ബേക്കിംഗിലുണ്ടോ ഈ ബിസിനസ് പൊടിക്കൈ; എങ്കില്‍ നേടാം പ്രതിമാസം അരലക്ഷം വരെ

ലോക്ഡൗണ്‍ കാലത്ത് ഏറ്റവുമധികം ആളുകള്‍ കൈവച്ച മേഖലകളാണ് ബേക്കിംഗും യൂട്യൂബ് ചാനലും. സോഷ്യല്‍മീഡിയ തുറന്നാല്‍ ഹോം ബേക്കര്‍മാരുടെ തിരക്കാണ്. എന്നാല്‍ കഴിഞ്ഞ പത്തു വര്‍ഷമായി കേക്ക് ബേക്കിംഗില്‍ പ്രാവീണ്യം നേടിയ മീര മനോജ് കൊച്ചിയിലെ തന്റെ വീട്ടിലിരുന്ന് നേരത്തെ തന്നെ ഹോം ബേക്കിംഗ് രംഗത്ത് താരമായ വ്യക്തിയാണ്. കോട്ടയത്തു നിന്ന് കാല്‍ നൂറ്റാണ്ടു മുമ്പ് കൊച്ചിയിലേക്ക് പറിച്ചു നട്ട ജീവിതത്തില്‍ വിരസതയകറ്റാന്‍ ബേക്കിംഗ് തുടങ്ങി ഇപ്പോള്‍ കൊച്ചിയിലെ മികച്ച ഹോം ബേക്കര്‍മാരിലൊരാളായി മാറി മീര മനോജ്. സ്വന്തമായി ബ്രാന്‍ഡ് ചെയ്ത് ബേക്കറിയോ റസ്റ്റോറന്റോ ഒന്നും തന്നെ ഇല്ലാതെ ആയിരക്കണക്കിന് ഉപഭോക്താക്കളെ നേടാന്‍ ഈ വനിതാ സംരംഭകയ്ക്കായി. ബേക്കിഗിനൊപ്പം വീട്ടില്‍ തന്നെ ബേക്കിംഗ് പരിശീലനവും മീര നല്‍കുന്നുണ്ട്. പാചകത്തോടുള്ള അളവറ്റ പാഷനും അല്‍പ്പം ആര്‍ട്ടിസ്റ്റിക് സെന്‍സുമാണ് ബേക്കിംഗിലേക്കുള്ള കടന്നു വരവിന് മീരയെ പ്രേരിപ്പിച്ചത്.

കുക്കറി ഷോ വഴി ബേക്കിംഗിലേക്ക്

ഒരിക്കല്‍ പാചക വിദഗ്ധയായ ആന്റി വഴി കുക്കറി ഷോയില്‍ അവതാരകയാകാനുള്ള അവസരം ലഭിച്ചു. പാചകം ചെയ്യാനും വിളമ്പാനും ഏറെ ഇഷ്ടമുള്ള മീര പിന്നീട് പല ചാനലുകളിലും പാചക പരിപാടികളില്‍ അവതാരകയായി. എല്ലാ ഭക്ഷണവും വയ്ക്കാനും വിളമ്പാനും ഇഷ്ടമാണെങ്കിലും കേക്ക് ബേക്കിംഗായിരുന്നു ഒരു കൗതുകമായി തോന്നിയത്. അങ്ങനെയാണ് ബേക്കിംഗ് പഠിക്കാന്‍ തീരുമാനിച്ചത്. പഠനം പൂര്‍ത്തിയായതോടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് പല തരം കേക്കുകള്‍ ഉണ്ടാക്കി നല്‍കി. വീട്ടില്‍ താരമായതോടെ തന്റെ കേക്ക് രുചികള്‍ സുഹൃത്തുക്കള്‍ക്കിടയിലും പ്രചരിച്ചു. പിന്നീട് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ സര്‍ട്ടിഫിക്കേഷനോട് കൂടി ചെറിയ രീതിയില്‍ ഓര്‍ഡര്‍ എടുത്ത് തുടങ്ങി. തുടക്കത്തില്‍ സുഹൃത്തുക്കള്‍ക്കിടയില്‍ പ്രചരിച്ച കേക്കുകള്‍ കേട്ടറിഞ്ഞും രുചിച്ചറിഞ്ഞും നിരവധി പേരെത്തി. കേക്കില്‍ ആര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതാണ് സംരംഭകയായി മീരയെ വളര്‍ത്തിയത്.



ക്യാന്‍വാസിലെ കേക്ക്

ചിത്രം വരയ്ക്കും പോലെ ഏറെ പെര്‍ഫെക്ഷനോടെ കുട്ടികളുടെ ബെര്‍ത്ത് ഡേ പാര്‍ട്ടികള്‍ക്ക് അവരുടെ സങ്കല്‍പ്പത്തിലെ കേക്കുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയതോടെ മീര തന്റെ കഴിവും കൂടുതല്‍ മിനുക്കി. കേക്ക് ആര്‍ട്ടിലും മറ്റും കൂടുതല്‍ പഠിച്ച് വിവിധ തരം കേക്കുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി. സിന്‍ഡ്രലയും ബാര്‍ബിയും ജിറാഫും ആനക്കുട്ടിയും വരെ പണ്ടേ മീര മനോജിന്റെ കേക്കുകളിലെ സ്ഥിരം അതിഥികളായി. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുമായി ചേര്‍ന്ന് തീം പാര്‍ട്ടികള്‍ക്കായി ഓര്‍ഡറുകള്‍ ലഭിച്ചതോടെ 3000 മുതല്‍ 30000 രൂപ വരെ വിലയുള്ള കേക്കുകളും ഉണ്ടാക്കി വില്‍ക്കാന്‍ തുടങ്ങി. 20 മുതല്‍ 26 മണിക്കൂര്‍ വരെ ഒരു കേക്ക് നിര്‍മാണത്തിനായി സമയം ചെലവഴിച്ചിട്ടുണ്ടെന്ന് മീര പറയുന്നു. ഹോബിയായി തുടങ്ങിയ ബേക്കിംഗ് പിന്നീട് മികച്ച വരുമാനമായതോടെ സംരംഭം ജീവിതത്തിന്റെ ഭാഗമായി എന്നാണ് മീര പറയുന്നത്. ഒപ്പം ബേക്കിംഗ് പഠിപ്പിക്കാനും കുക്കറി മത്സരങ്ങളില്‍ ജഡ്ജ് ആകാനുമൊക്കെ കഴിയുന്നതിലെ സന്തോഷവും മീര പങ്കുവയ്ക്കുന്നു.

റിയല്‍ ആകൂ, വിജയിക്കാം

കയ്യിലോ നാവിലോ ഇളകി പിടിക്കാത്ത യഥാര്‍ത്ഥ ഫുഡ് കളറുകളും ചേരുവകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും ശേഖരിച്ചാണ് ഉപയോഗിക്കുന്നത്. വിപണിയില്‍ ലഭ്യമായ വിലകുറഞ്ഞ ചേരുവകള്‍ ചേര്‍ത്താല്‍ ക്വാളിറ്റിയിലും കോംപ്രമൈസ് ചെയ്യേണ്ടി വരും. അധികം ലാഭം നേടുന്നതിനേക്കാള്‍ ഉപഭോക്താക്കളുടെ അധിക സന്തോഷത്തിനാണ് സംരംഭക എന്ന നിലയില്‍ പ്രാധാന്യം നല്‍കുന്നതെന്ന് മീര പറയുന്നു. രണ്ട് ഓവന്‍, അമ്പതോളം മോള്‍ഡുകള്‍, ഒറിജിനല്‍ ചേരുവകള്‍ എന്നിവയോടൊപ്പം പാഷനും അല്‍പ്പം കലാ ബോധവുമുണ്ടെങ്കില്‍ ആഴ്ചയില്‍ 12000 മുതല്‍ 25000 വരെ നേടാമെന്ന് തന്റെ അനുഭവത്തില്‍ നിന്ന് മീര പറയുന്നു. പഠിക്കാതെ രംഗത്തേക്കിറങ്ങുന്നവരോട് പറയാനുള്ളതും ഇത് തന്നെ ' കേക്ക് ഉണ്ടാക്കാന്‍ ലഭ്യമായിട്ടുള്ള റെഡിമിക്സ് വാങ്ങി മോള്‍ഡില്‍ കളര്‍ ചേര്‍ത്ത് കേക്കുകള്‍ക്ക് നിര്‍മിച്ച് നല്‍കിയാല്‍ സംരംഭം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാനാകില്ല. കൃത്രിമത്വം തീരെ ഇല്ലാതെ യഥാര്‍ത്ഥ രുചി വിളമ്പിയാല്‍ ഉപഭോക്താക്കള്‍ തേടിയെത്തും.'' ബേക്കിംഗ് മാത്രമാക്കാതെ കൊച്ചിയില്‍ നാടന്‍ ഭക്ഷണങ്ങള്‍ വിളമ്പുന്ന മീരാസ് കിച്ചന്‍ എന്ന റസ്റ്റോറന്റിന്റെ പദ്ധതിയിലാണ് മീര മനോജ്. 2021 ഓടെ അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കങ്ങളിലാണ്. ഒപ്പം എല്ലാ പിന്തുണയോടും കൂടി ഭര്‍ത്താവ് മനോജും മൂന്ന് ആണ്‍മക്കളുമുണ്ട്.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it