മനസ്സുവച്ചാല്‍ തലവര മാറും! എസ്ബിഐ സ്വീപ്പറില്‍ നിന്നും എജിഎം ആയി ഉയര്‍ന്ന പ്രതീക്ഷ ടോണ്ട്‌വോക്കര്‍ എന്ന പോരാളിയുടെ കഥ

ജീവിതം, കരിയര്‍ എന്നിവയൊക്കെ പലപ്പോഴും തെറ്റായ ദിശകളിലൂടെ സഞ്ചരിക്കാം. പലപ്പോഴും ജീവിതസാഹചര്യങ്ങളായിരിക്കാം ജോലി, ബിസിനസ് എന്നിവയിലൊക്കെയുള്ള നിങ്ങളുടെ ലക്ഷ്യങ്ങളില്‍ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുക. എന്നാല്‍ ജോലിയും ജീവിതവും എല്ലാം വാശിയോടെ കാണുന്നവര്‍ക്ക് മുന്നോട്ട് പോകാനുള്ള കനലുണ്ടാകും ഉള്ളില്‍. അവര്‍ തങ്ങളുടെ വാശികൊണ്ട് നേടിയെടുക്കുന്നത് മറ്റുള്ളവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളും ആയിരിക്കും. അത്തരമൊരു കഥയാണ് പ്രതീക്ഷ ടോണ്ട്വോക്കറിന്റേത്.

എസ്ബിഐ ബാങ്കിന്റെ സ്വീപ്പര്‍ ജോലിയില്‍ നിന്നും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയിലേക്കുയര്‍ന്ന പ്രതീക്ഷ.
ഒരുപാട് പേര്‍ക്ക് പ്രചോദനമാകാവുന്ന കഥയാണ് പ്രതീക്ഷയുടേത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐയുടെ) മുംബൈ ശാഖയില്‍ സ്വീപ്പറായി കരിയര്‍ തുടങ്ങിയ പ്രതീക്ഷ 37 വര്‍ഷത്തിന് ശേഷം എസ്ബിഐയുടെ തന്നെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (എജിഎം) ആയത് കെട്ടുപോകാത്ത ലക്ഷ്യബോധത്തിന്റെ കനല്‍ ഊതി മിനുക്കിയാണ്.
പൂനെയിലെ ഒരു സാധാരണ കുടുംബത്തിലാണ് 1964-ല്‍ പ്രതീക്ഷ ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കും മുമ്പ് തന്നെ തന്റെ 16 ാം വയസ്സില്‍ പ്രതീക്ഷ എസ്ബിഐയിലെ ബുക്ക് ബൈന്‍ഡിംഗ് ജോലിക്കാരനായിരുന്ന സദാശിവ് കടുവുമായി വിവാഹിതയായി. നേരത്തെ വിവാഹം കഴിച്ചതിനാല്‍ പത്താംക്ലാസ് പോലും പ്രതീക്ഷക്ക് പൂര്‍ത്തിയാക്കാനായില്ല. താമസിയാതെ, അവര്‍ അമ്മയുമായി.
പിന്നീടാണ് ജീവിതം മാറിമറിയുന്നത്. പ്രതീക്ഷയ്ക്ക് 20 വയസ്സുള്ളപ്പോള്‍ വാഹനാപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടമായി. മകനെ നോക്കാനും മറ്റു ബാധ്യതകള്‍ തീര്‍ക്കാനും അവള്‍ക്ക് ഒരു ജോലി അത്യാവശ്യമായിരുന്നുവെങ്കിലും വിദ്യാഭ്യാസ യോഗ്യത അവളെ അതിന് അനുവദിച്ചില്ല.
ഭര്‍ത്താവിന്റെ ശമ്പള ബാക്കിക്കായി എസ്ബിഐ സന്ദര്‍ശിച്ചതാണ് പ്രതീക്ഷ. ഭര്‍ത്താവിന്റെ ജോലി ലഭിച്ചില്ലെങ്കിലും തൂപ്പുകാരിയായെങ്കിലും താന്‍ എസ്ബിഐയില്‍ ജോലിചെയ്യാം എന്ന് പ്രതീക്ഷ അറിയിക്കുന്നു. അങ്ങനെയാണ് എസ്ബിഐയില്‍ ആശ്രിത നിയമനത്തില്‍ അവര്‍ ജോലിക്ക് കയറുന്നത്.
ബാങ്കിലെ ജീവനക്കാര്‍ ഉയര്‍ന്ന ശമ്പളത്തില്‍ മെച്ചപ്പെട്ട സൗകര്യത്തില്‍ ജീവിക്കുന്നത് കണ്ടപ്പോള്‍ പ്രതീക്ഷയ്ക്കും ജീവിതത്തില്‍ മുന്നേറണമെന്ന വാശിയായി. പിന്നീട് പഠനത്തിന്റെ ദിനങ്ങളായിരുന്നു. അങ്ങനെ കുട്ടിയെ നോക്കിയും പാഠങ്ങള്‍ പഠിച്ചും ഉറക്കമില്ലാത്ത ദിനരാത്രങ്ങള്‍. പരീക്ഷാ ഫോമുകള്‍ പൂരിപ്പിക്കുന്നതിലും പഠന സാമഗ്രികള്‍ നേടുന്നതിലുമെല്ലാം ബാങ്കിലെ ചില ഉദ്യോഗസ്ഥരും പ്രതീക്ഷയെ സഹായിച്ചു. പിന്നീട് നല്ലൊരു സുഹൃത്തായിരുന്ന പ്രമോദ് ടോണ്ട്വാക്കറുമായി 1993 ല്‍ അവര്‍ പുനര്‍വിവാഹിതയായി. കഷ്ടപ്പാടുകള്‍ക്കും കഠിനാധ്വാനത്തിനും ശേഷം ഒരു ട്രെയിനി ഓഫീസറായി എസ്ബിഐയില്‍ ജോലിക്ക് കയറുന്നതും അപ്പോഴാണ്. പിന്നീട് പല പല സ്ഥാനങ്ങളിലേക്കുള്ള പരീക്ഷകള്‍, പരീക്ഷണങ്ങള്‍. പരാജയങ്ങളെ പേടിക്കാതെ ഉറച്ച മനസ്സോടെ മുന്നോട്ട്.
പ്രകൃതി ചികിത്സയുള്‍പ്പെടെ ചില സ്‌കില്ലുകളും പ്രതീക്ഷ നേടിയെടുത്തു. ഇപ്പോള്‍ ബാങ്കില്‍ നിന്നും വിരമിച്ചതിനുശേഷവും റിട്ടയര്‍മെന്റ് കാലത്ത് പ്രകൃതി ചികിത്സ ആരംഭിച്ച് കരിയറിന്റെ മറ്റൊരു തലം ആശ്വദിക്കാനൊരുങ്ങുകയാണ് പ്രതീക്ഷ ടോണ്ട്വോക്കര്‍. പരാജയങ്ങളില്‍ തളര്‍ന്നു പോകുന്നവര്‍ക്ക് പ്രതീക്ഷയായി മാറുന്ന വ്യക്തിത്വം.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Next Story
Share it