ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനൊരുങ്ങി ഫെയ്‌സ്ബുക്ക്; വനിതാ സംരംഭകര്‍ക്കും അവസരങ്ങള്‍

ഇന്ത്യയിലെ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നേരിട്ട് നിക്ഷേപം നടത്തുമെന്ന് ഫെയ്‌സ്ബുക്ക്-ഇന്ത്യ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ അജിത് മോഹന്‍ അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ 'ഹഡില്‍ കേരള'യുടെ രണ്ടാം പതിപ്പിന്റെ ആദ്യ സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐടി മേഖലയിലെ വനിതാ പ്രാതിനിധ്യം 35 ശതമാനത്തോളം മാത്രമാണെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന സംഗമത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകാന്‍ ലിംഗസമത്വത്തിനുള്ള പരിശ്രമങ്ങള്‍ ആവശ്യമാണ്.

അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ചെറിയ ബിസിനസുകളില്‍ നിന്നാണ് മികച്ച വരുമാനം ലഭിക്കുന്നത്. അതിനാല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കാനാകും. ഈയിടെ ചെറു സംരംഭമായ മീഷോയില്‍ ഫെയ്‌സ്ബുക്ക് നിക്ഷേപം നടത്തിയിരുന്നു. വനിതാ സംരംഭകത്വത്തിന് കരുത്തേക്കുന്ന മീഷോ, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടുലക്ഷം വനിതാ സംരംഭകരെ ആദ്യമായി ഓണ്‍ലൈനിലെത്തിക്കാനും രാജ്യത്തിനു പുറത്തേയ്ക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും മീഷോയ്ക്ക് സാധിച്ചു. നേരിട്ട് നിക്ഷേപം നടത്തുന്നതിനും നൈപുണ്യ വികസനത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേദിയൊരുക്കുന്നതിനുമാണ് ഫെയ്‌സ്ബുക്ക് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമഗ്ര ഐടി വികസനത്തിലൂന്നിയ കേരളത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കുമെന്ന് മുഖ്യാതിഥിയായിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ജോയിന്റ് സെക്രട്ടറി അനില്‍ അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ പത്തുശതമാനം വനിതകള്‍മാത്രമാണ് സംരംഭങ്ങളുടെ സ്ഥാപകരായുള്ളത്. വനിതാ സംരംഭകത്വത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്. രാജ്യത്ത് 1.95 സ്റ്റാര്‍ട്ടപ്പുകള്‍ ഓരോ മണിക്കൂറിലും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അടുത്തമാസം ഇത് മണിക്കൂറില്‍ രണ്ട് സ്റ്റാര്‍ട്ടപ് എന്ന നിലവാരത്തിലേക്കെത്തും. ഇന്ത്യയില്‍ 22,895 സ്റ്റാര്‍ട്ടപ്പുകള്‍ സെപ്റ്റംബര്‍ വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 45 ശതമാനം സ്റ്റാര്‍ട്ടപ്പുകളും നഗരപ്രാന്ത പ്രദേശങ്ങളില്‍ നിന്നുള്ളവയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ബ്ലോക്‌ചെയിന്‍ പോലുള്ള അതിനൂതന സാങ്കേതിക വിദ്യകളില്‍ വികസിച്ചുവരികയാണെന്നും ഇവിടെയുള്ള ഐടി പരിസ്ഥതി ഏറ്റവും മികവുറ്റതാണെന്നും ഐഎഎംഎഐ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ജിതേന്ദ്രര്‍ എസ് മിന്‍ഹാസ് പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വ്യാപനം അത്ഭുതകരമാണെന്ന് കേരള ഐടി, ഇലക്ട്രോണിക് വകുപ്പ് സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ് പറഞ്ഞു. സാങ്കേതികവിദ്യ ലഭ്യമാക്കല്‍, നൈപുണ്യം, ഉള്ളടക്കം എന്നിവയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നത് കേരളത്തിന്റ സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്ക് സഹായകമാകും. ഐടി മേഖലയില്‍ വിപുലമായ മാറ്റങ്ങള്‍ക്കാണ് സ്റ്റാര്‍ട്ടപ് സംസ്‌കാരം വഴിതെളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വിവര കൈമാറ്റത്തിനും സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചുള്ള ആശയവിനിമയങ്ങള്‍ക്കും മേഖലയിലെ വെല്ലുവിളികളെ തരണം ചെയ്യുന്നതിനും പര്യാപ്തമാണ് 'ഹഡില്‍ കേരള'യെന്ന് കെഎസ്യുഎം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

Related Articles
Next Story
Videos
Share it