പോരാട്ട വനിത ആനി ശിവ സംരംഭകര്‍ക്ക് നല്‍കുന്ന വിജയ പാഠം ഇതാണ്

വെറും 18 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ ആറുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും കൊണ്ട് തെരുവിലേക്ക് ഇറങ്ങേണ്ടിവന്ന പെണ്‍കുട്ടി 14 വര്‍ഷങ്ങള്‍ക്കിപ്പുറം വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ് ഐ. ഭര്‍ത്താവിനാലും സ്വന്തം വീട്ടുകാരാലും തിരസ്്കരിക്കപ്പെട്ടാണ് ആനി ശിവയെന്ന പെണ്‍കുട്ടി തെരുവില്‍ എത്തിപ്പെട്ടത്. അന്ന് അവള്‍ ഒരു തീരുമാനമെടുത്തു, ജീവിതത്തില്‍ ഇനിയൊരു തോല്‍വിയുണ്ടാവില്ലെന്ന്.

ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആനി വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങിയത്. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ അവനും ബന്ധം തകര്‍ത്തെറിഞ്ഞത്. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വാതിലുകള്‍ അവര്‍ക്ക് മുന്നില്‍ അടയ്ക്കപ്പെട്ടു. പിന്നീട് മുത്തശ്ശിയുടെ വീടിന്റെ ചായ്പില്‍ മകനെയും കൊണ്ട് ജീവിതം തുടങ്ങി.
വിജയത്തിലേക്ക് നടന്നപ്പോള്‍
ജീവിക്കാന്‍ മാര്‍ഗമന്വേഷിച്ച് പിന്നീട് ആനി കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ടൂ വീലറില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍ ചെറിയ കച്ചവടങ്ങള്‍ക്ക് പലരുടെയും ഒപ്പംകൂടി. ഇതിനിടയില്‍ കോളേജില്‍ ക്ലാസിനുംപോയി സോഷ്യോളജിയില്‍ ബിരുദം നേടി.
2014-ല്‍ തനിക്ക് സഹായത്തിനെത്തിയ സുഹൃത്തിന്റെ പ്രേരണയില്‍ വനിതകളുടെ എസ്.ഐ. പരീക്ഷ എഴുതാന്‍ തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. വനിതാ പോലീസ് തസ്തികയിലേക്കും പരീക്ഷയെഴുതി. 2016-ല്‍ വനിതാപോലീസായി ജോലി ലഭിച്ചു. 2019-ല്‍ എസ്.ഐ. പരീക്ഷയിലും വിജയം. പരിശീലനത്തിനുശേഷം 2021 ജൂണ്‍ 25-ന് വര്‍ക്കലയില്‍ എസ്.ഐയായി ആദ്യനിയമനം. നാരങ്ങാവെള്ളവും ഐസ്‌ക്രീമും വിറ്റ് നടന്ന വര്‍ക്കലയിലായിരുന്നു ആനിയുടെ എസ്‌ഐ നിയമനം. ഇപ്പോള്‍ മകന്റെ പഠനത്തിനായി എറണാകുളത്തേക്കുള്ള മാറ്റവും ആനിക്ക് സാധ്യമായി. ഇനി ആനിയുടെ സേവനം കൊച്ചിയില്‍.
സ്വന്തം ജീവിതത്തെക്കുറിച്ച് ആനി ശിവ എന്ന 31 കാരി ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ: ''എങ്ങനെയോ ഭ്രാന്ത് വരാതെ പിടിച്ചു നിന്നവള്‍. ഇത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ദൈവാനുഗ്രഹത്താല്‍ അവള്‍ ജീവിതം ഒരു കരയ്ക്ക് എത്തിച്ചപ്പോഴും കുറ്റം പറച്ചിലിനും പഴിപറച്ചിലിനും കഥകള്‍ ഉണ്ടാക്കലിനും ഒരു പഞ്ഞവും കാണിക്കാത്ത ഈ നാട്ടില്‍ ഞാനും മോനും ചേട്ടനും അനിയനുമായി ജീവിച്ചു''. അതെ, കൈക്കുഞ്ഞിനെയും കൊണ്ട് പലയിടത്തായി മാസങ്ങളുടെ ഇടവേളയില്‍ മാറിമാറിത്താമസിച്ചുപ്പോള്‍ സ്വയ രക്ഷാര്‍ത്ഥം ആണ്‍കുട്ടികളെപ്പോലെ മുടിവെട്ടി. മകന്‍ ശിവസൂര്യയുടെ അപ്പയായി. ചേട്ടനും അനിയനുമാണെന്ന് പലരും ഒറ്റനോട്ടത്തില്‍ കരുതി.
ആനി എന്ന മാതൃക
ആത്മബലത്തിന്റെയും ജീവിതവിജയത്തിന്റെയും മാതൃകയാണ് ആനി ശിവയെന്ന പോരാളി. കിടക്കാന്‍ ഒരു കൂരയോ വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണമോ ഇല്ലാതെ ആത്മഹത്യാശ്രമങ്ങളില്‍ പരാജയപ്പെട്ട് മരിക്കാനുള്ള ഊര്‍ജം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും ജീവിതവിജയത്തിന്റെയും കഥയാണ് എസ് ഐ ആനി ശിവയുടേത്. ആനി സാധാരണക്കാര്‍ക്ക് മാത്രമല്ല, ജീവതത്തിലും ബിസിനസിലും പോരാടുന്ന സംരംഭകര്‍ക്കും ആത്മബലമാണ് നല്‍കുന്നത്. നിരന്തര പരിശ്രമത്തോടെ ലക്ഷ്യത്തിലേക്ക് നീങ്ങാമെന്ന്.


Related Articles
Next Story
Videos
Share it