സര്‍ക്കാരിന്റെ എഥനോള്‍ നയം: കാര്‍ ഉടമകള്‍ക്ക് തിരിച്ചടി, മൈലേജ് ഇല്ല, പൊല്യൂഷന്‍ ടെസ്റ്റിലും തോല്‍വി

കരിമ്പ്, ചോളം, ബാര്‍ലി എന്നിവയുടെ കാര്‍ഷികാവശിഷ്ടത്തില്‍ നിന്ന് വാറ്റിയെടുക്കുന്ന എഥനോള്‍ (ഈഥൈല്‍ ആല്‍ക്കഹോള്‍) പെട്രോളില്‍ കലര്‍ത്താനുള്ള പദ്ധതി കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
നിലവില്‍ ഇന്ത്യ ഒരു ലിറ്റര്‍ പെട്രോളില്‍ 10 ശതമാനമെങ്കിലും എഥനോള്‍ കലര്‍ത്തിയാണ് വില്‍ക്കുന്നത്. 20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ (E20 petrol) വിൽപനയും ആരംഭിച്ചിട്ടുണ്ട്. കേരളത്തിലും ഇപ്പോൾ നിരവധി പമ്പുകളിൽ ഇ20 പെട്രോളാണ് വിതരണം ചെയ്യുന്നത്.
2025-26ഓടെ ഇ20 ഇന്ധനം രാജ്യമെമ്പാടും വ്യാപകമാക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളത്. ഡീസലിലും എഥനോൾ ചേർത്തുതുടങ്ങിയിട്ടുണ്ടെങ്കിലും ഇത് 5 ശതമാനമേയുള്ളൂ.
പെട്രോളില്‍ എഥനോള്‍ കലര്‍ത്തുമ്പോള്‍ ക്രൂഡോയില്‍ ഇറക്കുമതി ആനുപാതികമായി കുറയ്ക്കാമെന്നും അതുവഴി സാമ്പത്തികലാഭം കൈവരിക്കാമെന്നും കേന്ദ്രം വാദിക്കുന്നു. ഉപഭോഗത്തിനുള്ള ക്രൂഡോയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.
മാത്രമല്ല, എഥനോളിനായി കരിമ്പ്, ചോളം തുടങ്ങിയ കൃഷികളെ ആശ്രയിക്കേണ്ടി വരുമെന്നത് കര്‍ഷകര്‍ക്കും അധികവരുമാനം നേടാന്‍ സഹായകമാകുമെന്ന് കേന്ദ്രം പറയുന്നു. സാധാരണ പെട്രോളിനെ അപേക്ഷിച്ച് ഇ20 പെട്രോളിന് മലിനീകരണത്തോത് കുറവായതിനാൽ പരിസ്ഥിതിസൗഹൃദമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
പൂസായി വണ്ടുകള്‍, കേടായി വാഹനങ്ങള്‍
ഈഥൈല്‍ ആല്‍ക്കഹോള്‍ അഥവാ എഥനോള്‍ കുടിച്ച് 'പൂസാകാന്‍' ഒരിനം കരിവണ്ടുകള്‍ (തുരപ്പന്‍ വീവില്‍ വണ്ടുകള്‍) എത്തുന്നത് വാഹന ഉടമകള്‍ക്കാണ് ശല്യമാകുന്നത്. എഥനോള്‍ അകത്താക്കാനായി ഈ വണ്ടുകള്‍ വാഹനത്തില്‍ ഇന്ധനമൊഴുകുന്ന റബര്‍ പൈപ്പുകള്‍ തുരക്കുകയാണ്.
ടാങ്കില്‍ നിന്ന് എന്‍ജിനിലേക്ക് ഇന്ധനമൊഴുകുന്ന പൈപ്പുകളിലാണ് ഇവര്‍ ദ്വാരങ്ങളിടുന്നത്. പൈപ്പ് പൊട്ടി ഇന്ധനം ചോരുക, ഇന്ധനം ചോര്‍ന്ന് തീപിടിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. മാത്രമല്ല, എഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിച്ചാൽ സാധാരണ ഇന്ധനക്ഷമതയും ആക്സിലറേഷനും കുറവുമായിരിക്കും. ഇതും വാഹന ഉടമകളെ വലയ്ക്കുകയാണ്.
രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
വാഹന വിശകലനരംഗത്തെ പ്രമുഖരായ ടീം ബി.എച്ച്.പിയുടെ വെബ്‌സൈറ്റില്‍ അടുത്തിടെ മലയാളിയായ ഒരു വാഹന ഉടമ ഇട്ട കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിനുള്ളത് 2021 മോഡല്‍ എക്‌സ്.എല്‍6 കാറാണ്. 20,000ലധികം കിലോമീറ്റര്‍ ഓടിയിട്ടുമുണ്ട്. ഇ20 ഇന്ധനം നിറയ്ക്കുന്നത് മൂലം മൈലേജ് കുറയുന്നതായി അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ടോർക്കും കുറഞ്ഞത് ആക്സിലറേഷനെയും ബാധിച്ചിരുന്നു.
അടുത്തിടെ വാഹനം പരിശോധിച്ചപ്പോള്‍ ഇന്ധനത്തിന്റെ റബര്‍പ്പൈപ്പ് വണ്ടുകള്‍ തുരന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഒരിക്കല്‍ കുടുംബവുമൊത്ത് സഞ്ചരിച്ചപ്പോൾ ഇന്ധനച്ചോർച്ച ശ്രദ്ധയിൽപ്പെട്ടു. വാഹനത്തിന് തീപിടിക്കാതിരുന്നത് ഭാഗ്യം കൊണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഓമ്‌നി കാറും സമാന പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2021ലോ ശേഷമോ വിപണിയിലെത്തിയ വാഹനങ്ങള്‍പോലും പുകപരിശോധനയില്‍ പരാജയപ്പെടുന്നതിന് പിന്നിലും വില്ലന്‍ എഥനോളാണെന്ന് അദ്ദേഹം സംശയിക്കുന്നു. ഒരു പരിചയക്കാരന്റെ എക്‌സ്.എല്‍6 കാർ പുകപരിശോധനയിൽ പരാജയപ്പെട്ടത് അറിഞ്ഞപ്പോഴും തനിക്ക് തോന്നിയത് പ്രശ്നം ഇതുതന്നെ ആകുമെന്നായിരുന്നു.
2018നോ അതിനുമുമ്പോ ഇറങ്ങിയ വാഹനങ്ങളായിരുന്നു പൊല്യൂഷന്‍ ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ 2021 മോഡല്‍ വണ്ടികളും സമാന പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
കേന്ദ്രം കനിയണം
എഥനോള്‍ കലര്‍ത്തിയ അഥവാ ഇ20 ഇന്ധനം വിപണിയില്‍ ഇറക്കുന്നതിനൊപ്പം എഥനോൾ അംശമില്ലാത്ത ഇന്ധനവും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് വാഹന ഉടമ ആവശ്യപ്പെടുന്നു. എഥനോളില്ലാത്ത ഇന്ധനത്തിന് വില കൂട്ടി വില്‍പന നടത്തിയാലും പ്രശ്‌നമില്ല.
ഇ20 ഇന്ധനം നിറച്ച് വാഹനത്തിനും യാത്രക്കാരുടെ ജീവനും ഭീഷണിയാകുന്നതിനേക്കാള്‍ ഭേദമായിരിക്കും അതെന്നും അദ്ദേഹം പറയുന്നു. അല്ലാത്തപക്ഷം 15 വര്‍ഷത്തെ റോഡ് നികുതിയുള്‍പ്പെടെ അടച്ച് വാഹനം റോഡിലിറക്കുന്നവരോട് കാട്ടുന്ന അനീതിയായി അത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
നിരവധി വാഹന നിർമ്മാതാക്കൾ വിപണിയിലെത്തിച്ച പല വാഹനങ്ങളും ഇ20 ഇന്ധനത്തിന് അനുസൃതമായി നിർമ്മിച്ചവയല്ലെന്ന പോരായ്മകളുമുണ്ട്.
വല്ലാത്ത പണച്ചെലവ്
ഇന്ധനപ്പൈപ്പ് വണ്ട് തുരന്ന് നശിപ്പിച്ചെന്ന നിരവധി പരാതികള്‍ കേരളത്തില്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. വാഹനം ഓടുമ്പോഴാണ് ടാങ്കില്‍ നിന്ന് ഈ കുഴല്‍ വഴി എന്‍ജിനിലേക്ക് ഇന്ധനമെത്തുക.
അതിനാല്‍, വാഹനം ഓഫ് ആയിരിക്കുന്ന സമയത്ത് പ്രശ്‌നം ശ്രദ്ധയില്‍പ്പെടില്ല. വാഹനം ഓടുമ്പോള്‍ ദ്വാരങ്ങളിലൂടെ ഇന്ധനം ചോര്‍ന്നുപോകും. വണ്ടി വഴിയില്‍ നില്‍ക്കുമ്പോഴാകും പലരും ഇത് ശ്രദ്ധിക്കുക.
പുതിയ റബര്‍പൈപ്പ് വാങ്ങിയിടാനായി 2,000 മുതല്‍ 6,000 രൂപവരെ ചെലവ് വരുന്നതായി വാഹന ഉടമകള്‍ പറയുന്നു. മോദി സര്‍ക്കാരിന്റെ 'എഥനോള്‍ നയം' ശരിക്കും വാഹനത്തിനും പ്രകൃതിക്കും നല്ലതാണോ? വിശദാംശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ (Click here for the details).
Related Articles
Next Story
Videos
Share it