നിയമവിധേയമല്ലാതെയുള്ള ഫോണ്‍ ചോര്‍ത്തലിനെതിരെ ബോംബെ ഹൈക്കോടതി
പൊതുസമൂഹ താല്പര്യാര്‍ഥമുള്ള അടിയന്തിര സാഹചര്യങ്ങളിലും പൊതു സുരക്ഷയുമായി ബന്ധപ്പെട്ടും മാത്രമേ വ്യക്തികളുടെ ഫോണ്‍ ചോര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അനുവാദമുള്ളുവെന്ന് ബോംബെ ഹൈക്കോടതി വ്യക്തമാക്കി. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട വ്യാപാരിയുടെ ഫോണ്‍ ചോര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൂന്ന് ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടുള്ളതാണ് ഈ സുപ്രധാന വിധി.കുറ്റപത്രത്തോടൊപ്പം തെളിവുകളുടെ കൂട്ടത്തില്‍ സി ബി ഐ ഹാജരാക്കിയിരുന്നത് വ്യാപാരിയുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതിന്റെ രേഖകളാണ്.
വിനീത്കുമാര്‍ എന്ന വ്യാപാരി നല്‍കിയ റിട്ട് പെറ്റീഷനില്‍ വാദം കേട്ട കോടതി ചോര്‍ത്തിയ ഫോണ്‍ രേഖകള്‍ നശിപ്പിച്ചുകളയാന്‍ സി ബി ഐ യോട് ആവശ്യപ്പെട്ടു.നിയമവിധേയമല്ലാത്ത ഫോണ്‍ ചോര്‍ത്തല്‍ വ്യക്തികളുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും ലംഘിക്കുന്നതാണെന്നു കോടതി അഭിപ്രായപ്പെട്ടു.പൊതുമേഖലാ ബാങ്കിലെ ഒരു ഉദ്യോഗസ്ഥന് പത്തുലക്ഷം രൂപ കൈക്കൂലി നല്‍കി ബാങ്കില്‍ നിന്ന് വായ്പ തരപ്പെടുത്തി എന്നാണ് വിനീത് കുമാറിന് എതിരെ 2011 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ്. അഴിമതിക്കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല.
ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ സി ബി ഐ ക്ക് ആഭ്യന്തര മന്ത്രാലയം നല്‍കിയ അനുമതിയെ വിനീത് കുമാര്‍ കോടതിയില്‍ ചോദ്യം ചെയ്തു. 1885 -ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലെ അനുച്ഛേദം 5 (2) ന്റെ ലംഘനമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് എന്നായിരുന്നു വാദം. ഈ വകുപ്പ് പ്രകാരം അടിയന്തിര സാമൂഹ്യതാല്പര്യം ഉള്ള സാഹചര്യത്തിലും പൊതുസുരക്ഷയുമായും ബന്ധപ്പെട്ടു മാത്രമേ കേന്ദ്ര സര്‍ക്കാരിന് അതിന്റെ അന്വേഷണ ഏജന്‍സികളോട് ഫോണ്‍ ചോര്‍ത്താന്‍ ആവശ്യപ്പെടാനാകൂ. ഈ കേസില്‍ അത്തരം സാഹചര്യം നിലവിലില്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ അത് നിയമവിരുദ്ധവും സ്വകാര്യതാ ലംഘനവുമാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline