യൂണികോണില്‍ 18% സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍

രാജ്യത്തെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 18 ശതമാനവും സ്ത്രീകള്‍ സ്ഥാപിച്ചതോ അല്ലെങ്കില്‍ സ്ത്രീകള്‍ സഹ-സ്ഥാപകരായതോ ആണെന്ന് വിവിധ സ്ഥാപനങ്ങള്‍ ചേര്‍ന്ന് നടത്തിയ പഠനത്തില്‍ വ്യക്തമായതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.

ടൈ ഡെല്‍ഹി എന്‍സിആര്‍, ഗവേഷണ സ്ഥാപനമായ സിന്നോവ്, ഗൂഗിള്‍, നെറ്റ്ആപ്പ്, വഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്വര്‍ക്ക് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിനാണ് ഈ കണ്ടെത്തല്‍.

ഇവ ഉടനടി യൂണികോണിലേക്ക്

വിന്‍സോ, ഇന്‍ഫിനിറ്റി ലേണ്‍, ലോക്കസ്, പ്രതിലിപി, സിറിയോണ്‍ ലാബ്‌സ് തുടങ്ങിയവ സ്ത്രീകള്‍ സ്ഥാപിച്ചതോ സ്ത്രീകള്‍ സഹസ്ഥാപകരായതോ ആയ സ്റ്റാര്‍ട്ടപ്പുകളാണ്. ഇവയുള്‍പ്പടെ പുതിയ 20 സ്റ്റാര്‍ട്ടപ്പുകള്‍ കൂടി ഉടനടി തന്നെ യൂണികോണിലേക്ക് ചേരുമെന്നും ഈ സംയുക്ത പഠനം പറയുന്നു.

അക്കോ, ബൈജൂസ് പ്രിസ്റ്റിന്‍ കെയര്‍, മൈഗ്ലാം, മൊബിക്വിക്ക്, ഓപ്പണ്‍ മുതലായ സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം തന്നെ യൂണികോണ്‍ ആയി മാറിയിട്ടുള്ള ഇത്തരം സ്റ്റാര്‍ട്ടപ്പുകളില്‍ ഉള്‍പ്പെടുന്നു.

പ്രതിസന്ധികളിലും മികച്ച വിപണി മൂല്യം

100 കോടി ഡോളറിലധികം മൂല്യമുള്ള ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് ബിസിനസാണ് യൂണികോണ്‍ എന്നത്. സ്ത്രീകള്‍ സ്ഥാപികരായിട്ടുള്ള യുണികോണിന്റെ മൊത്തം മൂല്യം 3000 കോടി ഡോളറിലധികം വരും. അവര്‍ സമാഹരിച്ച മൊത്തം ഓഹരി നിക്ഷേപം 1200 കോടി ഡോളറിലധികവും.

എന്നിരുന്നാലും രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വലിയ ലിംഗ വിവേചനമുണ്ടെന്ന് പഠനം പറയുന്നു. സാമൂഹികപരവും സാംസ്‌കാരികപരവുമായ വിവിധ തടസ്സങ്ങള്‍ സ്ത്രീ സ്ഥാപകരുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചതായും പഠനം കണ്ടെത്തി.

Related Articles

Next Story

Videos

Share it