പെര്‍ഫക്ഷനിസമാണ് എന്റെ പ്ലസും മൈനസും!

ടോം ജോസ് ഐ.എ.എസ്, ചീഫ് സെക്രട്ടറി

രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?

ഒരു ഗ്ലാസ് വെള്ളം കുടിക്കും. കിടക്കയ്ക്ക് അരികില്‍ എപ്പോഴും വെള്ളം കരുതിയിട്ടുണ്ടാകും.

പ്രിയപ്പെട്ട ഭക്ഷണം?

നല്ല ബീഫ് ഫ്രൈക്ക് പുറമേ അസ്പരാഗസും മറ്റുള്ള പച്ചക്കറികളും ഇഷ്ടമാണ്

ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

മെട്രോ പദ്ധതി അനിവാര്യമാണെന്ന വസ്തുത അന്നത്തെ മുഖ്യമന്ത്രിയെ ബോദ്ധ്യപ്പെടുത്താനും 2011ല്‍ അതിനായി കമ്പനി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി നേടിയെടുക്കാനും സാധിച്ചു. 70 ശതമാനത്തോളം നടപ്പാക്കപ്പെട്ട ഈ പദ്ധതി എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ കേന്ദ്ര ക്രൈസിസ് മാനേജ്‌മെന്റ് ടീമുമായി ചേര്‍ന്ന് റിലീഫ് ആന്റ് റെസ്‌ക്യൂ ഓപ്പറേഷന്‍സ് ഫലപ്രദമായി നടപ്പാക്കിയതിന് ആഗോളതലത്തില്‍ നിന്നുതന്നെ വളരെയേറെ അഭിനന്ദനം ലഭിക്കുകയുണ്ടായി. സിംഗപ്പൂരിനെപ്പോലെ വൃത്തിയുള്ള ഒരു സ്ഥലമാക്കി കേരളത്തെ മാറ്റുന്നതിന് ഖരമാലിന്യ സംസ്‌ക്കരണ രംഗത്ത് ഞങ്ങള്‍ നൂതന പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുകയാണ്. കൂടാതെ സംസ്ഥാനത്തെ കാടുകളിലെ 129 സ്ഥലങ്ങളില്‍ നിക്ഷേപിച്ചിരുന്ന മാലിന്യം കണ്ടെത്തി അവ വൃത്തിയാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.

മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു ശീലം?

ചിലപ്പോഴൊക്കെ ഞാന്‍ വളരെയേറെ അക്ഷമനാകാറുണ്ട്.

ദേഷ്യപ്പെടാറുണ്ടോ?

സാധാരണഗതിയില്‍ മറ്റുള്ളവരോട് ഷൗട്ട് ചെയ്യാറില്ല. എന്നാല്‍ അസംതൃപ്തിയുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാറുണ്ട്.

ഈയിടെ വായിച്ച പുസ്തകം?

Yuval Noah Harari എഴുതിയ, മനുഷ്യവംശത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്ന Trilogy bnse Sapiens, Homo Deus എന്നീ രണ്ട് പുസ്തകങ്ങള്‍ ഞാന്‍ വായിച്ചുകഴിഞ്ഞു. മൂന്നാമത്തെതായ 21 Lessons for the 21st Century എന്ന പുസ്തകമാണ് ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത്. ദൈവം ഇല്ലെന്നും മനുഷ്യരാണ് ദൈവമെന്നും അവര്‍ തന്നെയാണ് ഈ ഭൂമിയുടെയും അവരുടെയും വിധി നിശ്ചയിക്കുന്നതെന്നുമാണ് ഇതിലെ കാഴ്ചപ്പാട്.

പ്രിയപ്പെട്ട ഹോബി?

വായനയ്ക്ക് പുറമേ സിനിമകള്‍ കാണാറുണ്ട്. രണ്ടാം ലോക മഹായുദ്ധം മറ്റൊരു തരത്തില്‍ കലാശിച്ചിരുന്നെങ്കില്‍ ലോകത്തിന്റെ ഭാവി എന്തായിരിക്കുമെന്ന തിനെക്കുറിച്ചുള്ള The Man in the high Castle എന്ന ടിവി ഷോ ഇപ്പോള്‍ കാണുന്നുണ്ട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ടിവിയില്‍ നാഷണല്‍ ജിയോഗ്രഫിക്, അനിമല്‍ പ്ലാനറ്റ് എന്നീ ചാനലുകള്‍ മാത്രമേ കാണുകയുള്ളൂ.

ജീവിതത്തില്‍ എടുത്ത നിര്‍ണായകമായൊരു തീരുമാനം?

സിവില്‍ സര്‍വ്വീസില്‍ ചേരാന്‍ തീരുമാനിച്ചത്. കാരണം ഡിഗ്രിക്ക് ശേഷം എം.ബി.എ കഴിഞ്ഞ് മുംബൈയിലെ ഒരു കമ്പനിയില്‍ പ്രവര്‍ത്തിക്കവേയാണ് ഞാന്‍ അതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചത്.

ജീവിതമൂല്യമായി കരുതുന്നത്?

എപ്പോഴും ലോജിക്കലും റാഷണലും ആയിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ആരെങ്കിലും പറഞ്ഞിട്ടുള്ളതിനാല്‍ മാത്രം ഒരു ആശയത്തെയോ വാദത്തെയോ വിശ്വാസത്തെയോ എനിക്ക് സ്വീകരിക്കാനാവില്ല. ഞാന്‍ എപ്പോഴും അവയെ ചോദ്യം ചെയ്തുകൊണ്ടിരിക്കും. അന്ധമായ വിശ്വാസം എപ്പോഴും അപകടകരമാണ്.

മറ്റുള്ളവരില്‍ താങ്കള്‍ ഇഷ്ടപ്പെടാത്തത്്?

ചിലര്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ട് മറ്റുള്ളവര്‍ക്ക് അവസരം നല്‍കാതിരിക്കുന്നത്്. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ചിലര്‍ ഇരുഭാഗത്തെയും ആംറെസ്റ്റ് പൂര്‍ണ്ണമായി കൈയ്യടക്കുന്നതും

ജീവിതത്തില്‍ ഏറ്റവും അധികം ദുഃഖം തോന്നിയത്?

ഒരു അപകടത്തില്‍പ്പെട്ട് എട്ട് വയസായ എന്റെ ഏക മകള്‍ മരിച്ചപ്പോള്‍

ഡെലിഗേറ്റ് ചെയ്യാന്‍ പറ്റാത്തൊരു ജോലി?

അത് കേട്ടാല്‍ ആരും ചിരിച്ചുപോകും. ലെറ്റര്‍ ഡ്രാഫ്റ്റിംഗാണത്. കാരണം ഞാനൊരു പെര്‍ഫക്ഷനിസ്റ്റാണ്. ലെറ്ററിന്റെ മാര്‍ജിന്‍, സല്യൂട്ടേഷന്‍, ഫോണ്ട് തുടങ്ങിയ എല്ലാ കാര്യങ്ങളും ശരിയാണെങ്കിലേ വായിക്കുന്ന ആളിന്റെ മനസില്‍ ഒരു പോസിറ്റീവ് ഇമേജറിയുണ്ടാകൂ. അതിനാല്‍ മറ്റുള്ളവര്‍ തയ്യാറാക്കുന്ന ലെറ്ററുകളൊക്കെ ഞാന്‍ മൂന്നും നാലും പ്രാവശ്യം തിരുത്താറുണ്ട്.

ബ്യൂറോക്രസിയില്‍ എന്തൊക്കെ മാറ്റങ്ങളാണ് താങ്കള്‍ ആഗ്രഹിക്കുന്നത്?

നമുക്കില്ലാത്തത് ഒരു സെന്‍സ് ഓഫ് അര്‍ജന്‍സിയാണ്. അതുണ്ടെങ്കിലേ കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യാനാകൂ. വികസിത രാജ്യങ്ങള്‍ക്കൊപ്പം നമുക്ക് മുന്നേറാന്‍ സാധിക്കാത്തതും അതുകൊണ്ടാണ്. ബ്യൂറോക്രസിയില്‍ മാത്രമല്ല ജനങ്ങളിലും അത്തരമൊരു മാറ്റം ഉണ്ടാകണം.

സ്വയം വിലയിരുത്തിയാല്‍ എന്താണ് താങ്കളുടെ ഒരു ദൗര്‍ബല്യം?

ഒരു പെര്‍ഫക്ഷനിസ്റ്റാണെന്നത് ഒരു പ്ലസ് പോയ്ന്റും മറ്റ് ചിലപ്പോള്‍ ഒരു മൈനസ് പോയ്ന്റുമാകും. അതൊരു ഡബിള്‍ എഡ്ജ്ഡ് വെപ്പണ്‍ പോലെയാണ്. ആള്‍ക്കാരെ മുഖവിലക്കെടുക്കുമെന്നതാണ് മറ്റൊരു ദൗര്‍ബല്യം. കാരണം സഹായത്തിനായി ചിലര്‍ എന്നെ സമീപിക്കുമ്പോള്‍ ഞാനവരെ വിശ്വസിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നത് പിന്നീട് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

Related Articles

Next Story

Videos

Share it