ജേണലിസ്റ്റില്‍ നിന്ന് സംരംഭകയിലേക്ക്; ജീവിതത്തിലുണ്ടായ വലിയ മാറ്റം പങ്കുവച്ച് സുപ്രിയമേനോന്‍

ടൈ കേരളയുടെയും വിമന്‍ എന്‍ട്രപ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്ക് പ്ലാറ്റ്‌ഫോമിന്റെയും(WEN) സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിമന്‍ ഇന്‍ ബിസിനസ് കോണ്‍ക്ലേവില്‍ നിര്‍മാണ രംഗത്തേക്കെത്തിയ കഥ പറഞ്ഞ് സുപ്രിയ മേനോന്‍. സിഎന്‍ബിസിയിലും എന്‍ഡിടിവിയിലും ജേണലിസ്റ്റ് ആയി ജോലി ചെയ്തിരുന്ന സുപ്രിയ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ തലപ്പത്തേക്കെത്തിയ സംരംഭകഥ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. സിനിമയെക്കാള്‍ രസകരമാണ് അതെന്നായിരുന്നു സംരംഭകത്വത്തെക്കുറിച്ച് സുപ്രിയയുടെ വിശേഷണം.

''എല്ലാകഥകളുടെയും തുടക്കം ജേണലിസം കരിയറില്‍ നിന്നു തന്നെയായിരുന്നു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയായിരിക്കെ തീര്‍ത്തും അവിചാരിതമായാണ് അന്ന് പൃഥ്വിരാജിനെ പരിചയപ്പെടുന്നത്. സിനിമയെക്കുറിച്ച് ആകെ അറിയാമായിരുന്നത്, മലയാള സിനിമയിലെ രണ്ട് വലിയ 'എം' (മോഹന്‍ലാല്‍ മമ്മൂട്ടി) കളെക്കുറിച്ചാണ്. സിനിമയുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിനെ വിളിച്ചത്. പതിയെ സുഹൃത്തുക്കളായി. പിരിയാന്‍ കഴിയാത്ത ബന്ധം ഉണ്ടാകുകയും ചെയ്തു. അങ്ങനെയാണ് വിവാഹിതരാകുന്നത്.
2014 ല്‍ എനിക്ക് അലംകൃതയെ കിട്ടി, അതിനുശേഷം മാതൃത്വത്തിന്റേതായ കെട്ടുപാടുകളില്‍ ചുറ്റിപ്പിണഞ്ഞ് കുറച്ചു വര്‍ഷങ്ങള്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചു. ഇടയ്ക്ക് ജേണലിസത്തില്‍ ചില സംഭാവനകളും. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു അത്. ഈ സമയമായപ്പോഴേക്കും എനിക്ക് സിനിമയില്‍ താല്‍പര്യം തോന്നിത്തുടങ്ങി. പക്ഷേ എങ്ങനെ പ്രവര്‍ത്തിക്കണമെന്നോ അതിന്റെ പിന്നിലെ പ്രശ്‌നങ്ങളോ ഒന്നും എനിക്കറിയില്ല. ആദ്യം മുതലേ പൃഥ്വിയും ഞാനുംകൂടി സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പനി സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഒടുവില്‍ 2017 ല്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തുടങ്ങാന്‍ തീരുമാനിച്ചു.
ഏതൊരു സംരംഭത്തെപ്പോലെയും ആദ്യ പരീക്ഷണം വിജയമായിരുന്നില്ല. വ്യത്യസ്തമായിരുന്നെങ്കിലും 'Nine' എന്ന ചിത്രം അടിസ്ഥാനപരമായി വിജയമായിരുന്നില്ല. പക്ഷേ നയന്‍ എന്നിലെ നിര്‍മാതാവിനെ കണ്ടെത്തിയ ചിത്രമാണ്. എല്ലാവര്‍ക്കും വളരാനുള്ള പിന്തുണ കിട്ടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സമീപിക്കാനും സംസാരിക്കാനും ഞാന്‍ ഇവിടെയുണ്ട്. കൂടുതല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നു.'' സുപ്രിയ പറയുന്നു.
മറ്റു വലിയ മേഖലകള്‍ പോലെയാണ് ഏറെ കഠിനാധ്വാനവും റിസ്‌കുകളും നിറഞ്ഞ ഒരു വലിയ വ്യവസായമാണ് സിനിമ. ധാരാളം അവസരങ്ങളുണ്ട്, ആ അവസരങ്ങള്‍ സ്ത്രീകള്‍ക്ക് പ്രാപ്യമാക്കണം, അതാണ് എന്റെ ലക്ഷ്യമെന്നും സുപ്രിയ കൂട്ടിച്ചെര്‍ത്തു.

Video Link :

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it