

നാല് മുതല്‍ ആറു മാസങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വണ്ടികളിലേതിന് തുല്യമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. കഴിഞ്ഞ മാര്‍ച്ചിലും സമാനമായ പ്രസ്താവന മന്ത്രി നടത്തിയിരുന്നു. ആറ് മാസത്തിനുള്ളില്‍ പെട്രോള്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒരേ വിലയാകുമെന്നായിരുന്നു അന്നത്തെ പ്രസ്താവന. കഴിഞ്ഞ ദിവസം നടന്ന ഫിക്കി ഹയര്‍ എഡ്യൂക്കേഷന്‍ സമ്മിറ്റില്‍ മന്ത്രി ഇക്കാര്യം ആവര്‍ത്തിച്ചു.
രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ബാറ്ററിയുടെ വില കിലോവാട്ട് അവറിന് 150 ഡോളറായിരുന്നു. ഇന്നത് 55-65 ഡോളറിന് ലഭിക്കും. അടുത്ത നാല് മുതല്‍ ആറ് മാസങ്ങള്‍ക്കുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ഇലക്ട്രിക് കാറുകള്‍, ഇലക്ട്രിക് ബസുകള്‍ എന്നിവയുടെ വില പെട്രോള്‍-ഡീസലിന് വാഹനങ്ങള്‍ക്ക് തുല്യമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ വിലയില്‍ നാല്‍പത് ശതമാനത്തോളം ചെലവാകുന്നത് അവയുടെ ബാറ്ററിക്കാണ്. ബാറ്ററിയുടെ വില കുറഞ്ഞാല്‍ ഇ.വിയുടെ വിലയും കുറയുമെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ വാഹന വിപണിയായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറയുന്നു. ഞാന്‍ ഗതാഗത മന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോള്‍ 14 ലക്ഷം കോടിയായിരുന്നു ഇന്ത്യന്‍ വാഹന വിപണിയുടെ മൂല്യം. ഇപ്പോഴത് 22 ലക്ഷം കോടി രൂപയായി മാറി. നിലവില്‍ ലോകത്തിലെ മൂന്നാമത്തെ വാഹന വിപണിയാണ് ഇന്ത്യ. 78 ലക്ഷം കോടി രൂപയുമായി യു.എസ്.എയും 47 ലക്ഷം കോടി രൂപയുമായി ചൈനയുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. പെട്രോളില്‍ എഥനോള്‍ ചേര്‍ക്കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ കര്‍ഷകര്‍ക്ക് 45,000 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചതായും ഗഡ്കരി വ്യക്തമാക്കി. ഇ20 പെട്രോളുമായി ബന്ധപ്പെട്ട് അടുത്തിടെ ഗതാഗത മന്ത്രാലയത്തിനെതിരെ ആരോപണമുയര്‍ന്നിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine