ഈ വീട്ടമ്മ പറയുന്നു; ഹോബിയുണ്ടോ എങ്കില്‍ ഫെയ്‌സ്ബുക്കിലൂടെ നിങ്ങള്‍ക്കും സംരംഭമാക്കാം

ഫാഷന്‍ ഡിസൈനിംഗ് പഠനത്തിനു ശേഷം വിദേശത്തും നാട്ടിലുമായി കുറെ കാലം ജോലി ചെയ്‌തെങ്കിലും വീട്ടമ്മയുടെ ഉത്തരവാദിത്തങ്ങൾ കൂടിയപ്പോൾ പ്രൊഫഷണല്‍ ജീവിതത്തിന് മെല്ലെ ബ്രേക്ക് ഇടേണ്ടി വന്നു അഞ്ജനയ്ക്ക്. കുറച്ചുകാലം ഫാഷന്‍ ഡിസൈനിംഗ് അധ്യാപികയായിരുന്നെങ്കിലും മെല്ലെ പ്രൊഫഷനില്‍ നിന്നും പൂർണമായും ഇടവേള എടുക്കേണ്ടി വന്നു. എന്നാല്‍ കോട്ടന്‍ വസ്ത്രങ്ങളോടും നിറങ്ങളോടും പാറ്റേണുകളോടുമുള്ള ഇഷ്ടം ഉള്ളില്‍ തന്നെ മായാതെ നിന്നു. ഒരു ദിവസം ചെറിയ ഒരു കോട്ടന്‍ ഫാബ്രിക് കൊണ്ട് അമ്മ തുന്നിയ ഒരു വാളറ്റ് അപ്പോളാണ് അഞ്ജന ശ്രദ്ധിക്കുന്നത്. അതിനോടു തോന്നിയ കൗതുകം കൊണ്ട് വീട്ടിലുണ്ടായിരുന്ന ചില കോട്ടന്‍ തുണികള്‍ കൊണ്ട് വ്യത്യസ്ത ഡിസൈനില്‍ ചെറു വാളറ്റുകളും മൊബൈല്‍ പൗച്ചുകളും നിര്‍മിച്ചു നോക്കി. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ സംഗതി ഹിറ്റ് ആയതോടെ അഞ്ജനയ്ക്ക് ആത്മവിശ്വാസവും വര്‍ധിച്ചു. പിന്നീട് കസ്റ്റമൈസ്ഡ് ആയി നിര്‍മിച്ചു തുടങ്ങിയ ബാഗുകളും സൂപ്പര്‍ഹിറ്റ്. അങ്ങനെയാണ് ഹോബി മെല്ലെ വരുമാനമാർഗമായി മാറുന്നത്.

ഓണ്‍ലൈന്‍ സ്‌റ്റോര്‍

ഒരു കൊല്ലം മുമ്പ് വരെ സുഹൃത്തുക്കളും പരിചയക്കാരുമായിരുന്നു അഞ്ജനയുടെ ഉപഭോക്താക്കള്‍. പിന്നീട് ഫെയ്‌സ്ബുക്ക് പേജ് തുടങ്ങാന്‍ തീരുമാനിച്ചതാണ് വിജയത്തിലേക്ക് വഴി തെളിക്കുന്നത്. വലിയ ലാഭമെടുക്കാതെ ഹോബിയോടുള്ള ഇഷ്ടം കൊണ്ട് തുന്നിക്കൊടുത്തിരുന്ന ബാഗുകള്‍ വിപണിയിലെത്തിക്കാന്‍ വലിയൊരു ഇന്‍വെസ്റ്റ്‌മെന്റ് പ്രായോഗികമായിരുന്നില്ല. അത്തരത്തിലാണ് ഫെയ്‌സ്ബുക്ക് പേജ് സജീവമാക്കിയത്. ഇപ്പോൾ അതാണ് അഞ്ജനയുടെ ഓൺലൈൻ സ്റ്റോറും.

പ്ലാസ്റ്റിക്കും റക്‌സിനും കൃത്രിമ ലെതറും പോലുള്ളവ കൊണ്ട് നിര്‍മിക്കുന്ന ബ്രാന്‍ഡുകള്‍ ഉപേക്ഷിച്ച് കോട്ടന്‍ ബാഗുകളിലേക്കും വാളറ്റുകളിലേക്കും ചെരുപ്പുകളിലേക്കുമൊക്കെ നിരവധി പേര്‍ മടങ്ങുന്നത് അടുത്ത കാലത്തുണ്ടായ വലിയൊരു ട്രെന്‍ഡ് മാറ്റമാണ്. ഈ സാഹചര്യത്തില്‍ തന്റെ ഹോബിയെ ബിസിനസാക്കാന്‍ കഴിഞ്ഞതാണ് അഞ്ജനയ്ക്ക് സഹായകമായതും.

പ്രാഫഷണല്‍ മികവും ഗുണനിലവാരവുമാണ് 'ഹാര്‍ട്ട് ഫുളി ഹാന്‍ഡ് മെയ്ഡ്' എന്ന ബ്രാന്‍ഡിനെ ശ്രദ്ധേയമാക്കുന്നത്. നേരത്തെ തന്നെ ഓര്‍ഡറുകള്‍ എടുത്ത് അയച്ചു കൊടുക്കുന്നത് പരിചിതമായത് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചതിനുശേഷം മാര്‍ക്കറ്റിംഗ് എളുപ്പമാക്കി. ഓർഡർ അനുസരിച്ച് മാത്രമാണ് ആദ്യം വര്‍ക്കുകള്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ കാത്ത് ഫെയ്‌സ്ബുക്ക് പേജില്‍ സന്ദര്‍ശകര്‍ എത്തിത്തുടങ്ങിയെന്ന് അഞ്ജന പറയുന്നു. ഒഴിവു നേരങ്ങളില്‍ മാത്രം ഓര്‍ഡറുകള്‍ എടുത്തിരുന്ന അഞ്ജന മെല്ലെ ഒരു സംരംഭകയുടെ കുപ്പായമണിയാന്‍ നിര്‍ബന്ധിതയായി. ഇപ്പോള്‍ ഹൈര്‍ട്ട്ഫുളി ഹാന്‍ഡ് മെയ്ഡ് വിപുലമാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്.
ഉപഭോക്താക്കള്‍ക്ക് അവരുടെ ഫാബ്രിക്കിന്റെ നിറം. കോമ്പിനേഷന്‍, വലുപ്പം എന്നിവയെല്ലാം വാട്‌സാപ്പിലൂടെ പറഞ്ഞ് കൊടുത്ത് ഉല്‍പ്പന്നം ഡിസൈന്‍ ചെയ്യാം. ലോകത്തെവിടെ ഇരുന്നും ഓര്‍ഡര്‍ നല്‍കാം എന്നത് നിരവധി പേരെ ഉപഭോക്താക്കളാക്കാന്‍ സഹായകമായി. ഇതെല്ലാം ഫെയ്‌സ്ബുക്ക് പേജിലൂടെ ഒരു മാര്‍ക്കറ്റിംഗ് സ്‌പേസ് കണ്ടെത്താന്‍ സാധിച്ചതിലൂടെയാണ് സാധിച്ചത്. ഹോബികള്‍ പണമാക്കി മാറ്റാന്‍ ഇതൊരു മികച്ച ഉപാധിയാണെന്നും അഞ്ജന പറയുന്നു.

പേരുപോലെ തന്നെ ഹൃദയത്തോടു ചെര്‍ത്ത് വച്ചാണ് ഓരോ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതെന്ന് അഞ്ജന പറയുന്നു. തുണികള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചതിനുശേഷമുള്ള ചെറിയ തുണിക്കഷണങ്ങളും മറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന അലങ്കാര വസ്തുക്കള്‍ക്കും ഉപഭോക്താക്കളെത്തി തുടങ്ങിയിട്ടുണ്ട്. പ്രകൃതിയിലേക്ക് മാലിന്യങ്ങള്‍ തള്ളുന്നത് തടയുന്ന സസ്റ്റെനബ്ള്‍ ഗുഡ്‌സ് കൂടിയാണ് ഇത്തരത്തില്‍ അഞ്ജന പ്രോല്‍സാഹിപ്പിക്കുന്നത്. ഹോബിയായി തന്നെ തുടര്‍ന്നിട്ടും പ്രതിമാസം മികച്ച വരുമാനം നേടാന്‍ ഈ സംരംഭം സഹായിക്കുന്നു. ഇനിയത് വിപുലമാക്കാനുള്ള പദ്ധതികളിലാണ് ഈ വീട്ടമ്മ.

ഹോബി ബിസിനസാക്കുന്നവര്‍ ശ്രദ്ധിക്കാന്‍

ഉല്‍പ്പന്നങ്ങളില്‍ നിങ്ങളുടേതായ ഒരു കയ്യൊപ്പുണ്ടായിരിക്കണം

കസ്റ്റമൈസ്ഡ് ഗുഡ്‌സിനാണ് എപ്പോഴും ആവശ്യക്കാര്‍ ഉണ്ടാകുക.

എളുപ്പത്തില്‍ വാങ്ങാനും ഡെലിവറി നടത്താനുമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുക.

ഓണ്‍ലൈന്‍ പ്രമോഷന്‍ എങ്ങനെ എന്നു പഠിക്കുക.

എപ്പോഴും ഉപഭോക്താക്കളുമായി മികച്ച ബന്ധം സൂക്ഷിക്കുക.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it