നിറങ്ങളെ പ്രണയിച്ച ഇംഗ്ലീഷ് അധ്യാപിക ഇന്ന് സ്വന്തം ബ്രാന്‍ഡിന്റെ ടീം ലീഡര്‍ മാത്രമല്ല, മോഡലുമാണ്: ഇത് നിഷ സൂരജിന്റെ 'കളേഴ്‌സ് ട്രെന്‍ഡ്‌സ്' ഹിറ്റ് ആയ കഥ

നിറങ്ങളെ പ്രണയിച്ച ഇംഗ്ലീഷ് അധ്യാപിക, പല നിറങ്ങളിലെ പുതു ഫാഷന്‍ ട്രെന്‍ഡ്‌സ് ഇഷ്ടപ്പെടുന്ന വ്യക്തി. ഭര്‍ത്താവ് ഒരു സംരംഭം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍ വസ്ത്രവ്യാപാരമല്ലാതെ മറ്റെന്താണ് അത്തരമൊരു വ്യക്തിയുടെ മനസ്സിലേക്ക് വരുക. അതൊരു തുടക്കമായിരുന്നു, സാധാരണ അധ്യാപികയില്‍ നിന്നും സംരംഭകയിലേക്കുള്ള നിഷ സൂരജിന്റെ ബിസിനസ് യാത്രയുടെ മനോഹരമായ തുടക്കം. ഭര്‍ത്താവ് സൂരജ് ജയപ്രസാദിനൊടൊപ്പം സംരംഭത്തിന്റെ തുടക്കം മുതല്‍ അങ്ങനെ നിഷ കട്ടയ്ക്ക് കൂടെ നിന്നു. 2014 ല്‍ ആയിരുന്നു അത്.

1994 മുതല്‍ വസ്ത്രവ്യാപാര രംഗത്ത് കുടുംബ ബിസിനസ് ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് നിര്‍ത്തി വയ്‌ക്കേണ്ടി വന്ന വ്യക്തിയായിരുന്നു സൂരജ്. എന്നാല്‍ കളേഴ്‌സ് എന്നപേരില്‍ തുടങ്ങിയ സംരംഭം ആ മേഖലയിലേക്കുള്ള ഇവരുടെ തിരിച്ചുവരവു കൂടെയായി.

കോവിഡ് കാലത്താണ് ഫെയ്‌സ്ബുക്കിലൂടെ കളേഴ്‌സ് ട്രെന്‍ഡ്‌സ് എന്ന ബ്രാന്‍ഡ് ലോകം മുഴുവനുമുള്ള വനിതകളിലേക്ക് എത്തിയത്. കോവിഡ് ലോക്ഡൗണുകള്‍ മാറി മാറി വന്നപ്പോള്‍ സ്വന്തമായി പര്‍ച്ചേസിംഗ് നടത്തി സ്റ്റോക്ക് ചെയ്ത നിലവാരം കൂടിയ വസ്ത്രങ്ങളെല്ലാം കെട്ടിപ്പൂട്ടിവയ്‌ക്കേണ്ടി വന്നു. ഈ സമയത്ത് തോന്നിയ നിഷയുടെ ഐഡിയ ആയിരുന്നു അത്.

സ്വന്തമായി കൈമുതലായുണ്ടായിരുന്ന ആത്മവിശ്വാസവുമായിട്ട് നിഷ തന്നെ പല നിറങ്ങളുള്ള വസ്ത്രങ്ങളുമായി മൊബൈൽ ക്യാമറയ്ക്ക് മുന്നില്‍ സ്വന്തം സ്ഥാപനത്തിലെ വസ്ത്രങ്ങളുമായി എത്തി.

ഡിമാന്‍ഡ് ഉയര്‍ന്നപ്പോള്‍ ചേര്‍ത്തലയിലെ കടയോടൊപ്പം ഫെയ്‌സ്ബുക്ക് സ്‌റ്റോറിലൂടെയും സോഷ്യൽ മീഡിയ പേജുകളിലൂടെയുമുള്ള വില്‍പ്പനയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മികച്ച ഫാഷന്‍ വസ്ത്രങ്ങള്‍ മിതമായ വിലയില്‍ നല്‍കുന്ന ബ്രാന്‍ഡ് ആയി കളേഴ്‌സ് ട്രെന്‍ഡ്‌സ് വളര്‍ന്നത് അങ്ങനെയാണെന്ന് നിഷ സൂരജ് പറയുന്നു. ഇന്ന് ലോകമെമ്പാടും കളേഴ്‌സ് ട്രെന്‍ഡ്‌സിന് ഉപഭോക്താക്കളുണ്ട്.

നിറങ്ങളുടെ ലോകത്തെ സംരംഭകത്വം

നിറങ്ങള്‍ക്കുമുണ്ട് ട്രെന്‍ഡ്‌സ് എന്ന് നിഷ പറയുന്നു. ചിലപ്പോള്‍ പര്‍പ്പിള്‍ നിറങ്ങളായിരിക്കാം ട്രെന്‍ഡില്‍ നില്‍ക്കുക, മറ്റു ചിലപ്പോള്‍ മോവ് പിങ്ക് ആയിരിക്കാം... അങ്ങനെ ഫാഷന്‍ ലോകത്ത് വസ്ത്രങ്ങളുടെ നിറങ്ങള്‍ മാറി മാറി വരുന്നു. ബ്രാന്‍ഡ് നാമത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ അത്‌കൊണ്ട് തന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ലെന്ന് നിഷ സൂരജ് പറയുന്നു.

ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങിയിട്ട് രണ്ട് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം എന്നിവയിലൂടെയെല്ലാമാണ് വില്‍പ്പന നടത്തുന്നത്. ഇവിടെയെല്ലാം തന്നെ ധാരാളം ഫോളോവേഴ്‌സ് ഉണ്ട് കളേഴ്‌സ് ട്രെന്‍ഡ്‌സിന്. ഓരോ ദിവസവും 7-8 വരെ പുത്തന്‍ പാറ്റേണുകളിലുള്ള വസ്ത്രങ്ങള്‍ അവതരിപ്പിക്കും നിഷ.





എന്നും ഉച്ചയ്ക്ക് 1.30ന് ആണ് കളേഴ്‌സ് ട്രെന്‍ഡ്‌സിന്റെ വീഡിയോ എത്തുക. സീരിയല്‍ കാണാന്‍ കാത്തിരിക്കുന്നത് പോലെ ഫെയ്‌സ്ബുക്കിലുള്ള തങ്ങളുടെ ഫോളോവേഴ്‌സ് ആകാംക്ഷയോടെ പുതുവസ്ത്രങ്ങള്‍ക്കായി കാത്തിരിക്കാറുണ്ടെന്ന് നിഷ പറയുന്നു.

വില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തോടൊപ്പം യൂട്യൂബില്‍ നിന്നും ഫെയ്‌സ്ബുക്കില്‍ നിന്നും കണ്ടന്റ് മേക്കിംഗിനും വരുമാനം നേടാന്‍ കഴിയുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ധാരാളം എന്‍ക്വയറികള്‍ വരാറുണ്ട്. റീല്‍സ് ആയി പാട്ടുകള്‍ക്കൊപ്പം അപ്ലോഡ് ചെയ്യുന്നതിനാല്‍ കാഴ്ചക്കാര്‍ക്ക് എന്റര്‍ട്ടെയ്‌നിംഗ് ആണെന്നതാണ് ഇവിടെ സാഹായകമാകുന്നത്.

വ്യത്യസ്തമായി മുന്നോട്ട്

തുടര്‍ച്ചയായ കണ്ടന്റ് മേക്കിംഗ്, ഓരോ കമന്റുകളോടും ക്ഷമയോടെ പ്രതികരിക്കുന്ന രീതി, സോഷ്ടയല്‍മീഡിയയില്‍ സമയാധിഷ്ടിതമായി നടത്തുന്ന പോസ്റ്റിംഗ്, ട്രെന്‍ഡുകള്‍ വിലക്കുറവില്‍ അവതരിപ്പിക്കാന്‍ നടത്തുന്ന കഠിനാധ്വാനം. കസ്റ്റമര്‍ സപ്പോര്‍ട്ട് ഇതൊക്കെയാണ് കളേഴ്‌സ് ട്രെന്‍ഡ്‌സിനെ ഹിറ്റ് ആക്കി മാറ്റിയതെന്ന് നിഷ പറയുന്നു.

നിലവില്‍ 2,80,000 ത്തോളമാണ് ഫെയ്‌സ്ബുക്കില്‍ കളേഴ്‌സ് ട്രെന്‍ഡ്‌സിന്റെ ഫോളോവേഴ്‌സ്. ഇന്‍സ്റ്റാഗ്രാമിലും 7 മാസംകൊണ്ട് ഒന്നര ലക്ഷം ഫോളോവേഴ്‌സിനെ നേടാനായി കളേഴ്‌സ് ട്രെന്‍ഡ്‌സിന്. യൂട്യൂബ് ചാനല്‍ തുടങ്ങിയതും 2021 നവംബറില്‍ ആയിരുന്നെങ്കിലും മൂന്നു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടാനായി. നെഗറ്റീവ് കമന്റുകളോടും വളരെ പക്വതയോടെ പ്രതികരിക്കാന്‍ സോഷ്യല്‍മീഡിയ ടീമിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് നിഷ സൂരജ്.

'കസ്റ്റമര്‍ ഈസ് കിംഗ്' എന്നല്ല 'കസ്റ്റമര്‍ ഈസ് ഗോഡ്' എന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നിഷ പറയുന്നു. നൂറോളം വനിതകള്‍ക്ക് ഇപ്പോള്‍ തൊഴില്‍ നല്‍കുന്നുണ്ട്. ഇനിയും ഏറെ പേര്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആകുകയാണ് ലക്ഷ്യമെന്നും നിഷ വ്യക്തമാക്കുന്നു.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it