'ബൈജൂസ്' പഠിപ്പിക്കുന്ന സംരംഭ പാഠങ്ങള്‍

പഠനത്തെ സ്‌നേഹിക്കാന്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരാള്‍ എന്ന നിര്‍വചനം കൂടിയുണ്ട് ഇപ്പോള്‍ ബൈജു എന്ന പേരിന്. നന്നായി ചെയ്യാന്‍ കഴിയും എന്ന് വിശ്വാസമുള്ള ഒരു കാര്യം കോടികള്‍ മതിക്കുന്ന ഒരു സംരംഭമായി മാറ്റിയ ഒരാള്‍. കണ്ണൂര്‍ അഴീക്കോട് ഗ്രാമത്തിലെ സ്‌കൂള്‍ കാലത്ത് സ്വന്തമാക്കിയ പാഠ്യരീതികള്‍ ആര്‍ക്കും എളുപ്പം മനസിലാക്കാന്‍ കഴിയുന്ന ഫോര്‍മുലകളാക്കി ഇന്ത്യയിലെ 1.6 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലെത്തിക്കുന്ന എഡ്യു ടെക്ക് സംരംഭകന്‍.

മൊബീല്‍ ആപ്പിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കുന്ന ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമാണ് ബൈജു രവീന്ദ്രന്‍. സ്വന്തം സ്റ്റാര്‍ട്ടപ്പിന്റെ മികവ് അടിസ്ഥാനമാക്കി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പടെയുള്ള നിക്ഷേപകരില്‍ നിന്നും 330 കോടിയുടെ മൂലധന നിക്ഷേപം നേടി ബൈജു. 'സക്കര്‍ബര്‍ഗിന്റെ നിക്ഷേപം എത്തിയ ഏഷ്യയിലെ ആദ്യ സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്.

ഇങ്ങനെയും പഠിക്കാം

എന്‍ജിനീയറിംഗ് പഠനശേഷം ഒരു ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന നാളുകളില്‍ സംരംഭം എന്ന ചിന്തയൊന്നും ബൈജുവിന്റെ മനസിലില്ലായിരുന്നു. ഐഐഎം പ്രവേശനത്തിന് തയാറെടുക്കുന്ന കൂട്ടുകാരെ സഹായിക്കുന്ന കൂട്ടത്തില്‍ പരീക്ഷ എഴുതിയ ബൈജു നേടിയത് 100 ശതമാനം മാര്‍ക്ക്. അടുത്ത വര്‍ഷം എഴുതി ടോപ്പറായപ്പോഴാണ് ഇത് വെറും തമാശയല്ല എന്ന് ബൈജുവിന് മനസിലായത്.

എങ്കില്‍ പിന്നെ CAT പരീക്ഷകള്‍ക്ക് ട്രെയ്‌നിംഗ് നല്‍കിയാലോ എന്നായി ചിന്ത. 2005ല്‍ 40 പേരില്‍ തുടങ്ങിയ ക്ലാസില്‍ അധികം വൈകാതെ 80 പേരായി. ഇന്ത്യയുടെ പല ഭാഗത്ത് നിന്നും പരീക്ഷാര്‍ത്ഥികള്‍ ഈ കോച്ചിനെ തേടിയെത്തി. പലര്‍ക്കും സയന്‍സിലും കണക്കിലും അടിസ്ഥാനവിജ്ഞാനം ഇല്ല എന്ന കണ്ടെത്തലാണ് ഈ സംരംഭകന്റെ ജീവിതത്തിലെ വഴിത്തിരിവായത്. 'രസകരമായ രീതികളിലൂടെ പഠിക്കാന്‍ കഴിയും എന്ന ചിന്തയില്‍ നിന്നാണ് ഈ കമ്പനിയുടെ തുടക്കം. പഠനവുമായി ഇഷ്ടത്തിലാകാന്‍ കുട്ടികളെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.' ബൈജു പറയുന്നു.

2011ല്‍ 'തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്ക് രൂപം നല്‍കി ബൈജു. കൂടെ പഠിച്ചവരും കൂട്ടുകാരും കൂടെ ചേര്‍ന്നപ്പോള്‍ മികച്ച ടീമായി. വിദ്യാര്‍ത്ഥികളെ അറിവിന്റെ ശക്തമായ അടിത്തറ നേടാന്‍ സഹായിക്കുകയാണ് ബൈജുവും കൂട്ടരും ചെയ്യുന്നത്. ആദ്യം ഓണ്‍ലൈനില്‍ വീഡിയോ ക്‌ളാസുകളായിട്ടാണ് തുടക്കം. സ്വന്തമായി പഠിക്കാന്‍ കുട്ടികളെ സഹായിക്കുന്ന ഒരു മൊഡ്യുള്‍ തയ്യാറാക്കുക എന്നതായിരുന്നു പിന്നീടുള്ള ശ്രമം. 500ലേറെ വരുന്ന വിദഗ്ധരുടെ ഈ തയ്യാറെടുപ്പ് നീണ്ടത് നാല് വര്‍ഷം. 2015 ഓഗസ്റ്റില്‍ ബൈജൂസ് ലേണിംഗ് ആപ്പിന് തുടക്കമായി. ഒരു വര്‍ഷത്തിനുള്ളില്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 55 ലക്ഷം പേരാണ്. 1,700 ടൗണുകളിലും നഗരങ്ങളിലും ബൈജൂസ് എത്തി എന്നാണു കണക്ക്.

കോടികളുടെ കണക്ക്

ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ഐ.ഒ.എസ് ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് ബൈജൂസ് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. രണ്ടര ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത് ഉപയോഗിക്കുന്നത്. 90 ശതമാനം പേരും അടുത്ത വര്‍ഷത്തേക്ക് ഇത് തുടരുകയും ചെയ്യുന്നുണ്ട്. ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ പാഠങ്ങള്‍ തയാറാക്കിയിരിക്കുന്നത് വീഡിയോയും ഗ്രാഫിക്‌സുകളും ചേര്‍ത്താണ്. കൂടുതല്‍ പാഠങ്ങള്‍ വേണമെന്നുള്ളവര്‍ ഫീസ് നല്‍കണമെന്ന് മാത്രം.

(ഡിംസംബര്‍ 2016 ല്‍ ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചു വന്നത്. )

ഇനി ഏറ്റവും പുതിയ വിവരം

ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനിയായ ജനറല്‍ അത്‌ലാന്റിക്കില്‍ നിന്ന് 2.5 കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതോടെ ബൈജൂസ് ലേണിംഗ് ആപ്പിന്റെ മൂല്യം 37,000 കോടി രൂപയായി ഉയര്‍ന്നു. ഇതോടെ ഫ്‌ലിപ്കാര്‍ട്ടിനും പേടിഎമ്മിനും ഒലയ്ക്കും പിന്നില്‍ രാജ്യത്തെ ഏറ്റവും മൂല്യമുളള നാലാമത്തെ സ്വകാര്യ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനിയായി ബൈജൂസ് ലേണിംഗ് ആപ്പ് മാറി. കഴിഞ്ഞ മൂന്ന് വര്‍ഷമായി 100 ശതമാനം വളര്‍ച്ചയാണ് നേടിയെടുത്തതെന്ന് കമ്പനി അവകാശപ്പെടുന്നു. സെപ്റ്റംബര്‍ 15ന് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തോടെ 'ബൈജൂസ് ആപ്പ്' ഇന്ത്യന്‍ ജഴ്‌സിയിലും അരങ്ങേറ്റം കുറിച്ചു.

2017ല്‍ ഇന്ത്യന്‍ ജഴ്‌സിയുടെ സ്‌പോണ്‍സര്‍ഷിപ് അവകാശം ഒപ്പോ സ്വന്തമാക്കിയിരുന്നു. ഈ അവകാശമാണ് ചൈനീസ് കമ്പനി ബൈജൂസ് ആപ്പിന് മറിച്ചുവിറ്റത്. ഫലത്തില്‍, 2022 മാര്‍ച്ച് 31 വരെ ബൈജൂസ് ആപ്പ് ഇന്ത്യന്‍ ജഴ്‌സിയില്‍ ഉണ്ടാകും. ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ ഏറ്റവും മൂല്യം നേടിയെടുത്ത കമ്പനികളില്‍ ഒന്നാണ് കണ്ണൂരുകാരന്‍ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്.

Related Articles
Next Story
Videos
Share it