ഞാന്‍ ആ സ്വപ്നം കൈയെത്തിപ്പിടിച്ചു

ടി.പി ശ്രീനിവാസന്‍ (മുന്‍ അംബാസഡര്‍, നയതന്ത്ര വിദഗ്ധൻ)

രാവിലെ ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത്?

പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം ഒന്നുകില്‍ ഒരു മണിക്കൂര്‍ നടക്കും അല്ലെങ്കില്‍ ഗോള്‍ഫ് കളിക്കും.

പ്രിയപ്പെട്ട ഭക്ഷണം?

കേരളീയ ഭക്ഷണമാണ് ഇഷ്ടം. പക്ഷെ മസാലയും എണ്ണയും കുറവായതിനാല്‍ വെസ്‌റ്റേണ്‍ ഫുഡും താല്‍പ്പര്യമാണ്. റെഡ് മീറ്റ് ഇപ്പോള്‍ കഴിക്കാറില്ലെങ്കിലും ജപ്പാനിലെ പ്രശസ്തമായ Kobe Steak ഇഷ്ടമായിരുന്നു.

ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി?

എന്റെ അച്ഛന്‍. സ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹമാണ് എന്നില്‍ എല്ലാ സ്വപ്‌നങ്ങളും സൃഷ്ടിച്ചത്. 12 വയസുള്ളപ്പോള്‍ തന്നെ ഐ.എഫ്.എസ് എന്ന സ്വപ്‌നം അദ്ദേഹം എന്റെ മനസില്‍ സൃഷ്ടിച്ചു. ഒരു ഡ്രീം ഡെവലപ് ചെയ്ത് അതിനെ പിന്‍തുടര്‍ന്നാല്‍ പിന്നീടതൊരു ഒബ്ജക്ടീവായി മാറുമെന്നത് ഞാനിപ്പോഴും സിവില്‍ സര്‍വീസ് പരിശീലന ക്ലാസുകളില്‍ പറയാറുണ്ട്.

ഔദ്യോഗിക രംഗത്ത് മാതൃകയായവര്‍?

ഫോറിന്‍ സെക്രട്ടറിയായിരുന്ന ജഗത് മേത്തയുടെ സ്‌പെഷല്‍ അസിസ്റ്റന്റായിരിക്കവേയാണ് ഇന്നവേറ്റീവ് ഫോറിന്‍ പോളിസിയെക്കുറിച്ച് ഞാന്‍ ആദ്യമായി പഠിച്ചത്. ആന്റി പാക്കിസ്ഥാന്‍, ആന്റി അമേരിക്ക, ആന്റി ചൈന എന്നിവയൊക്കെ ഫാഷനബിളായിരുന്ന അക്കാലത്ത് അവയുമായൊക്കെ നല്ല ബന്ധം വേണമെന്ന നിലപാട് എടുത്തതിനാല്‍ ഒടുവില്‍ ഫോറിന്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുപോലും അദ്ദേഹത്തെ മാറ്റിക്കളഞ്ഞു. ഫോറിന്‍ സര്‍വീസില്‍ എന്റെ ഒരു ഗുരുവെന്ന് പറയാവുന്നത് ജഗത് മേത്തയാണ്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

ഫോറിന്‍ സര്‍വീസില്‍ കയറിയതുതന്നെ. കാരണം കായംകുളത്തെ ഒരു പ്രൈമറി സ്‌ക്കൂളില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസിലേക്ക് എത്തിയ ഒരു വ്യക്തിയാണ് ഞാന്‍. അക്കാലത്ത് ആദ്യത്തെ 10 റാങ്കിനുള്ളില്‍ വന്നില്ലെങ്കില്‍ ഫോറിന്‍ സര്‍വീസ് കിട്ടുമായിരുന്നില്ല. സിവില്‍ സര്‍വീസ് പരീക്ഷയില്‍ എനിക്ക് ആറാം റാങ്കായിരുന്നു. 1967ല്‍ ഞാന്‍ സര്‍വീസില്‍ ചേരുന്ന സമയത്ത് ഐ.എഫ്.എസായിരുന്നു ഏറ്റവും പ്രധാനം.

നയതന്ത്ര വിദഗ്ധനെന്ന നിലയില്‍ സംതൃപ്തി തോന്നിയ സംഭവം?

1992ല്‍ ഞാന്‍ ഡെപ്യൂട്ടി പെര്‍മനന്റ് റെപ്രസെന്റേറ്റീവായി യു.എന്നിലെത്തിയ സമയത്ത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ച കാരണം കാശ്മീര്‍ പ്രശ്‌നം വീണ്ടും ഉയര്‍ന്നു. കാശ്മീര്‍ പാക്കിസ്ഥാന് പോകണമെന്നതായിരുന്നു മറ്റുള്ള രാജ്യങ്ങളുടെ നിലപാട്. സെക്യൂരിറ്റി കൗണ്‍സിലില്‍ ഈയൊരു പ്രശ്‌നം വരുമ്പോഴൊക്കെ അന്നേവരെ സോവിയറ്റ് യൂണിയന്‍ വീറ്റോ ചെയ്തിരുന്നു.

എന്നാല്‍ സോവിയറ്റ് യൂണിയന്‍ ഇല്ലാതായതോടെ രാജ്യാന്തര തലത്തിലുള്ള വിവിധ ബോഡികളിലൊക്കെ വീണ്ടും കാശ്മീര്‍ പ്രശ്‌നം കൊണ്ടുവരാനായി പാക്കിസ്ഥാന്‍ എല്ലാവിധ ശ്രമവും നടത്തി. ആ സമയത്ത് അമേരിക്കയുമായുള്ള നമ്മുടെ ബന്ധം അല്‍പ്പം മെച്ചപ്പെട്ടിരുന്നതിനാല്‍ അവരുടെ പരസ്യ പിന്തുണ ലഭിച്ചില്ലെങ്കിലും തുടര്‍ന്നുള്ള മൂന്ന് വര്‍ഷവും യു.എന്നിലെ ഒരു ബോഡിയിലും ഒരു ആന്റി ഇന്ത്യന്‍ റെസല്യൂഷന്‍ ഉണ്ടായില്ലെന്നതാണ് വലിയൊരു നേട്ടം.

1998ല്‍ ഇന്ത്യ ന്യൂക്ലിയര്‍ പരീക്ഷണം നടത്തിയപ്പോള്‍ ഞാന്‍ വാഷിംഗ്ടണിലായിരുന്നു. അതിനുശേഷം ഒരു മാസം വരെ അമേരിക്കക്കാര്‍ ഞങ്ങളോട് സംസാരിച്ചിട്ടില്ല. ഒടുവില്‍ ഇന്ത്യയുടെ പരീക്ഷണം ചൈനക്ക് എതിരായിട്ടാണെന്ന് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി വാജ്‌പേയി എഴുതിയ ടോപ്പ് സീക്രട്ടായുള്ള ഒരു കത്ത് ഞാന്‍ നേരിട്ട് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ് കൈമാറുകയുണ്ടായി. എന്നാലവര്‍ അടുത്ത ദിവസത്തെ ന്യൂയോര്‍ക്ക് ടൈംസില്‍ ആ കത്ത് പ്രസിദ്ധീകരിച്ചു. അമേരിക്കയിലുള്ള ഇന്ത്യാക്കാരെ മുഴുവന്‍ അവര്‍ പുറത്താക്കിയേക്കുമോ എന്നുപോലും ഞാന്‍ സംശയിച്ചു. ഒടുവില്‍ 1998 ജൂലൈ മുതല്‍ 2000 ഡിസംബര്‍ വരെ ഇന്ത്യയും അമേരിക്കയും തമ്മില്‍ നട ത്തിയ തുടര്‍ച്ചയായ ചര്‍ച്ചകള്‍ കാരണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെയേറെ മെച്ചപ്പെട്ടു. ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കഠിനമായി ജോലി ചെയ്യേണ്ടി വന്നത് ഈ രണ്ട് കാലഘട്ടങ്ങളിലാണ്.

ഏറ്റവും അധികം ദുഃഖം തോന്നിയത്?

അച്ഛന്റെ മരണം. അന്ന് ഞാന്‍ വാഷിംഗ്ടണിലായിരുന്നു. ഒരു നയതന്ത്രജ്ഞന്‍ എന്ന നിലയില്‍ എനിക്ക് ഏറ്റവും ലജ്ജ തോന്നിയത് ബാബറി മസ്ജിദ് പൊളിച്ചപ്പോഴാണ്. അന്ന് ഞാന്‍ യു.എന്നിലായിരുന്നു. നിരവധി മുസ്ലീം രാജ്യങ്ങള്‍ റെസലൂഷനുകളുമായി വന്നത് വലിയൊരു പ്രശ്‌നമായി. ഒടുവില്‍ പള്ളി നമ്മള്‍ പുനര്‍നിര്‍മ്മിക്കുമെന്ന് പറയാന്‍ നരസിംഹറാവു പറഞ്ഞത് അനുസരിച്ച് ഞാനത് ന്യൂയോര്‍ക്കിലെ ജനറല്‍ അസംബ്ലിയില്‍ പ്രസ്താവിക്കുകയും ചെയ്തു.

കുവൈറ്റിനെ സദ്ദാംഹുസൈന്‍ പിടിച്ചെടുത്തപ്പോള്‍ അവിടത്തെ എല്ലാ ഇന്ത്യാക്കാരെയും രക്ഷിക്കുകയെന്നത് മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യക്കാരായ ഒരുപാട് ആളുകളെ സ്വന്തം പ്ലെയ്‌നില്‍ പോകാന്‍ സദാംഹുസൈന്‍ അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് അന്നത്തെ വിദേശകാര്യ മന്ത്രിയായിരുന്ന ഐ.കെ.ഗുജ്‌റാള്‍ സദാംഹുസൈനെ കെട്ടിപ്പിക്കുന്നൊരു ചിത്രം മാധ്യമങ്ങളില്‍ വന്നത് നാണക്കേടായി. കാരണം പടിഞ്ഞാറന്‍ രാജ്യങ്ങളുടെ വലിയൊരു ശത്രുവായിരുന്നു സദാംഹുസൈന്‍. കൂടാതെ ഇറാക്കിന്റെ ആക്രമണത്തോടെ കുവൈറ്റ് ഇല്ലാതായിപ്പോയെന്ന് നമ്മള്‍ വിചാരിച്ചതും വളരെയേറെ തെറ്റായൊരു തീരുമാനമായിരുന്നു.

ഇപ്പോള്‍ വായിക്കുന്ന പുസ്തകം?

എന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരനായ രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' എന്ന പുസ്തകം, രസ്‌ഗോത്രയുടെ ഓട്ടോബയോഗ്രഫിയായ 'എ ലൈഫ് ഇന്‍ ഡിപ്ലോമസി'.

രസകരമായ ബാല്യകാലസ്മരണ?

സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ അച്ഛനും അമ്മയും അദ്ധ്യാപകരായതിനാല്‍ എന്ത് വികൃതി കാണിച്ചാലും ഞാന്‍ വീട്ടിലെത്തുന്നതിന് മുന്‍പേ അത് വീട്ടിലെത്തുമായിരുന്നു. യൂണിവേഴ്‌സിറ്റി കോളെജ് ഹോസ്റ്റലില്‍ താമസിക്കുന്ന സമയത്ത് രണ്ട് വിംഗിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കടുത്ത മത്സരമുണ്ടായിരുന്നു. ഒരു പ്രോഗ്രാമിന് രണ്ട് വിഭാഗവും വാര്‍ഡനെ ക്ഷണിച്ചപ്പോള്‍ ഞങ്ങളുടേതിന് വരാതെ അദ്ദേഹം അവരുടേതിന് പോയതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ കൂകിവിളിച്ചു. പക്ഷെ പിറ്റെദിവസം അച്ഛനെ വിളിച്ചുവരുത്തി മൂന്ന് രൂപ ഫൈന്‍ അടയ്‌ക്കേണ്ടി വന്നു.

Related Articles
Next Story
Videos
Share it