Begin typing your search above and press return to search.
ബൈക്ക് വില്‍പനയില്‍ രാജാവ് സ്‌പ്ലെണ്ടര്‍ തന്നെ, രണ്ടാം സ്ഥാനത്ത് പള്‍സറിനെ മറികടന്ന് സര്‍പ്രൈസ് എന്‍ട്രി
കലണ്ടര്‍ വര്‍ഷത്തിലെ ആദ്യ ഏഴ് മാസത്തിലെ ഇരുചക്രവാഹന വില്‍പ്പനയില്‍ ബജാജ് പള്‍സറിനെ മറികടന്ന് ഹോണ്ട ഷൈന്‍ രണ്ടാമതെത്തി. ഒന്നാം സ്ഥാനം നിലനിറുത്തിയ ഹീറോ സ്‌പ്ലെണ്ടര്‍ മറ്റ് മോഡലുകളേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും കണക്കുകള്‍ പറയുന്നു. ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 8,42,693 യൂണിറ്റുകളാണ് ബജാജ് പള്‍സര്‍ വിറ്റത്. എന്നാല്‍ സമാനകാലയളവില്‍ പത്ത് ലക്ഷത്തിലേറെ യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ഹോണ്ട ഷൈനിന് കഴിഞ്ഞു.
നേരത്തെ, പള്‍സര്‍ 125 സി.സിയുമായി വിപണിയില്‍ മത്സരിക്കാന്‍ ഹോണ്ട ഷൈനിന്റെ 125 സിസി പതിപ്പ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 100 സിസി പതിപ്പ് ഇറക്കിയതോടെ ഷൈനിന്റെ തലവര മാറി. ഇത് ഹോണ്ടയുടെ ആകെ വില്‍പ്പന കൂട്ടാനും സഹായിച്ചു. ഷൈനിന് പുറമെ ഹോണ്ടയുടെ മറ്റൊരു ജനപ്രിയ മോഡലായ യൂണിക്കോണിനും മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്നും ലഭിക്കുന്നത്. ജനുവരി-ജൂലൈ കാലയളവില്‍ 1,63,090 യൂണിറ്റ് യൂണികോണുകളാണ് ആളുകള്‍ വാങ്ങിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഇരുചക്ര വാഹനങ്ങളില്‍ ഒമ്പതാം സ്ഥാനമാണ് യൂണികോണിനുള്ളത്.
പള്‍സറിന് തൊട്ടുപിന്നില്‍ നാലാം സ്ഥാനത്തെത്തിയത് ഹീറോയുടെ എച്ച്.എഫ് ഡീലക്‌സാണ്. 8,42,693 യൂണിറ്റുകളാണ് ഡീലക്‌സിന് വില്‍ക്കാനായത്. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ബജാജ് പ്ലാറ്റിന ബൈക്കുകള്‍ക്ക് ഇത്തവണ വേണ്ടത്ര രീതിയില്‍ മുന്നേറാനായില്ല. 2,29,604 യൂണിറ്റുകള്‍ മാത്രം വിറ്റ പ്ലാറ്റിന ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ടി.വി.എസിന്റെ റൈഡര്‍, അപ്പാച്ചെ തുടങ്ങിയ മോഡലുകളാണ് അഞ്ചും ആറും സ്ഥാനത്തെത്തിയത്.
എട്ടാം സ്ഥാനത്ത് സാക്ഷാല്‍ ബുള്ളറ്റ്
റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയ മോഡലായ ക്ലാസിക്കിനാണ് വില്‍പ്പനയില്‍ എട്ടാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 14.2 ശതമാനം വളര്‍ച്ചയോടെ 1,81,262 യൂണിറ്റ് ക്ലാസിക്കുകളാണ് നിരത്തിലെത്തിയത്. ക്ലാസിക് ശ്രേണിയില്‍ പുതിയ വാഹനം അടുത്ത് വരാനിരിക്കെ വില്‍പ്പന ഇനിയും കൂടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഒന്നാം സ്ഥാനം സ്‌പ്ലെണ്ടര്‍ നിലനിറുത്തിയതിങ്ങനെ
ജനുവരി മുതലുള്ള ഏഴ് മാസക്കാലത്ത് ഏറ്റവും കൂടുതല്‍ ഇരുചക്ര വാഹനങ്ങള്‍ വില്‍പ്പന നടത്തിയതിനുള്ള ക്രെഡിറ്റ് ഹീറോ സ്‌പ്ലെണ്ടറിനാണ്. 19,71,227 യൂണിറ്റുകളാണ് ഹീറോ സ്‌പ്ലെണ്ടര്‍ ശ്രേണിയില്‍ വിറ്റത്. രാജ്യത്ത് ഗിഗ് ജോലികള്‍ വ്യാപകമായതാണ് ഇത്തരം വാഹനങ്ങളുടെ വില്‍പ്പന വര്‍ധിക്കാന്‍ കാരണമായതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. പോക്കറ്റിനിണങ്ങുന്നതും വിശ്വസിക്കാനാവുന്നതുമായ വാഹനങ്ങളാണ് നിലവില്‍ ആളുകള്‍ക്കാവശ്യം. ബഡ്ജറ്റ് വിലയില്‍ മികച്ച എന്‍ട്രി ലെവല്‍ ബൈക്കെന്ന നിലയില്‍ സ്‌പ്ലെണ്ടര്‍ തിരഞ്ഞെടുക്കുന്നവര്‍ കൂടുതലാണ്. കേരളത്തില്‍ ന്യൂജെന്‍ പിള്ളേര്‍ക്കിടയിലും സ്‌പ്ലെണ്ടര്‍ ഹിറ്റാണ്. രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഹീറോയുടെ സര്‍വീസ് ശൃംഖലയും സ്പ്‌ളെണ്ടറിന് തുണയായി.
Next Story