സാന്ത്വനത്തിന്റെ വിരല്‍സ്പര്‍ശമാണ്, അലക്‌സ് ജോസഫിന്റെ ഈ ബിസിനസ് സംരംഭം; കേരളത്തിനൊരു വഴികാട്ടി

ധനം ബിസിനസ് കഫെയില്‍ സാമൂഹ്യ സംരംഭകനായ അലക്‌സ് ജോസഫ് തന്റെ സാമൂഹ്യ സംരഭക യാത്രയെ കുറിച്ചും വയോജന പരിചരണ രംഗത്തെ സാധ്യതകളെ കുറിച്ചും സംസാരിക്കുന്നു

ഓര്‍മ മറഞ്ഞവര്‍, പൂര്‍ണമായും കിടപ്പിലായവര്‍, മാനസിക വൈഷമ്യം അനുഭവിക്കുന്നവര്‍, ശസ്ത്രക്രിയകള്‍ക്ക്‌ശേഷം പരിചരണം വേണ്ടവര്‍, ജീവിതത്തിന്റെ അവസാന ശ്വാസത്തിലേക്ക് എത്തിനില്‍ക്കുന്നവര്‍... അങ്ങനെ ചേര്‍ത്തുപിടിക്കലും പ്രത്യേക പരിചരണവും അനിവാര്യമായ പലരുടെയും ശരണ കേന്ദ്രമാണ് സാമൂഹ്യ സംരംഭകനായ ജോസഫ് അലക്സ് നേതൃത്വം നല്‍കുന്ന സിഗ്‌നേച്ചര്‍ ഏജ്ഡ്കെയര്‍. സാധാരണക്കാര്‍ മുതല്‍ പേരെടുത്ത ഡോക്ടര്‍മാര്‍ വരെ പല കാലയളവുകളിലായി 2,000ത്തിലധികം പേരാണ് സിഗ്‌നേച്ചറിന്റെ ആശ്വാസ തണലില്‍ അഭയം കൊണ്ടത്. 

ചികിത്സകളല്ല, നഴ്‌സിംഗ് കെയര്‍ മാത്രം

കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്തിരുന്ന അലക്സ് ഒരിക്കല്‍ പ്രായാധിക്യത്താല്‍ വിഷമിക്കുന്ന ഒരമ്മയെ,ഹോം നഴ്‌സ് വളരെ മോശമായ രീതിയില്‍ പരിചരിക്കുന്നത് കാണാനിടയായതാണ് ഇന്ന് 200ലധികം പേര്‍ക്ക് തണലൊരുക്കുന്ന ഏജ്ഡ്‌കെയര്‍ ഹോമിന് തുടക്കമിടാന്‍ കാരണം. പത്ത് വര്‍ഷം മുമ്പ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ച സിഗ്നേച്ചറിന് നിലവില്‍ ചളിക്കവട്ടം, കാക്കനാട്, വാഴക്കാല എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്. 200 ഓളം പേര്‍ക്കാണ് ഈ സെന്ററുകളിലൂടെ പരിചരണം നല്‍കുന്നത്. ഇക്കാലയളവിനുള്ളില്‍ 500 ഓളം പേര്‍ക്ക് 'നല്ല മരണ'ത്തിന് അവസരമൊരുക്കികൊടുക്കാനും സിഗ്നേച്ചറിന് സാധിച്ചുവെന്ന് ജോസഫ് അലക്‌സ് പറയുന്നു.

റിട്ടയര്‍മെന്റ് ഹോമുകളും ഓള്‍ഡ് ഏജ് ഹോമുകളും കേരളത്തില്‍ നിരവധിയുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമായ കെയര്‍ഹോം, അഥവാ ഹോസ്പെസ് എന്ന വിഭാഗത്തിലാണ് സിഗ്നേച്ചര്‍ ഏജ്ഡ്‌കെയറിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ നഴ്‌സിംഗ് കെയര്‍ നല്‍കുന്ന സംവിധാനമാണിത്. നഴ്‌സിംഗ്‌യോഗ്യതയുള്ളതോ ജെറിയാട്രിക് കെയറില്‍ പരിശീലനം സിദ്ധിച്ചവരെയോമാത്രമാണ് ഇവിടെ ജീവനക്കാരായി നിയോഗിക്കുന്നത്. ഒപ്പം സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ സേവനവും ലഭ്യമാക്കുന്നു. ആശുപത്രികളില്‍ ചെക്കപ്പിനും മറ്റും കൊണ്ടുപോകാന്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പായവരെ മരുന്നുകളിലൂടെ ജീവിപ്പിച്ചു നിര്‍ത്തുന്നതിനേക്കാള്‍ ശേഷിക്കുന്ന ദിവസങ്ങള്‍ നല്ല ഓര്‍മകളാക്കി മാറ്റാനാണ് ഇവിടെ ശ്രമിക്കുന്നത്.

വയോജന്‍ മെമ്പര്‍ഷിപ്പും ലിവിംഗ് വില്ലും

ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഗുരുതര രോഗങ്ങള്‍ ബാധിച്ച് പരിചരണം ആവശ്യമായി വന്നാല്‍ സിഗ്നേച്ചറിന്റെ സേവനം ലഭ്യമാക്കാന്‍ വയോജന്‍ മെമ്പര്‍ഷിപ്പ് പ്രോഗ്രാമും അവതരിപ്പിച്ചിട്ടുണ്ട്. സര്‍ജറികളോ മറ്റോവേണ്ടിവന്നാല്‍ അതിനുള്ള പരിചരണ കാലയളവ് മാത്രം ഇവിടെ തങ്ങാനും, ബാക്കി തുക ഭാവിയിലേക്ക് ഉപയോഗിക്കാനും ഇത് ഉപകരിക്കും.  ഭാവിയില്‍ ഗുരുതര രോഗങ്ങളെന്തെങ്കിലും ബാധിച്ചാല്‍ ട്രീറ്റ്‌മെന്റ് എങ്ങനെ വേണമെന്ന് കാലേക്കൂട്ടി എഴുതി തയാറാക്കി വെയ്ക്കാനുള്ള ലിവിംഗ് വില്‍ സൗകര്യവും ഇതിനൊപ്പം സിഗ്നേച്ചര്‍ നല്‍കുന്നു. ഉദാഹരണത്തിന് 85 വയസിന് ശേഷം ക്യാന്‍സര്‍ വന്നാല്‍ ചികിത്സിക്കേണ്ടതില്ല, അല്ലെങ്കില്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലാത്ത സാഹചര്യങ്ങളില്‍ വെന്റിലേറ്റ് ചെയ്യേണ്ട എന്നിങ്ങനെയൊക്കെ സ്വയം തീരുമാനിക്കാനുള്ള സൗകര്യമാണിത്. പരമവധി 300 വയോജന്‍ മെമ്പര്‍ഷിപ്പുകളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്.

നിലവിലെ വാടകക്കെട്ടിടങ്ങള്‍ക്ക് പകരം സ്വന്തമായൊരു കെട്ടിടം സ്ഥാപിക്കാനാണ് ഇതുവഴി സ്വരൂപിക്കുന്ന പണം ഉപയോഗിക്കുകയെന്ന് ജോസഫ് അലക്‌സ് പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com