വീട്ടമ്മയില്‍നിന്ന് 7,000 തൊഴിലാളികളുടെ അമരത്തേക്ക്, ഇത് ഹസീന നിഷാദിന്റെ വിജയഗാഥ

വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പം യുഎഇയിലേക്ക് പോകുമ്പോള്‍ ഹസീന നിഷാദ് എന്ന കണ്ണൂരുകാരി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല, വര്‍ഷങ്ങള്‍ക്കിപ്പുറം ഏഴായിരത്തിലധികം തൊഴിലാളികളുള്ള ഒരു കമ്പനിയുടെ തലപ്പത്തേക്കുള്ള യാത്രയായിരിക്കും അതെന്ന്... 2008 ല്‍ പ്രവാസലോകത്തേക്ക് കടന്ന കണ്ണൂര്‍ ജില്ലയിലെ നാട്ടിന്‍പുറത്തുകാരിയായ ഹസീന നിഷാദ് ഒരേസമയം നയിക്കുന്നത്, യുഎഇയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു കമ്പനിയെയും നാല് മക്കളും ഭര്‍ത്താവുമടങ്ങിയ കുടുംബത്തെയുമാണ്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ്സ്റ്റാര്‍ ഹോള്‍ഡിംഗ്സ് കമ്പനിയുടെ മാനേജിങ് ഡയറക്റ്ററാണ് ഹസീന നിഷാദ്. ഗൃഹഭരണത്തോടൊപ്പം ബിസിനസില്‍ ഗള്‍ഫില്‍ വിജയഗാഥകള്‍ തീര്‍ക്കുകയാണ് ഈ മുപ്പത്തിരണ്ടുകാരി.

ബിരുദപഠനം പൂര്‍ത്തിയാക്കി വിവാഹശേഷം യുഎഇയില്‍ എത്തിയപ്പോള്‍, തന്റെ സഹോദരിമാരെ പോലെ ഒരുനല്ല വീട്ടമ്മയാകാനുള്ള ഒരുക്കത്തിലായിരുന്നു ഹസീന. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറം വ്യവസായിയായ ഭര്‍ത്താവ് നിഷാദ് ഹുസൈനെ പിന്തുണച്ച്, ഒടുവില്‍ വലിയൊരു കമ്പനിയുടെ എംഡിയായി ഹസീന മാറി. കേരളത്തിലെ ഗ്രാമീണമേഖലയിലെ, യാഥാസ്ഥിതിക കുടുബത്തില്‍നിന്നുള്ള പെണ്‍കുട്ടി, ഇന്ന് മാനവ വിഭവശേഷി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ അറിയപ്പെടുന്ന വേള്‍ഡ്സ്റ്റാര്‍ ഹോള്‍ഡിംഗ്സിന്റെ ചുക്കാന്‍ പിടിക്കുന്നു. 'ഞാന്‍ യുഎഇയില്‍ എത്തിയപ്പോള്‍ മുതല്‍, കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഭര്‍ത്താവില്‍ നിന്ന് കേള്‍ക്കാറുണ്ടായിരുന്നു, അതുകൊണ്ട് തന്നെ മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതോടൊപ്പം, ബിസിനസ് തന്ത്രങ്ങളെക്കുറിച്ചും അതില്‍ അഭിമുഖീകരിക്കേണ്ട പ്രശ്നങ്ങളെക്കുറിച്ചും ഓരോദിവസവും ഞാന്‍ കാര്യങ്ങള്‍ പഠിച്ചെടുത്തു' - ഹസീന ധനത്തോട് പറഞ്ഞു.
ബിസിനസിലേക്കുള്ള കടന്നുവരവ്

2014ല്‍ മക്കളെല്ലാം സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് ഹസീന, ഭര്‍ത്താവ് നിഷാദിനൊപ്പം ബിസിനസ് രംഗത്തേക്ക് കടന്നുവന്നത്. 'പഠിക്കുന്ന കാലത്ത് ജോലി ചെയ്യണമെന്ന് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു. കല്യാണശേഷം ആ ആഗ്രഹങ്ങള്‍ക്ക് ഒന്നും ഒരു തടസവുമുണ്ടായില്ല. ഭര്‍ത്താവില്‍ നിന്നും പൂര്‍ണ പിന്തുണയും പ്രോത്സാഹനവും എനിക്ക് ലഭിച്ചു. എന്തായാലും, എന്റെ ബിരുദം കൊമേഴ്സിലായിരുന്നു, പഠിച്ച വിഷയത്തോട് നീതി പുലര്‍ത്താന്‍ സാധിച്ചുവെന്ന സന്തോഷം എനിക്കുണ്ട്. ഞങ്ങളുടെ തൊഴിലാളികളുടെ ക്ഷേമത്തിന് ഞങ്ങള്‍ എല്ലായ്പ്പോഴും വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്. അവരുടെ ക്ഷേമവും സംതൃപ്തിയുമാണ് ഞങ്ങളുടെ വിജയത്തിന് പിന്നിലെ രഹസ്യം. അത് കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഞാന്‍ വ്യക്തിപരമായ താല്‍പ്പര്യം കാണിക്കാറുണ്ട്' ഹസീന തന്റെ ബിസിനസിലേക്കുള്ള കടന്നുവരവിനെ കുറിച്ച് പറയുന്നു.


ഹസീന നിഷാദും കുടുംബവും


യുഎഇയുടെ നിരവധി വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങളിലും തങ്ങളുടെ കമ്പനിയുടെ പങ്കാളിത്തമുണ്ടെന്ന് ഹസീന നിഷാദ് അഭിമാനത്തോടെ പറയുന്നു. ദുബായ് എക്സ്പോ, ഫ്യൂച്ചര്‍ മ്യൂസിയം, ദുബായ് മാള്‍, ബുര്‍ജ് ഖലീഫ, ദുബൈ മെട്രോ, ദുബായ് ഫ്രെയിം തുടങ്ങിയവയ്ക്ക് പിന്നിലെല്ലാം വേള്‍ഡ്സ്റ്റാറിന്റെ ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാനമുണ്ടായിരുന്നു. ഇപ്പോള്‍ യുഎയിലെ ഏറ്റവും വലിയ പ്രോജക്റ്റുകളിലൊന്നായ ഇത്തിഹാദ് റെയ്ല്‍വേ യാഥാര്‍ത്ഥ്യമാക്കാനുള്ള തീവ്രശമത്തിലാണ് വേള്‍ഡ്‌സ്റ്റാറിന്റെ തൊഴിലാളികള്‍. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത്, ജോലി നഷ്ടപ്പെട്ട ആയിരങ്ങള്‍ക്ക് തൊഴില്‍ നല്‍കി ഏവരുടെയും ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട് ഈ യുവ സംരംഭക. 'ലോക്ക്ഡൗണ്‍ കാലത്ത് പലരും ശമ്പളം നല്‍കാതിരിക്കുകയും, വെട്ടിക്കുറക്കുകയുമൊക്കെ ചെയ്തപ്പോള്‍ ഞങ്ങള്‍ തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം നല്‍കി, കോവിഡ് സമയത്ത് രണ്ടായിരത്തോളം ആളുകള്‍ക്ക് ജോലി നല്‍കാനും സാധിച്ചു'' ഹസീനപറഞ്ഞു.

കോവിഡ് കാലത്താണ് ഹസീന തന്റെ നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. സന്തോഷകരമായി കുടുംബം നടത്തുക എന്ന തന്റെ സ്വപ്നവുമായി ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്ന് അവര്‍ തീരുമാനിച്ചു. ''എന്റെ കുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതില്‍ ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. അവരുടെ എല്ലാ സ്‌കൂള്‍ പ്രോഗ്രാമുകളിലും ഞാന്‍ എപ്പോഴും പങ്കെടുക്കുകയും പഠനത്തില്‍ സഹായിക്കുകയും പരിപാലിക്കുകയും ചെയ്യുന്നുണ്ട്. അവരില്‍ ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ ബിസിനസ് കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാറില്ല. എന്തിനെയും നേരിടാനുള്ള ആത്മവിശ്വാസവും സത്യസന്ധതയുമുണ്ടെങ്കില്‍ കുടുബ ജീവിതവും ബിസിനസും വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. 'കല്യാണം കഴിഞ്ഞു കുട്ടികളായി, ഇനി എനിക്ക് എവിടെയാണ് സമയം' എന്ന് ചിന്തിക്കാതെ, നമുക്ക് ലഭിക്കുന്ന ചെറിയ സമയം പോലും കൃത്യമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ആര്‍ക്കും വിജയകരമായി മുന്നേറാന്‍ സാധിക്കുമെന്നാണ് ഹസീന നിഷാദ് പറയുന്നു.


Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it