മുടി കൊഴിച്ചിലിന് പരിഹാരവുമായി രണ്ട് സഹോദരിമാര്‍, സമ്പാദിക്കുന്നത് ₹27 കോടി

മുടി കൊഴിച്ചിലിനും കഷണ്ടിക്കും ശാശ്വത പരിഹാരമില്ലെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഹെയര്‍ ട്രാന്‍സ്പ്ലാന്റും മുടി വളരാനുള്ള പി.ആര്‍.പി പോലുള്ള മാര്‍ഗങ്ങള്‍ക്കായുമൊക്കെ ഓരോ ദിവസവും സ്‌കിന്‍ ക്ലിനിക്കുകളിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ഈ മേഖലയിലെ വര്‍ധിച്ചു വരുന്ന സാധ്യതകള്‍ കണ്ട് 2019ല്‍ ഈ രംഗത്തേക്കെത്തിയ രണ്ട് സഹോദരിമാരുണ്ട്, ഹൈദരാബാദിൽ നിന്നുള്ള റിച്ച ഗ്രോവര്‍ ബദ്രുക, റെയ്‌ന റോവര്‍ ബദ്രുക. ബ്യൂട്ടി ആന്‍ഡ് സ്‌റ്റൈലിംഗ് രംഗത്ത് താല്‍പര്യമുണ്ടായിരുന്ന ഇവര്‍ വ്യത്യസ്തമായ ഹെയര്‍ എക്‌സ്റ്റെന്‍ഷനുമായിട്ടാണ് വിപണിയിലേക്കെത്തിയത്.

ക്ലിക്കായതിങ്ങനെ

തലമുടിക്ക് കട്ടിയില്ലാത്തവര്‍ മുടി നീളം കുറച്ച് സ്‌റ്റൈലിംഗ് ചെയ്യുന്നതാണ് സര്‍വ സാധാരണമായി കണ്ടു വരുന്നത്. എന്നാല്‍ പലര്‍ക്കും നീളന്‍ മുടിയോട് മാനസിക അടുപ്പം കൂടുതലാണ്. ഈ അവസരം മുന്നില്‍ കണ്ടാണ് പല ഹെയര്‍ എക്‌സ്റ്റെന്‍ഷന്‍ ബ്രാന്‍ഡുകളും രംഗത്തെത്തിയത്. സാധാരണ മുടി പോലെ തോന്നുന്നതും നിലവിലുള്ള മുടിക്ക് കേട് പാടുകള്‍ വരാതെ ഈസിയായി ക്ലിപ്പ് ചെയ്ത് ഉപയോഗിക്കാവുന്നതുമാണ് ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍. എന്നാല്‍ ഒരേ പോലുള്ള ഹെയര്‍ എക്‌സ്‌റ്റെന്‍ഷനല്ലാതെ പലതരം മുടി ഉള്ളവര്‍ക്ക് പല തരം ഹെയര്‍ എക്‌സ്റ്റെന്‍ഷന്‍ അവതരിപ്പിച്ചാണ് റിച്ചയുടെയും റെയ്‌നയുടെയും വണ്‍ ഹെയര്‍ സ്റ്റോപ്പ് എന്ന ബ്രാന്‍ഡ് ക്ലിക്ക് ആയത്.

1 ഹെയര്‍ സറ്റോപ്പ്

മുടിക്ക് പല പല നിറം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓരോ നിറത്തിലുള്ള ഹെയര്‍ സെറ്റുകള്‍, അത് ഉപയോഗിക്കുന്ന രീതിയോ വളരെ എളുപ്പവും. അങ്ങനെ നൂതനമായ ഉൽപ്പന്നങ്ങൾ ഇറക്കിയാണ് വണ്‍ ഹെയര്‍ സ്‌റ്റോപ്പ് ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിടാതെ വിദേശത്തേക്കും വ്യാപിച്ചത്. ഹെയര്‍ കളറിംഗ് ചെയ്യാതെ, ഹെയര്‍ സ്മൂത്തനിംഗ് (smoothening) ചെയ്യാതെ സ്വാഭാവിക മുടിയിഴകള്‍ക്ക് യാതൊരു വ്യത്യാസവും വരുത്താതെ എളുപ്പത്തില്‍ ഫിറ്റ് ചെയ്യാനും അഴിക്കാനും കഴിയുന്നതാണ് വണ്‍ ഹെയര്‍ സ്റ്റോപ്പ് ഉല്‍പ്പന്നങ്ങള്‍. സ്റ്റൈലിംഗില്‍ വൈദഗ്ധ്യമുള്ള റിച്ചയും റെയ്‌നയും സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഉല്‍പ്പന്നങ്ങളുടെ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇത് ബ്രാന്‍ഡ് ബില്‍ഡിംഗില്‍ അവരെ സഹായിച്ചു. പിന്നീട് യൂട്യൂബ് ഉള്‍പ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളില്‍ യൂസര്‍ റിവ്യൂവും മറ്റുമെത്തി. മെല്ലെ മെല്ലെ ബ്രാന്‍ഡ് വളര്‍ന്നു.

ദിവസം 150 ഓര്‍ഡറുകള്‍

രണ്ട് മൂന്നു ഓര്‍ഡറുകള്‍ വീതം ലഭിച്ചിരുന്ന കമ്പനി ഇന്ന് 130-150 ഓര്‍ഡറുകള്‍ സ്വീകരിക്കുന്നു. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 27 കോടിയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. 31 കോടി രൂപയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഫാഷനും സ്റ്റൈലിംഗിനും അപ്പുറം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം വിറ്റഴിയുന്നത് കാന്‍സര്‍ രോഗികള്‍ക്കിടയിലും പോസ്റ്റ്പാര്‍ട്ടം സ്റ്റേജില്‍ മുടികൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ക്കുമാണെന്ന് സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ യുവ സംരംഭകര്‍ പറയുന്നു.

1.2 ലക്ഷം ഓര്‍ഡറുകളിലൂടെ 2.1 ലക്ഷം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാൻ ബ്രാൻഡിന് കഴിഞ്ഞു. മുടിയില്ലാത്തവര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്നുവെന്നതാണ് തങ്ങളെ മുന്നോട്ട് നയിക്കുന്ന ഘടകമെന്ന് അവര്‍ വ്യക്തമാക്കുന്നു. സെമി-പെര്‍മനന്റ് ഹെയര്‍ എക്‌സ്റ്റെന്‍ഷനാണ് പുതിയ ഉല്‍പ്പന്നം.

Related Articles

Next Story

Videos

Share it