ഞാന്‍ ഒരു വലിയ വായനക്കാരനല്ല!

ഞാന്‍ ഒരു വലിയ വായനക്കാരനല്ല!
Published on

സുഭാഷ് ചന്ദ്രന്‍, എഴുത്തുകാരന്‍

എഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്നതെന്ത്?

കാലത്ത് അഞ്ചു മണിയോടെ എഴുന്നേല്‍ക്കും. കുറച്ചുനേരം കിടക്കയില്‍ത്തന്നെ മടി പിടിച്ചുകിടക്കും. ഏറ്റവും സുഖകരമായ ഒരവസ്ഥയാണത്. പിന്നെ പ്രഭാതകൃത്യങ്ങള്‍ക്കു ശേഷം വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവയൊക്കെ ഒന്നോടിച്ചു നോക്കാറുണ്ട്. ഭാര്യയ്ക്ക് അടുക്കളയില്‍ ചെറിയ സഹായങ്ങള്‍ വല്ലതും വേണമെങ്കില്‍ ചെയ്തുകൊടുക്കാനിഷ്ടമാണ്. പിന്നെ പത്രവായന. രണ്ട് പത്രങ്ങളെങ്കിലും നിര്‍ബന്ധമായും വായിക്കും.

എഴുത്തിനു പ്രത്യേക സമയമുണ്ടോ?

ഇല്ല. മൂഡ് അനുസരിച്ചാണ് എഴുത്ത്. എഴുതാന്‍ തോന്നിയാല്‍ അവധിയെടുത്തുവരെ എഴുതും. എന്നെ സംബന്ധിച്ച് മാനേജബിള്‍ ആയ ഒരു സ്വപ്‌നാവസ്ഥയാണ് എഴുത്ത്.

എന്താണ് ഹോബി?

സംഗീതം. എല്ലാത്തരം സംഗീതത്തോടും ഇഷ്ടമാണ്. കര്‍ണാട്ടിക്, ഗസല്‍, സിനിമാഗാനങ്ങള്‍..... എല്ലാം എന്റെ ഇഷ്ടഗണത്തില്‍ പെടും. കേള്‍ക്കാനും പാടാനും ഇഷ്ടമാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്തതിനാല്‍ കര്‍ണാടകസംഗീതമൊന്നും പാടാനറിയില്ല. ലളിതഗാനങ്ങളും സിനിമാഗാനങ്ങളും പാടാറുണ്ട്. ഈയിടെ ഞാനൊരു സിനിമയില്‍ പാടിയിട്ടുമുണ്ട്.

യാത്രകള്‍?

ഇഷ്ടമാണ്. ഭൂമി ചെറുതാണെന്നു നമ്മെത്തന്നെ ബോധ്യപ്പെടുത്താനുള്ള ഒരു വഴിയാണ് യാത്രകള്‍. പല വേഷങ്ങളും ഭാഷകളും സംസ്‌കാരങ്ങളുമെല്ലാം ആത്യന്തികമായി ഒന്നുതന്നെയാണെന്നു തിരിച്ചറിയാന്‍ യാത്രകള്‍ സഹായിക്കും.

ജീവിതത്തിലെ റോള്‍ മോഡല്‍ ആരാണ്?

തങ്ങളുടെ മേഖലകളില്‍ കഴിവുതെളിയിച്ചിട്ടുള്ള എല്ലാവരും എനിക്ക് റോള്‍ മോഡലുകളാണ്. പിന്നെ എടുത്തുപറയാവുന്ന രണ്ട് വ്യക്തികള്‍ എന്റെ അച്ഛനും അമ്മയുമാണ്. ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും നല്ല മനുഷ്യരിലൊരാളാണ് എന്റെ അച്ഛന്‍. ഒരു കമ്പനി തൊഴിലാളിയായിരുന്ന, നല്ലൊരു കമ്മ്യൂണിസ്റ്റ് ആയിരുന്ന, ധാരാളം വായിക്കുമായിരുന്ന ഒരാള്‍. നല്ലൊരു കുടുംബനാഥനുമായിരുന്നു അച്ഛന്‍. അമ്മയില്‍ നിന്നാണ് എനിക്ക് സര്‍ഗാത്മകതയുടെ നാമ്പുകള്‍ കിട്ടിയതെന്നു ഞാന്‍ വിശ്വസിക്കുന്നു. എഴുത്തും വായനയും തീരെയില്ലെങ്കിലും ഭംഗിയുള്ള വാചകങ്ങള്‍ തത്സമയം ചമച്ചുപറയും അമ്മ. 'മകരത്തിലെ മകീര്യത്തില്‍ ഞാന്‍ പ്രാസമൊപ്പിച്ചു പ്രസവിച്ചതാണു നിന്നെ. പിന്നെ നീയെങ്ങിനെ എഴുതാതിരിക്കും' എന്നൊക്കെ ചോദിച്ചുഞെട്ടിച്ചുകളയുന്ന തരത്തിലുള്ള നര്‍മബോധമാണ്.

ദൈവവിശ്വാസിയാണോ?

തീര്‍ച്ചയായും അതെ. എന്നെ സംബന്ധിച്ച് അതൊരു സ്വാഭാവികമായ കാര്യമാണ്. പ്രകൃതിയോടു ചേര്‍ന്നുജീവിക്കുകയെന്നതുപോലെ തികച്ചും സ്വാഭാവികം. ഒരു ചെടി സൂര്യപ്രകാശമുള്ളിടത്തേക്ക് തലനീട്ടി വളരുന്നത് പോലെ.

സൗഹൃദങ്ങളെക്കുറിച്ച്?

സൗഹൃദത്തള്ളലില്‍ അഭിരമിച്ചുജീവിച്ചിരുന്നൊരാളായിരുന്നു ഞാന്‍. ചെറുപ്പകാലം മുതലുള്ള ചങ്ങാതിമാര്‍ ഇപ്പോഴും പ്രിയപ്പെട്ടവര്‍ തന്നെ.

.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

ജയശ്രീ(ഭാര്യ)യെ ജീവിതത്തിലേക്കു കൂട്ടിയത്.

ദു:ഖകരമായ കാര്യം?

വേര്‍പാടുകള്‍ ദു:ഖകരങ്ങളാണ്. അച്ഛന്റേയും ചില ഉറ്റസുഹൃത്തുക്കളുടേയും വേര്‍പാട് തീരാദു:ഖങ്ങളാണ്.

താങ്കളുടെ ഏറ്റവും വലിയ ക്രിട്ടിക് ആരാണ്?

ഞാന്‍ തന്നെ.

ദേഷ്യമടക്കാനുള്ള വഴി എന്താണ്?

എനിക്ക് വ്യക്തികളോട് ദേഷ്യം വരാറില്ല. വ്യവസ്ഥകളോടേ ദേഷ്യം തോന്നാറുള്ളൂ.

ജീവിതത്തിലെ സുഖകരമല്ലാത്ത ഒരു ഓര്‍മ്മ?

വിവാഹത്തിനു മുന്‍പ് രണ്ട്തവണ എനിക്ക് ഡിപ്രഷന്‍ വന്നിട്ടുള്ളത് സുഖകരമല്ലാത്ത ഒരോര്‍മ്മയാണ്. പ്രീഡിഗ്രിക്കാലത്താണ് ആദ്യമതിലൂടെ കടന്നുപോയത്. ആ പ്രായത്തിലുള്ള ഭൂരിഭാഗം ആണ്‍കുട്ടികളും അങ്ങനെയൊരവസ്ഥയിലൂടെ കടന്നുപോകാറുണ്ടാവും. ആ ഘട്ടത്തെ അതിജീവിക്കാന്‍ സന്യാസം സ്വീകരിക്കട്ടെ എന്നു ചോദിച്ച് യതിക്കു കത്തെഴുതിയിട്ടുണ്ട് ഞാന്‍. ഇത് സ്വാഭാവികമായ ഒരു പരിണാമഘട്ടമാണെന്നും അതിജീവിക്കുകയാണു വേണ്ടതെന്നും സന്ന്യാസമല്ല അതിനുള്ള പോംവഴിയെന്നും ഗുരു മറുപടി തന്നു.

ഈയടുത്തുണ്ടായ ഒരു സന്തോഷമുഹൂര്‍ത്തം?

എന്റെ രണ്ടാമത്തെ നോവല്‍ 'സമുദ്രശില' പുസ്തകരൂപത്തിലിറങ്ങിയത്.

ആരായി അറിയപ്പെടാനാണ് ആഗ്രഹം?

ഒരു പരിപൂര്‍ണ മനുഷ്യന്‍.

സാഹിത്യകാരനല്ലായിരുന്നെങ്കില്‍ ആരാകുമായിരുന്നു?

ഒരു സംഗീതജ്ഞന്‍.

ഓര്‍ത്തുവെക്കാനിഷ്ടപ്പെടുന്ന ഒരനുഭവം?

ഞാനീയിടെ കുടുംബസമേതം ട്രെയിനില്‍ യാത്രചെയ്യവെ, എതിര്‍ബെര്‍ത്തിന്റെ ഒരരികിലിരുന്ന് ഒരു പെണ്‍കുട്ടി ഒരു പുസ്തകം വായിക്കുന്നത് കണ്ടു. കടലാസുകൊണ്ട് പൊതിഞ്ഞ പുസ്തകമായതുകൊണ്ട് ഏത് പുസ്തകമാണെന്നു മനസിലായില്ല. വായനക്കിടയില്‍ ഇടക്കിടെ ഒരു ചെറുചിരിയോടെ ചട്ടയഴിച്ച് പുസ്തകത്തിന്റെ പുറംതാളിലെ എഴുത്തുകാരനേയും ചെറുവിവരണവുമൊക്കെ നോക്കി ആസ്വദിച്ചാണ് വായന. ''അച്ഛാ, ആ കുട്ടി വായിക്കുന്നത് നോക്കൂ, ഏതോ ഇംഗ്ലീഷ് പുസ്തകമാണെന്നു തോന്നുന്നു''വെന്നു മകള്‍. കുറച്ചുകഴിഞ്ഞ് ആ കുട്ടിക്കരികിലൂടെ ടോയ്‌ലറ്റില്‍ പോയി മടങ്ങിവന്ന മകള്‍ എന്നോട് രഹസ്യം പറഞ്ഞു ''ആ കുട്ടി 'മനുഷ്യന് ഒരു ആമുഖം' ആണ് വായിക്കുന്നത്.''

വിരമിക്കലിനുശേഷം എന്തു ചെയ്യാനാണ് പ്ലാന്‍?

വിശ്രമജീവിതത്തില്‍ ധാരാളം വായിക്കണമെന്ന ആഗ്രഹത്തോടെ വീട്ടില്‍ നല്ലൊരു ലൈബ്രറി ഒരുക്കിയിട്ടുണ്ട്. ഇക്കാലയളവില്‍ മക്കള്‍ രണ്ടാളും നല്ല വായനക്കാരായി എന്നതാണ് അതുകൊണ്ടുണ്ടായ ഒരനുഗ്രഹം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com