ഗീത ഗോപിനാഥ്, ലീന നായര്‍: മലയാളികള്‍ക്ക് അഭിമാനമായി ഈ വനിതാരത്‌നങ്ങള്‍

2022 ജനുവരി. ലോകത്ത് രണ്ട് സ്ത്രീകള്‍, അതും കേരളത്തില്‍ വേരുകളുള്ളവര്‍ പുതുചരിത്രമെഴുതും. അന്താരാഷ്ട്ര നാണയനിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്ററായി (എഫ് ഡി എം ഡി) ഗീതാ ഗോപിനാഥ് ജനുവരി 21 ന് സ്ഥാനമേറ്റു. ലക്ഷ്വറി ഫാഷന്‍ രംഗത്തെ ലോകോത്തര ഫ്രഞ്ച് കമ്പനിയായ ഷ്‌നെലിന്റെ (Chanel) ഗ്ലോബല്‍ ചീഫ് എക്‌സിക്യുട്ടീവ് പദവിയിലേക്ക് ആദ്യമായൊരു ഇന്ത്യന്‍ വംശജ, ലീന നായര്‍, കടന്നുവരുന്നതും ഈ ജനുവരിയില്‍ തന്നെ. അങ്ങനെ പെപ്‌സികോ മേധാവിയായിരുന്ന ഇന്ദ്ര നൂയിക്കു ശേഷം ആഗോള കമ്പനിയെ നയിക്കാന്‍ ഒരു ഇന്ത്യന്‍ വനിത നിയോഗിക്കപ്പെടുകയാണ്.

ഗീതാ ഗോപിനാഥും ലീന നായരും പുതിയ പദവികളില്‍ അവരോധിക്കപ്പെടുമ്പോള്‍ കേരളത്തിനും അഭിമാന ിമിഷമാണ്. ഇപ്പോള്‍ അമേരിക്കന്‍ പൗരത്വമുള്ള ഗീത ഗോപിനാഥിന്റെയും ഷ്‌നെലിന്റെ തലപ്പത്തേക്ക് ആദ്യമായെത്തുന്ന വനിതയായ ബ്രിട്ടീഷ് പൗരത്വമുള്ള ലീന നായരുടെയും കുടുംബ വേരുകള്‍ ഇവിടെ കേരളത്തിലാണ്.
ഗീതയുടെ അച്ഛന്‍ ടി വി ഗോപിനാഥും അമ്മ വി സി വിജയലക്ഷ്മിയും കണ്ണൂരുകാരാണ്. കോലാപൂരില്‍ ജനിച്ച് വളര്‍ന്ന ലീന നായരുടെ പിതാവ് പരേതനായ മുകുന്ദന്‍ മേനോന്‍ മലയാളിയാണ്. കോലാപൂരില്‍ മുകുന്ദന്‍ മേനോന്‍ സ്ഥാപിച്ച മേനോന്‍ ആന്‍ഡ് മേനോന്‍ പിസ്റ്റണ്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് എന്ന കമ്പനി ഇന്ന് നയിക്കുന്നത് അദ്ദേഹത്തിന്റെ സഹോദന്റെ മകനാണ്.
ലോകത്തുതന്നെ അധികം സ്ത്രീകള്‍ വെന്നിക്കൊടി പാറിക്കാത്ത മേഖലകളിലാണ് ഗീത ഗോപിനാഥും ലീന നായരും ഉയരെ പറന്ന് ചരിത്രമെഴുതുന്നത്. ഇക്കണോമിക്‌സ് സ്ത്രീകള്‍ക്ക് അത്രവഴങ്ങുമോ എന്ന സംശയാലുകള്‍ ഇപ്പോഴും ലോകത്തുള്ളപ്പോഴാണ് അന്താരാഷ്ട്ര നാണയ നിധിയുടെ തലപ്പത്തേക്ക് ഗീത ഗോപിനാഥ് എത്തുന്നത്. ജെഫ്രി ഒകോമാട്ടോയും പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുന്ന ഗീത ഗോപിനാഥ് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോര്‍ജീവയുടെ കീഴിലാകും സേവനമനുഷ്ഠിക്കുക. ഐഎംഎഫിന്റെ നേതൃപദവികള്‍ രണ്ടു വനിതകള്‍ കൈകാര്യം ചെയ്യുന്നതും ഇതാദ്യമായാണ്.
പുരുഷമേധാവിത്വമുള്ള മേഖലയില്‍ സധൈര്യം കടന്നുകയറി വിജയത്തിന്റെ പടവുകള്‍ ലീന നായരും ചവിട്ടിക്കയറുകയായിരുന്നു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ലീന നായര്‍ തനിക്ക് എങ്ങനെ ഈ കഴിവാര്‍ജ്ജിക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്. ''എന്‍ജിനീയറിംഗിന് പഠിക്കുമ്പോള്‍ എന്റെ കോളെജില്‍ 3000 ആണ്‍കുട്ടികളും 18 പെണ്‍കുട്ടികളുമാണുണ്ടായിരുന്നത്. ആ നാല് വര്‍ഷക്കാലം എന്നെ ശരിക്കും പരുവപ്പെടുത്തി. നല്ല തൊലിക്കട്ടി നേടിയത് അപ്പോഴാണ്. പുരുഷമേധാവിത്വമുള്ള ഒരു ലോകത്ത് എങ്ങനെ പിടിച്ചുനില്‍ക്കാമെന്ന് ഞാന്‍ പഠിച്ചത് അവിടെ വെച്ചാണ്.''
സാധാരണ സാഹചര്യങ്ങളില്‍ വളര്‍ന്ന് അസാധാരണ നേട്ടങ്ങള്‍ കൈപിടിയിലാക്കിയ ഗീതയുടെയും ലീനയുടെയും ജീവിതയാത്രയില്‍ നിന്നെടുക്കാം ഉയരങ്ങളിലേക്ക് കുതിക്കുന്നതിനുള്ള ഊര്‍ജ്ജം.
'ആദ്യത്തെ വനിത' ഈ ബഹുമതി പേരില്‍ ചേര്‍ക്കാന്‍ കൊതിച്ച ലീന നായര്‍
മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിന്ന് ഷ്‌നെലിന്റെ ആദ്യ വനിതാ സാരഥിയായി ലീന നായര്‍ എത്തിയതെങ്ങനെ?
ജനിച്ച് വളര്‍ന്ന കോലാപൂര്‍ പട്ടണത്തെ എന്നും നെഞ്ചേറ്റുന്ന ലീന നായര്‍ ഇപ്പോള്‍ ഫ്രഞ്ച് ഫാഷന്‍ ഹൗസായ ഷ്‌നെലിന്റെ സാരഥ്യത്തില്‍ എത്തിനില്‍ക്കുന്നുണ്ടെങ്കില്‍ അതിന് കാരണം കുട്ടിക്കാലം മുതലുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള യാത്രയാണ്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ചീഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഓഫീസര്‍ (സിഎച്ച്ആര്‍ഒ) പദവി ഒഴിഞ്ഞാണ് ഷ്‌നെലിലേക്ക് ചേക്കേറുന്നത്. ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതാണ് ലീന നായരുടെ ജീവിതയാത്ര.
വലുത്, വലുത് മാത്രം സ്വപ്‌നം കാണുക
കോലാപൂരിലെ ഹോളിക്രോസ് കോണ്‍വെന്റിലായിരുന്നു ലീന നായരുടെ സ്‌കൂള്‍ വിദ്യാഭ്യാസം. ''സ്‌കൂള്‍ കാലഘട്ടം മുതല്‍ ഞാന്‍ അങ്ങേയറ്റം ഫോക്കസ്ഡായിരുന്നു. കഠിനാധ്വാനിയും. ലോകത്തെ എന്തെങ്കിലും വലിയ കാര്യങ്ങള്‍ ചെയ്യുന്ന ആദ്യത്തെ വനിത എന്ന ബഹുമതി പേരില്‍ ചേര്‍ക്കണമെന്ന മോഹം കുട്ടിക്കാലം മുതലുണ്ടായിരുന്നു,'' ലീന നായര്‍ തന്നെ അടുത്തിടെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ പറയുന്നു. സാംഗ്ലിയിലെ വാള്‍ചന്ദ് കോളെജില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ശേഷം ജാംഷഡ്പൂര്‍ തഘഞക ല്‍ ഹ്യൂമണ്‍ റിസോഴ്‌സസില്‍ എംബിഎയ്ക്ക് ചേര്‍ന്നു. ഗോള്‍ഡ് മെഡലോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്.
1992ലാണ് ലീന നായര്‍ യൂണിലിവറില്‍ മാനേജ്‌മെന്റ് ട്രെയ്‌നിയായി ജോലിയില്‍ പ്രവേശിക്കുന്നത്. കരിയറില്‍ പിന്നീട് വളര്‍ച്ച മാത്രമായിരുന്നു. 2016ല്‍ യൂണിലിവറിന്റെ ചീഫ് ഹ്യൂമണ്‍ റിസോഴ്‌സസ് ഓഫീസര്‍ പദവിയിലെത്തുമ്പോള്‍ ആ റോള്‍ വഹിക്കുന്ന ആദ്യ വനിതയും ആദ്യ ഏഷ്യക്കാരിയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി ലീന. കുട്ടിക്കാലത്തെ ഒരു മോഹം അങ്ങനെ സാക്ഷാത്കരിച്ചു.
ഷ്‌നെലിനും ഫാഷന്‍ ലോകത്തിന് പുറത്തുനിന്നുള്ള വ്യക്തിയെ സാരഥിയാക്കുന്ന ചരിത്രമില്ല. അതാണ് ഇപ്പോള്‍ ലീന പൊളിച്ചെഴുതിയിരിക്കുന്നത്.
മാറ്റത്തിനായി കാത്തുനില്‍ക്കരുത്, നിങ്ങള്‍ മാറ്റമാവുക
വിദ്യാര്‍ത്ഥികളോടും യുവാക്കളോടുമുള്ള സംസാരത്തിലെല്ലാം ലീന നായര്‍ എടുത്തുപറയുന്ന കാര്യമുണ്ട്. ഒരു നേതാവ് വന്ന് കാര്യങ്ങള്‍ നേരെയാക്കുമെന്ന് ചിന്തിച്ച് നില്‍ക്കരുത്. നിങ്ങള്‍ തന്നെ നേതൃത്വം ഏറ്റെടുക്കുക. മാറ്റം നിങ്ങള്‍ തന്നെ വരുത്തുക. ഇതെല്ലാം വെളിവാക്കാന്‍ സ്വന്തം ജീവിതത്തിലെ അനുഭവം തന്നെ ഒരിടത്ത് പറയുന്നുണ്ട് ലീന. മൂബൈ ഭീകരാക്രമണം നടന്നപ്പോള്‍ താജ് ഹോട്ടലില്‍ ലീനയും ഭര്‍ത്താവും യൂണിലീവറിന്റെ ടോപ് മാനേജ്‌മെന്റ് ടീമും ഉണ്ടായിരുന്നു. ബുള്ളറ്റുകള്‍ ചീറിപ്പാഞ്ഞ, ഏറെ പേര്‍ കൊല്ലപ്പെട്ട ആ രാത്രി മുഴുവന്‍ ജീവന്‍ എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്ന ഭീതിയോടെയായിരുന്നു അവര്‍ തള്ളിനീക്കിയത്. ''അവിടെ 24 വയസുള്ള ഒരു പെണ്‍കുട്ടിയായിരുന്നു ഞങ്ങളുടെ കാര്യങ്ങളെല്ലാം ഏകോപിപ്പിച്ചിരുന്നത്. ഹോട്ടലില്‍ ഭീകരാക്രമണം നടക്കുമ്പോള്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ പരിശീലനമൊന്നും ആ കുട്ടിക്ക് ലഭിച്ചിരുന്നില്ല. കാരണം അതൊക്കെ അപ്രതീക്ഷിതവും അവിചാരിതവുമായ കാര്യങ്ങളാണല്ലോ. പക്ഷേ ആ പെണ്‍കുട്ടി സമചിത്തത വെടിയാതെ ആ രാത്രി മുഴുവന്‍ നിലകൊണ്ടു. പിറ്റേന്ന് പുലര്‍ച്ചെ രക്ഷപ്പെടാനുള്ള വഴി തുറന്നപ്പോള്‍ യൂണിലിവര്‍ മേധാവി ആ കുട്ടിയോട് ആദ്യം പുറത്തുകടക്കാന്‍ പറഞ്ഞു. പക്ഷേ അവളുടെ മറുപടി അത്ഭുതപ്പെടുത്തി. ''നിങ്ങള്‍ ഞങ്ങളുടെ അതിഥികളാണ്. ആദ്യം നിങ്ങള്‍ രക്ഷപ്പെടുക. അതിനുശേഷം ഹോട്ടല്‍ ജീവനക്കാര്‍. ഒടുവിലായി ഞാന്‍ വരാം,'' ഇതാണ് ലീഡര്‍ഷിപ്പ്. '' ലീന നായര്‍ പറയുന്നു.
സ്വപ്‌നങ്ങള്‍ മറ്റുള്ളവര്‍ തീരുമാനിക്കാന്‍ അനുവദിക്കരുത്
തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത് സ്വന്തം പിതാവാണെന്ന് വെളിപ്പെടുത്തുന്നുണ്ട് ലീന നായര്‍. ''പിതാവ് ഒരിക്കലും എന്റെ സ്വപ്‌നങ്ങള്‍ക്ക് എതിരു നിന്നില്ല. ആഗ്രഹിക്കുന്നതെന്തോ അവയെല്ലാം നേടിയെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് അദ്ദേഹം പകര്‍ന്നത്. എത്ര വേണമെങ്കിലും ഉയരെ പറക്കാന്‍ അദ്ദേഹം പ്രചോദിപ്പിച്ചുകൊണ്ടോയിരുന്നു.'' സ്വപ്‌നങ്ങള്‍ തല്ലിക്കൊഴിക്കാന്‍ പുറത്തുനിന്നുള്ളവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. വലിയ പ്രോത്സാഹനമൊന്നും ചില്ലപ്പോള്‍ ലഭിച്ചെന്നുവരില്ല. പക്ഷേ പുറമേ നിന്നുള്ളവര്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ മാറ്റിയെഴുതാന്‍ അനുവദിക്കരുതെന്നും ലീന പറയുന്നു.
2021 ല്‍ ഫോര്‍ച്യൂണ്‍ മാഗസിന്റെ മോസ്റ്റ് പവര്‍ഫുള്‍ വിമന്‍ പട്ടികയില്‍ ഇടം നേടിയ ലീന നായര്‍ ബിസിനസില്‍ പുലര്‍ത്തുന്ന മനുഷ്യകേന്ദ്രീകൃതമായ സമീപനം ലോകമെമ്പാടും പരക്കെ പ്രശംസപിടിച്ചുപറ്റിയിട്ടുണ്ട്. ''നിങ്ങള്‍ നിങ്ങളുടെ ടീമിനെ നല്ല രീതിയില്‍ പരിപാലിച്ചാല്‍, അവര്‍ നിങ്ങളുടെ ബിസിനസിനെയും പരിപാലിക്കും,'' ഇതാണ് ഫോര്‍ച്യൂണ്‍ മാഗസിന്‍ അഭിമുഖത്തില്‍ ലീന പറഞ്ഞ ഒരു വാചകം.
ചീഫ് ഹ്യൂമണ്‍ റിസോഴ്‌സ് ഓഫീസര്‍ എന്ന റോളിനപ്പുറം കടന്നുള്ള സേവനങ്ങളാണ് ലീന യൂണിലീവറിന് നല്‍കിയതെന്ന് യൂണിലിവര്‍ സിഇഒ അലന്‍ ജോപ് പറയുന്നു. യൂണിലീവറിനെ ഫ്യൂച്ചര്‍ ഫിറ്റ് ഓര്‍ഗനൈസേഷനാക്കാന്‍ ലീന നായര്‍ വഹിച്ച പങ്കിനെ എടുത്ത് പറയുന്നുണ്ട് പ്രശംസിക്കാനും അദ്ദേഹം മറന്നില്ല.
ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കോവിഡ് മഹാമാരിക്കാലത്ത് എങ്ങനെയാണ് പോസിറ്റീവായി നിലകൊള്ളാന്‍ സാധിച്ചതെന്ന് തുറന്നുപറയുന്നുണ്ട് അവര്‍. ''കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാത്രിയില്‍ ഞാന്‍ ഗ്രാറ്റിറ്റിയൂഡ് ജേര്‍ണല്‍ മുടങ്ങാതെ എഴുതാറുണ്ട്. എല്ലാ ദിവസവും രാവിലെ 20 മിനിട്ട് മെഡിറ്റേഷനും പതിവാണ്. ഈ രണ്ട് ലളിതമായ കാര്യങ്ങളും സന്തുലിതമായിരിക്കാന്‍ ഏറെ സഹായിക്കുന്നു.''
യൂണിലിവറിലെ ബോളിവുഡ് ഡാന്‍സന്‍ എന്ന പേരും ലീനയ്ക്കുണ്ടായിരുന്നു. ഏത് വേദിയിലും നൃത്തം നൃത്തം ചെയ്യാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്താത്ത ലീന ആഴ്ചയില്‍ കുറച്ചുനേരമെങ്കിലും നൃത്തത്തിനും സമയം കണ്ടെത്തുന്നു.
ഷ്‌നെലിന്റെ ഗ്ലോബല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതയായ ഉടന്‍ കൊല്‍ക്കത്തയിലെ അനിരുദ്ധ ലാഹിരിയെ തേടി ലീന നായരുടെ ഫോണ്‍ കോള്‍ വന്നു. നന്ദി പറഞ്ഞുകൊണ്ട്. ജാംഷെഡ്പൂര്‍ XLRI യില്‍ കാംപസ് റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍, ഹിന്ദുസ്ഥാന്‍ ലീവര്‍ ലിമിറ്റഡ് (ഇന്നത്തെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍) എച്ച് ആര്‍ ഡയറക്റ്ററായിരുന്നു അനിരുദ്ധ് ലാഹിരി. ''കാംപസ് റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ലീന എച്ച് എല്‍ എല്ലിന്റെ ചര്‍ച്ച്‌ഗേറ്റിലെ ഓഫീസിലെത്തുമ്പോള്‍ ഞാന്‍ തിരക്കിലായിരുന്നു. ലീനയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് മികച്ച ഓഫര്‍ ലഭിച്ചുവെന്നും മിക്കവാറും എച്ച് എല്‍ എല്ലില്‍ ജോയ്ന്‍ ചെയ്യില്ലെന്നും റിപ്പോര്‍ട്ട് കിട്ടിയ ഉടന്‍ ഞാന്‍ ലീനയെ തിരക്കി. അപ്പോഴേക്കും ലീന പുറത്തിറങ്ങിയിരുന്നു.
ഞാന്‍ അഞ്ച് നിലകള്‍ അതിവേഗം ഇറങ്ങി താഴെയെത്തി. സെക്യൂരിറ്റിയോട് പറഞ്ഞ് ലീനയെ തിരികെ വിളിച്ചു. ഒരു കോഫി കുടിക്കാന്‍ ക്ഷണിച്ചു. ഏതാനും മണിക്കൂറുകള്‍ ഞങ്ങള്‍ സംസാരിച്ചു. എച്ച് എല്‍ എല്‍ എന്ന കമ്പനി നല്‍കുന്ന അവസരം ബോധ്യപ്പെടുത്തി. അങ്ങനെയാണ് ലീന തീരുമാനം മാറ്റി എച്ച്എല്‍എല്ലിനൊപ്പം ചേര്‍ന്നത്,'' ടെലഗ്രാഫ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അനിരുദ്ധ് ലാഹിരി പറയുന്നു. അനിരുദ്ധ് ലാഹിരിയായിരുന്നു കരിയറില്‍ ലീന നായരുടെ ആദ്യ മെന്റര്‍!
മൈസൂരില്‍ നിന്ന് ഐഎംഎഫിലേക്ക് അവിസ്മരണീയ യാത്ര!
2016-18 ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു ഗീതാ ഗോപിനാഥ്
ഏഴാം ക്ലാസ് വരെ 45 ശതമാനം മാര്‍ക്കൊക്കെ വാങ്ങിയിരുന്ന ഒരു പെണ്‍കുട്ടി ജനുവരി 21ന് അന്താരാഷ്ട്ര നാണയ നിധിയുടെ ഫസ്റ്റ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനമേറ്റെടുക്കുകയാണ്. ആ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജ! ഗീത ഗോപിനാഥ്.
കണ്ണൂര്‍ സ്വദേശി ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളായ ഗീതാ ഗോപിനാഥ് ഇന്ന് ലോകം ആദരിക്കുന്ന ഒരു ഇക്കണോമിസ്റ്റാണ്. പക്ഷേ താനൊരു Accidental Economist ആണെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് ഗീത തന്നെ.
സ്‌കൂള്‍ പഠനകാലത്ത് ശരാശരി വിദ്യാര്‍ത്ഥിയായിരുന്നു. ഏഴാം ക്ലാസ് വരെയൊക്കെ 45 ശതമാനം മാര്‍ക്കുവാങ്ങുന്ന സാധാരണ കുട്ടി. ഹൈസ്‌കൂള്‍ കാലമൊക്കെയായപ്പോള്‍ പഠനത്തിന്റെ ട്രാക്ക് മാറി. ''ഞാനെന്റെ കുട്ടികളോട് ഒരിക്കലും പഠിക്കാന്‍ നിര്‍ബന്ധിച്ചിരുന്നില്ല. കൂട്ടുകാര്‍ക്കൊപ്പം കളിയും പഠനവുമായി അവര്‍ കഴിഞ്ഞു. എസ്എസ്എല്‍സി വരെ എന്റെ രണ്ട് പെണ്‍കുട്ടികളും രാത്രി ഏഴരയൊക്കെയാവുമ്പോള്‍ ഉറങ്ങും. അതിരാവിലെ ഉണരും. അതായിരുന്നു ശീലം,'' ഒരു ഇംഗ്ലീഷ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗീത ഗോപിനാഥിന്റെ പിതാവ് ഗോപിനാഥ് പറയുന്നു.
മൈസൂരിലെ മഹാജന പിയു കോളെജില്‍ നിന്ന് പ്രീ യൂണിവേഴ്‌സിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയപ്പോള്‍ എന്‍ജിനീയറിംഗിനോ മെഡിസിനോ ചേരാനുള്ള നല്ല മാര്‍ക്കുണ്ടായിരുന്നുവെങ്കിലും ഇക്കണോമിക്‌സില്‍ ബിരുദമെടുക്കാനായിരുന്നു ഗീത ഗോപിനാഥിന്റെ തീരുമാനം.
ഇന്നത്തെ പോലെ ഉയര്‍ന്ന കട്ട് ഓഫ് മാര്‍ക്കായിരുന്നു അന്നുണ്ടായിരുന്നതെങ്കില്‍ ലേഡി ശ്രീറാം കോളെജില്‍ തനിക്ക് അഡ്മിഷന്‍ കിട്ടില്ലായിരുന്നുവെന്ന് ഗീത തന്നെ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. ഗിറ്റാറും റാമ്പും ഒക്കെ കോളെജ് കാലത്ത് കൂടെ കൂട്ടിയ ഗീത ഗോപിനാഥ് ഡെല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെത്തിയപ്പോള്‍ പൂര്‍ണ ശ്രദ്ധ പഠനത്തില്‍ മാത്രമായി. അതിനിടെ ഇന്ത്യന്‍ സിവില്‍ സര്‍വീസ് എന്ന ലക്ഷ്യവും ഗീതയ്ക്കുണ്ടായിരുന്നു. ബിരുദാനന്തര ബിരുദ പഠനക്കാലത്താണ് ഇക്ബാല്‍ സിംഗ് ധലീവാളിനെ ഗീത പരിചയപ്പെടുന്നത്. പിന്നീട് ഇവര്‍ വിവാഹിതരായി.
2001ല്‍ ഐഎഎസ് മോഹം പൂര്‍ണമായും ഉപേക്ഷിച്ച് യുഎസിലേക്ക് പഠനത്തിനായി ചേക്കേറി. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലും യൂണിവേഴ്‌സിറ്റി ഓഫ് പ്രിന്‍സ്റ്റണിലും പഠനം പൂര്‍ത്തിയാക്കി യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ചു. 2010ലാണ് ഹാര്‍വാര്‍ഡില്‍ പ്രൊഫസറാകുന്നത്. പിന്നീട് ഇവിടെ നിന്ന് ലീവെടുത്ത് അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റ് പദവിയിലെത്തി. ചീഫ് ഇക്കണോമിസ്റ്റ് പദവി ഒഴിഞ്ഞ് വീണ്ടും ഹാര്‍വാര്‍ഡിലേക്ക് തിരികെ പോകാന്‍ ഒരുങ്ങിയിരിക്കുമ്പോഴാണ് ഐഎംഎഫിന്റെ എഫ് ഡി എം ഡി പദവി ഗീതയെ തേടിയെത്തുന്നത്.
ഐഎംഎഫിലെ ആദ്യ വനിതാ ചീഫ് ഇക്കണോമിസ്റ്റ് കൂടിയാണ് ഗീത ഗോപിനാഥ്. കോവിഡ് മഹാമാരി, വാക്‌സിനേഷന്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ നിയന്ത്രണം മുതലായവയുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
2022 ന്റെ ആദ്യപകുതിയോടെ ലോകത്തെ 60 ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്‍ എത്തിച്ചുകൊണ്ട് കോവിഡിന് അറുതി വരുത്താന്‍ ലക്ഷ്യമിടുന്ന 50 ബില്യണ്‍ ഡോളറിന്റെ പദ്ധതി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കാണ് ഗീത ഗോപിനാഥ് വഹിച്ചത്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്തിനുള്ള നയരൂപീകരണത്തിനായി ഐഎംഎഫിനുള്ളില്‍ ഒരു ഗവേഷക സംഘത്തെ സജ്ജീകരിക്കുന്നതിലും ഗീത ഗോപിനാഥ് നേതൃപരമായ പങ്ക് നിര്‍വഹിച്ചിട്ടുണ്ട്.
''ശരിയായ സമയത്ത് ശരിയായ വ്യക്തി' നേതൃപദവി ഏറ്റെടുക്കുന്നുവെന്നാണ് ഗീതാ ഗോപിനാഥിന്റെ പുതിയ നിയമനത്തെക്കുറിച്ച് ക്രിസ്റ്റലീന ജോര്‍ജീവ പ്രതികരിച്ചത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് അംഗരാജ്യങ്ങള്‍ വലിയ സാമ്പത്തിക വെല്ലുവിളികള്‍ നേരിടു്‌ന സാഹചര്യത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം ലോകത്തെ മുന്‍നിര മാക്രോ ഇക്കണോമിസ്റ്റുകളില്‍ ഒരാള്‍ കൂടിയ ഗീത ഗോപിനാഥിന് ഉണ്ടെന്ന് വിശ്വസിക്കുന്നതായി ജോര്‍ജീവ ട്വിറ്ററില്‍ കുറിച്ചിരുന്നു.
I'm a workholic
തന്റെ യാത്ര ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗീത ഗോപിനാഥ് അടുത്തിടെ സൂചിപ്പിച്ചിരുന്നു. ''പക്ഷേ ഞാനൊരു വര്‍ക്ക്‌ഹോളിക് ആണ്. ദിവസത്തില്‍ ഏത് നേരവും ഉണര്‍ന്നിരുന്ന് ജോലി ചെയ്യാന്‍ മടിയോ പരിഭവമോ അതില്‍ പരാതിയോ ഇല്ല,'' യുവാക്കള്‍ക്കും പരിധിയില്ലാത്ത വിജയം നേടാന്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കും റോള്‍ മോഡലാക്കാവുന്ന ഗീത ഗോപിനാഥ് പറയുന്നു.
ഇന്ത്യയില്‍ തനിക്ക് ലഭിച്ച വിദ്യാഭ്യാസം ഏറെ മികച്ചതായിരുന്നുവെന്ന് അഭിപ്രായപ്പെടുന്ന ഗീത ഗോപിനാഥ് വിദേശ സര്‍വകലാശാലകളെ പോലെ മികവിന്റെ കേന്ദ്രങ്ങള്‍ രാജ്യത്ത് ഇനിയുമേറെ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.


Related Articles

Next Story

Videos

Share it