ചത്.

താങ്കളെക്കുറിച്ച് ആര്‍ക്കും അറിയാത്ത കാര്യം?

അങ്ങനെ ഒരു കാര്യമില്ല. ഞാന്‍ മറ്റുള്ളവരുടെ മുന്നില്‍ ഒന്നും മറച്ചുവെക്കുന്നില്ല.

യുവാക്കളോടുള്ള ഉപദേശം?

ഭാഷയെ ബഹുമാനിക്കുക. വാക്കുകളുടെ അര്‍ത്ഥമല്ല, വൈകാരികതയാണ് ശ്രദ്ധിക്കേണ്ടത്.

സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍?

ഡോക്റ്റര്‍ അല്ലെങ്കില്‍ ഐ പി എസ് ഓഫിസര്‍.

താങ്കളുടെ ഹീറോ, ഹീറോയിന്‍?

ഇന്ദിരാഗാന്ധിയാണ് എന്റെ ഹീറോയിന്‍. ആ വ്യക്തിത്വം, പവര്‍ അതൊക്കെയാണ് അവരെ ലോകത്തിലെ ഒരുത്തമ വനിതയാക്കിയത്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

പ്രസിഡന്റ്‌ കഴുത്തിലണിയിച്ച് തന്ന ദേശീയ അവാര്‍ഡ് മെഡല്‍ അച്ഛന്റെ കഴുത്തില്‍ ഞാനിട്ടു കൊടുത്ത ആ നിമിഷം

Related Articles
Next Story
Videos
Share it