നൈകയുടെ വിജയം ഫാല്‍ഗുനി നയ്യാറിനെ 'ഏറ്റവും സമ്പന്ന വനിത'യാക്കിയ കഥ!
ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത് ആദ്യ ദിനം തന്നെ നൈക വമ്പന്‍ ഹിറ്റായി. 2,248 രൂപ അഥവാ ലിസ്റ്റ് ചെയ്തതിന്റെ ഇരട്ടിയോളം തുകയ്ക്ക് ഓഹരികള്‍ വിപണിയില്‍ വിറ്റഴിച്ചപ്പോള്‍ ആദ്യ ദിനം ഉച്ചയോടെ തന്നെ 53.5 ബില്യണ്‍ ഡോളറാണ് വിപണിയില്‍ നിന്ന് നൈക സമാഹരിച്ചത്. ഇന്ന് നൈകയുടെ സഹസ്ഥാപകയായ ഫാല്‍ഗുനി നയ്യാരുടെയും കുടുംബത്തിന്റെയും ഓഹരി ഇപ്പോള്‍ 7.5 ബില്യണ്‍ ഡോളറിലധികം മൂല്യമുള്ളതാണ്.
വനിത
ഓഹരിമൂല്യമുയര്‍ന്നതോടെ ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതാ സംരംഭകരില്‍ ഒരാളായി ഫാല്‍ഗുനി മാറി. നിരവധി റെക്കോര്‍ഡുകളും ഫാല്‍ഗുനി നേടി. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ സ്വന്തം പ്രയത്‌നം കൊണ്ട് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരിയായി. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 20 വ്യക്തിത്വങ്ങളില്‍ ഒരാള്‍, ഒപ്പം നൈകയുടെ മാതൃ കമ്പനിയായ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ വനിതാ യുണികോണും ആയി.
ലിസ്റ്റിംഗ് നടന്ന നവംബര്‍ 10 ന് തന്നെ നൈക്കയുടെ ഓഹരി വില 89 ശതമാനം കുതിച്ചുയര്‍ന്നു. ഇതോടെ കമ്പനിയുടെ 50 ശതമാനത്തോളം ഓഹരികള്‍ കൈവശം വെച്ചിരിക്കുന്ന ഫാല്‍ഗുനിയുടെ ആസ്തിയും കോടികളുടെ മൂല്യത്തിലേക്കുയര്‍ന്നു. 650 കോടി ഡോളര്‍ അഥവാ 48,350 കോടി രൂപയായിരുന്ന ആസ്തി ഇന്ന് 750 കോടി ഡോളറാണ്. രാജ്യത്ത് ഓണ്‍ലൈന്‍ ഫാഷന്‍, ബ്യൂട്ടി, കോസ്‌മെറ്റിക്‌സ് രംഗത്തെ ഏറ്റവും വലിയ വില്‍പ്പനക്കാരാണ് നൈക.
'ബാങ്കര്‍' ടു 'ബില്യണയര്‍'
ഫാല്‍ഗുനി നയ്യാര്‍ ബാങ്കിംഗ് പ്രൊഫഷണലില്‍ നിന്നും ഇന്ത്യയിലെ ഏറ്റവും സമ്പന്നയായി ഉയരുന്നത് വരെ നൈകയുടെ വിജയവും ഒരു വ്യത്യസ്ത വിജയകഥ തന്നെയായി കൂട്ടിവായിക്കാം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ മൂലധന വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന നിരവധി സംരംഭങ്ങളുടെ സാരഥികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി, അവരുടെ വിദേശ രാജ്യങ്ങളിലെ റോഡ് ഷോകള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് പ്രൊഫഷണല്‍ ആയിരുന്നു ഫാല്‍ഗുനി. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍.
വര്‍ഷങ്ങളോളം പ്രൊഫഷണലായി തുടര്‍ന്ന ഫാല്‍ഗുനി അമ്പതാം വയസിലായിരുന്നു തന്റെ പാഷനെ ഇന്ത്യയിലെ ഏറ്റവും വലിയ ഫാഷന്‍ ഓണ്‍ലൈന്‍ ബ്രാന്‍ഡാക്കി മാറ്റാനുള്ള യാത്ര തുടങ്ങിയത്. ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ നേരിട്ട് കണ്ടറിഞ്ഞ കാര്യങ്ങളും സ്വന്തം പാഷനും തുല്യമായ അളവില്‍ ചേര്‍ത്ത് ഫാല്‍ഗുനി സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടു.
ഇന്ത്യന്‍ സ്ത്രീകളുടെ വെസ്റ്റേണ്‍ ഇഷ്ടങ്ങള്‍ ചേര്‍ത്ത് ഇന്തോ-വെസ്‌റ്റേണ്‍ ഫാഷന്‍ നല്‍കുന്ന ഫാഷന്‍ എക്‌സ്‌പേര്‍ട്ട് ആയി നൈക്ക വളര്‍ന്നു. കത്രീന കൈഫ് അംബാസഡറായത്മുതല്‍ ബോളിവുഡ് ടോളിവുഡ് നായികമാരെല്ലാം നൈകയുടെ മുഖമായി.
1434 ലേറെ ബ്രാന്‍ഡുകളിലുള്ള 2.8 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ നൈകയിലൂടെ വില്‍ക്കുന്നുണ്ട്. ഇ-കോമേഴ്സിനപ്പുറം ഓഫ്ലൈന്‍ സ്റ്റോറുകളും തുറന്നു. 2012 ല്‍ തുടങ്ങിയ എഫ്എസ്എന്‍ ഇ -കോമേഴ്സിന്റെ കീഴിലെ നൈകയ്ക്ക് ഇന്ത്യയിലെ 40 നഗരങ്ങളിലായി 80 സ്റ്റോറുകളുണ്ട്. 2020 ല്‍ കമ്പനി യൂണികോണായി.
കുടുംബ ബിസിനസ്
ഗുജറാത്തി കുടുംബമായ ഫാല്‍ഗുനി നയ്യാറിന്റെ ഭര്‍ത്താവ് സഞ്ജയ് നയ്യാര്‍, ഇരട്ടകളായ മക്കള്‍ അദ്വൈത നയ്യാര്‍, അന്‍ജിത് നയ്യാര്‍ എന്നിവരെല്ലാം നൈകയുടെ സാരഥ്യത്തിലുണ്ട്. സഞ്ജയ് നയ്യാര്‍ കമ്പനിയുടെ നോണ്‍ എക്സിക്യുട്ടീവ് ഡയറക്റ്റാണ്. ഇദ്ദേഹത്തിന് ബാങ്കിംഗ്, പ്രൈവറ്റ് ഇക്വിറ്റി രംഗത്ത് 35 വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. ടെക്നോളജി, മാര്‍ക്കറ്റിംഗ്, ഉല്‍പ്പന്ന ശ്രേണി വികസനം ഇവ മൂന്നിനുമാണ് പ്രധാനമായും നൈക ഇതുവരെ വന്‍തോതില്‍ നിക്ഷേപം നടത്തിയത്. ഇവ മൂന്നും ഇ - കോമേഴ്സ് വമ്പന്മാരായ ആമസോണ്‍, വാള്‍മാര്‍ട്ട് എന്നിവയുമായി മത്സരിച്ച് മുന്നില്‍ നില്‍ക്കാന്‍ നൈകയെ പിന്തുണയ്ക്കുന്നു.