'ആ രഹസ്യം' വെളിപ്പെടുത്തി ശ്രീനാഥ് വിഷ്ണു; ധനം എമര്‍ജിംഗ് എന്‍ട്രപ്രണര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍

ധനം എമര്‍ജിംഗ് എന്‍ട്രപ്രണര്‍ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ് ഏറ്റുവാങ്ങിയപ്പോള്‍ ശ്രീനാഥ് വിഷ്ണു പരസ്യമാക്കിയ ഒരു രഹസ്യമുണ്ട്, കോളെജ് കാലം തൊട്ടുള്ള തന്റെയൊരുശീലം. സംരംഭക വഴിയില്‍ തനിക്ക് പ്രചോദനമായ ആ കഥ പറഞ്ഞ് യുവ സംരംഭകന്‍. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പതിനാലാമത് ധനം ബിസിനസ് സമിറ്റ് ആന്‍ഡ് നൈറ്റ്; ഡി-ഡെ 2022 ചടങ്ങിലാണ് അവാര്‍ഡ് കൈമാറിയത്. ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സി (ONDC) ന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ടി. കോശി, ധനം പബ്ലിക്കേഷന്‍ ആന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ കുര്യന്‍ എബ്രഹാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാര്‍ഡ് ദാനം.

പിതാവ് വിഷ്ണു നമ്പൂതിരി സ്ഥാപിച്ച കുടുംബ ബിസിനസിനെ അങ്ങേയറ്റം കാലോചിതമാക്കി, അടുത്ത തലത്തിലേക്ക് വളര്‍ത്തിയ രണ്ടാംതലമുറ സംരംഭകനാണ് ശ്രീനാഥ് വിഷ്ണു. വിടിയുവില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദമെടുത്ത ശേഷം 2006ലാണ് കുടുംബ ബിസിനസിലേക്ക് കടന്നുവന്നത്. പിതാവിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കൊപ്പം ശ്രീനാഥിന്റെ യുവസാരഥ്യം കൂടി ചേര്‍ന്നതോടെ, ബ്രാഹ്‌മിന്‍സ് ഭക്ഷ്യോല്‍പ്പന്ന രംഗത്ത് കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറി. ബിസിനസ് കൂട്ടായ്മകളിലും സജീവ സാന്നിധ്യമാണ് ശ്രീനാഥ്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാന്‍ പദം വഹിച്ചിട്ടുണ്ട്. സിഐഐ സതേണ്‍ റീജിയണ്‍ ഫാമിലി ബിസിനസ് സബ് കമ്മിറ്റിയുടെ കോ ചെയര്‍ കൂടിയാണ്. ടൈ കേരള ചാര്‍ട്ടര്‍ മെമ്പര്‍ കൂടിയായ ശ്രീനാഥ് റീറ്റെയ്ലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ അംഗം കൂടിയാണ്. ഇന്ത്യയുടെ രണ്ട് രാഷ്ട്രപതിമാരുടെ വിദേശ സന്ദര്‍ശനത്തില്‍ അനുഗമിച്ച പ്രതിനിധി സംഘത്തിലും, പ്രണബ് മുഖര്‍ജിക്കൊപ്പം സ്വീഡനിലും, രാം നാഥ് കോവിന്ദിനൊപ്പം ഗ്രീസിലും ഭാഗമായിട്ടുണ്ട്.
ബ്രാഹ്‌മിന്‍സ് ഫുഡ്സിന്റെ തൊടുപുഴയിലെ കോര്‍പ്പറേറ്റ് മന്ദിരത്തിനുള്ളില്‍ ശ്രീനാഥ് തീര്‍ത്ത മറ്റൊരു ലോകം കൂടിയുണ്ട്. ബെസ്പോക് പേനകള്‍ കടഞ്ഞെടുക്കുന്ന ഒരിടം. റെയ്റ്റോള്‍ എന്ന ബ്രാന്‍ഡില്‍ ലോകോത്തര നിലവാരമുള്ള പേനകളാണ് ഒരു തപസ്സുപോലെ ശ്രീനാഥ് കടഞ്ഞെടുക്കുന്നത്. പേനകള്‍ അങ്ങേയറ്റം പാഷനോടെ ശേഖരിച്ചുവെക്കുന്നതും ഇദ്ദേഹത്തിന്റെ ഹോബിയാണ്. ദീര്‍ഘദൂര സൈക്ലിംഗാണ് മറ്റൊരു ഹോബി. ബ്രാഹ്‌മിന്‍സ് ബ്രാന്‍ഡ് മുന്നോട്ടുവെക്കുന്ന ഹെല്‍ത്തി ലൈഫ്സ്‌റ്റൈല്‍, മൂല്യങ്ങള്‍ എല്ലാം തന്നെ വ്യക്തിയെന്ന നിലയിലും ശ്രീനാഥ് പിന്തുടരുന്നു.
മറ്റ് അവാര്‍ഡുകള്‍, ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ്, ധനം വുമണ്‍ എന്റര്‍പ്രണര്‍ ഓഫ് ദി ഇയര്‍ 2021 പുരസ്‌കാരം ജ്യോതി ലാബ്സ് മാനേജിംഗ് ഡയറക്റ്റര്‍ എം ആര്‍ ജ്യോതി, ധനം എന്‍ ആര്‍ ഐ ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2012 അവാര്‍ഡ് കെ മുരളീധരന്‍, ധനം സ്റ്റാര്‍ട്ടപ്പ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് എന്നിവരും ഏറ്റുവാങ്ങി.
കഴിഞ്ഞ വര്‍ഷങ്ങളിലെ സുസ്ഥിരമായ വളര്‍ച്ച, കേരളത്തിന്റെ സാമ്പത്തിക രംഗത്തിനു നല്‍കിയ സംഭാവനകള്‍, വ്യത്യസ്തമായ സംരംഭക ശൈലി എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
പ്രമുഖ സാമ്പത്തിക വിദഗ്ധനും ചാര്‍ട്ടേഡ് എക്കൗണ്ടന്റുമായ വേണുഗോപാല്‍ സി. ഗോവിന്ദ് ചെയര്‍മാനും സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.എ ജോസഫ്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എം.കെ ദാസ്, മുന്‍ വര്‍ഷങ്ങളിലെ ധനം ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജേതാക്കളായ സി.ജെ ജോര്‍ജ്, നവാസ് മീരാന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it